India

ജെഎന്‍യു അക്രമം: വിവരങ്ങള്‍ കൈമാറാന്‍ ആപ്പിള്‍, വാട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ കമ്പനികള്‍ക്ക് നോട്ടീസ്

അക്രമസംഭവങ്ങളിലെ തെളിവുകളായ സിസിടിവി ഫൂട്ടേജ്, ടെക്സ്റ്റ്, വീഡിയോ സന്ദേശങ്ങള്‍ എന്നിവ വീണ്ടെടുക്കാനാണ് ടെക് കമ്പനികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ജെഎന്‍യു പ്രഫസര്‍മാരായ അമിത് പരമേശ്വരന്‍, ശുക്ല സാവന്ത്, അതുല്‍ സൂദ് എന്നീ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ നോട്ടീസ്.

ജെഎന്‍യു അക്രമം: വിവരങ്ങള്‍ കൈമാറാന്‍ ആപ്പിള്‍, വാട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ കമ്പനികള്‍ക്ക് നോട്ടീസ്
X

ന്യൂഡല്‍ഹി: ജനുവരി അഞ്ചിന് ജെഎന്‍യുവിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ആപ്പിള്‍, വാട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ എന്നീ കമ്പനികള്‍ക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. അക്രമസംഭവങ്ങളിലെ തെളിവുകളായ സിസിടിവി ഫൂട്ടേജ്, ടെക്സ്റ്റ്, വീഡിയോ സന്ദേശങ്ങള്‍ എന്നിവ വീണ്ടെടുക്കാനാണ് ടെക് കമ്പനികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ജെഎന്‍യു പ്രഫസര്‍മാരായ അമിത് പരമേശ്വരന്‍, ശുക്ല സാവന്ത്, അതുല്‍ സൂദ് എന്നീ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ നോട്ടീസ്. യൂനിറ്റി എഗെയ്ന്‍സ്റ്റ് ലെഫ്റ്റ്, ഫ്രണ്ട്‌സ് ഓഫ് ആര്‍എസ്എസ് എന്നീ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലെ വിവരങ്ങള്‍ വീണ്ടെടുത്ത് പരിശോധിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതി നിര്‍ദേശം. ജെഎന്‍യുവില്‍ അതിക്രമം നടന്ന രാത്രിയില്‍ കൈമാറ്റം ചെയ്യപ്പെട്ട ചിത്രങ്ങള്‍, മെസേജുകള്‍, വീഡിയോകള്‍ എന്നിവ പരിശോധിക്കണമെന്നാണ് ആവശ്യം.

അതേസമയം, അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം സുരക്ഷിതമായി സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് സര്‍വകലാശാല അധികൃതര്‍ക്ക് കത്ത് നല്‍കിയതായി ഡല്‍ഹി പോലിസിന്റെ അഭിഭാഷകന്‍ രാഹുല്‍ മെഹ്‌റ കോടതിയെ അറിയിച്ചു. എന്നാല്‍, ഡല്‍ഹി പോലിസിന് ഇതുവരെ സര്‍വകലാശാലയില്‍നിന്ന് ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. രണ്ട് വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലെ വിവരങ്ങള്‍ ആരാഞ്ഞ് വാട്‌സ് ആപ്പിന് കത്തയച്ചതായും മറുപടിക്കായി കാത്തിരിക്കുകയാണെന്നും പോലിസ് കോടതിയില്‍ വ്യക്തമാക്കി. ജനുവരി അഞ്ചിന് രാത്രിയാണ് മുഖംമൂടി ധരിച്ച ഒരുകൂട്ടം ആക്രമികള്‍ ജെഎന്‍യു കാംപസിനകത്ത് ആക്രമം അഴിച്ചുവിട്ടത്. മാരകായുധങ്ങളുമായി മൂന്ന് ഹോസ്റ്റലുകളും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും ആക്രമിക്കപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക് നേരേ ക്രൂരമായ മര്‍ദനമുണ്ടായി. ജെഎന്‍യു സ്റ്റുഡന്റ് യൂനിയന്‍ അധ്യക്ഷ ഐഷി ഘോഷിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അധ്യാപകര്‍ക്കും പരിക്കേറ്റു.

ഫ്രണ്ട്‌സ് ഓഫ് ആര്‍എസ്എസ്, യൂനിറ്റി എഗെയ്ന്‍സ്റ്റ് ലെഫ്റ്റ് എന്നീ വാട്‌സ് ആപ് ഗ്രൂപ്പുകളാണ് ആക്രമങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഉപയോഗിക്കപ്പെട്ടതെന്നാണ് പരാതിക്കാരുടെ വാദം. ഈ ചാറ്റ് വിശദാംശങ്ങള്‍ വീണ്ടെടുക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പോലിസ് കമ്മീഷണര്‍ക്ക് പലവട്ടം പെറ്റീഷന്‍ നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹരജിക്കാര്‍ പരാതിപ്പെടുന്നു. വാട്‌സ് ആപ്പിന്റെ പ്രൈവസി പോളിസിയനുസരിച്ച് സ്വകാര്യസംഭാഷണങ്ങള്‍ നിയമ ആവശ്യങ്ങള്‍ക്കായ സൂക്ഷിക്കാന്‍ പ്രത്യേക അപേക്ഷയോ നിര്‍ദേശമോ ഏതെങ്കിലും ലഭിക്കാതെ ഇവ സൂക്ഷിച്ചുവയ്ക്കുകയോ കൈമാറുകയോ ചെയ്യാറില്ല. അഭിഭാഷകരായ മാനവ്കുമാര്‍, അഭി ചിംനി, റോഷിനി നമ്പൂതിരി എന്നിവര്‍ മുഖേനയാണ് പ്രഫസര്‍മാര്‍ ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്.

Next Story

RELATED STORIES

Share it