India

കശ്മീരിലെ നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഡല്‍ഹിയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍

മോത്തി നഗറിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി അറിയിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വസീറിന്റെ മൃതദേഹം ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലിസ് പറഞ്ഞു.

കശ്മീരിലെ നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഡല്‍ഹിയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍
X

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ മുന്‍ എംഎല്‍സിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ത്രിലോചന്‍ സിങ് വസീറിനെ ഡല്‍ഹിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മോത്തി നഗറിലെ അപ്പാര്‍ട്ട്‌മെന്റിലാണ് മൃതദേഹം ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മോത്തി നഗര്‍ പോലിസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയത് അന്വേഷണം തുടങ്ങി. അപ്പാര്‍ട്ട്‌മെന്റിലെ കുളിമുറിയിലാണ് വസീറിന്റെ മൃതദേഹം കാണപ്പെട്ടത്. മോത്തി നഗറിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി അറിയിച്ചതിനെത്തുടര്‍ന്ന് പോലിസ് ഉദ്യോഗസ്ഥരുടെ സംഘം നടത്തിയ പരിശോധനയിലാണ് വസീറിന്റെ മൃതദേഹം ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലിസ് പറഞ്ഞു.

അപ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ അകത്തുനിന്ന് പൂട്ടിയിരുന്നില്ല. എന്നാല്‍, വാതില്‍ പുറത്തുനിന്ന് കുറ്റിയിട്ടിരിക്കുകയായിരുന്നു. വസീറിന്റെ മൊബൈല്‍ ഫോണ്‍ മൃതദേഹത്തിനരികില്‍നിന്ന് കണ്ടെത്തിയതായി പോലിസ് പറഞ്ഞു. പോലിസ് പറയുന്നതനുസരിച്ച് ഹര്‍പ്രീത് സിങ് ഖല്‍സ എന്നയാള്‍ ത്രിലോചന്‍ സിങ് വസീറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ മുറി വാടകയ്‌ക്കെടുത്തിരുന്നു. ഖല്‍സ ഒളിവിലാണെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്നും പോലിസ് പറഞ്ഞു. വസീറിന്റെ കുടുംബവുമായി ബന്ധപ്പെടാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ജമ്മു കശ്മീര്‍ പോലിസ് ഡല്‍ഹി പോലിസിനെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഡിസിപി വെസ്റ്റ് ഡല്‍ഹി ഉര്‍വിജ ഗോയല്‍ പറഞ്ഞു.

സപ്തംബര്‍ 3 ന് വസീര്‍ ഡല്‍ഹിയില്‍നിന്ന് കാനഡയിലേക്ക് പോവേണ്ടതായിരുന്നു. എന്നാല്‍, അദ്ദേഹം വിമാനത്താവളത്തിലെത്തിയില്ല. വീട്ടുകാര്‍ അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും വസീര്‍ മോട്ടി നഗറിലെ അപ്പാര്‍ട്ട്‌മെന്റില്‍ എങ്ങനെ എത്തിച്ചേര്‍ന്നുവെന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 'എന്റെ സഹപ്രവര്‍ത്തകന്‍ വസീറിന്റെ പെട്ടെന്നുള്ള മരണവാര്‍ത്ത ഞെട്ടിക്കുന്നതാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ജമ്മുവില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ- ജമ്മു കശ്മീര്‍ നാഷനല്‍ കോണ്‍ഫറന്‍സ് (ജെകെഎന്‍സി) നേതാവും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു.

Next Story

RELATED STORIES

Share it