India

ഇന്ത്യയുടെ കൊവിഷീല്‍ഡിനും കൊവാക്‌സിനും 96 രാജ്യങ്ങളുടെ അംഗീകാരം

ഇന്ത്യയുടെ കൊവിഷീല്‍ഡിനും കൊവാക്‌സിനും 96 രാജ്യങ്ങളുടെ അംഗീകാരം
X

ന്യൂഡല്‍ഹി: ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കൂടുതല്‍ രാജ്യങ്ങളുടെ അംഗീകാരം ലഭിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. 96 രാജ്യങ്ങളാണ് ഇന്ത്യയുടെ കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിച്ചത്. രണ്ട് വാക്‌സിനുകളും ലോകാരോഗ്യസംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള വാക്‌സിനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവരെ എട്ട് വാക്‌സിനുകളാണ് ലോകാരോഗ്യസംഘടനയുടെ പട്ടികയിലുള്ളത്. ഇതില്‍ രണ്ടെണ്ണം ഇന്ത്യന്‍ വാക്‌സിനുകളാണ്.

ലോകത്തിലെ 96 രാജ്യങ്ങള്‍ ഈ രണ്ട് വാക്‌സിനുകളും അംഗീകരിച്ചിട്ടുണ്ട്- മാണ്ഡവ്യ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ഇതോടെ ഈ രാജ്യങ്ങളിലേക്ക് തൊഴില്‍ ആവശ്യത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും പോവുന്ന ഇന്ത്യക്കാര്‍ക്ക് സൗകര്യമാവും. ഈ 96 രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് നിലവിലുള്ള കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവുകള്‍ അനുവദിക്കും. കൊവിന്‍ ആപ്പില്‍നിന്നും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് യാത്രയ്ക്ക് ഉപയോഗിക്കാം. കൊവിഷീല്‍ഡ് വാക്‌സിന്‍, ലോകാരോഗ്യ സംഘടന അംഗീകരിച്ച മറ്റ് വാക്‌സിനുകള്‍ എന്നിവ സ്വീകരിച്ചവര്‍ക്ക് വിദ്യാഭ്യാസം, ടൂറിസം, ബിസിനസ് ആവശ്യങ്ങള്‍ക്ക് ഈ രാജ്യങ്ങളില്‍ പോവാന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ചിട്ടുണ്ട്. ഇവിടെ നിന്നുളള യാത്രക്കാര്‍ക്കും ഇന്ത്യയില്‍ കൊവിഡ് ഇളവ് ലഭിക്കും.

ബ്രിട്ടണ്‍, അമേരിക്ക, ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മനി, കാനഡ, സ്വിറ്റ്‌സര്‍ലാന്റ്, നെതര്‍ലാന്റ്‌സ്, മാലി, ഘാന, സിയറ ലിയോണ്‍, സെര്‍ബിയ, ആസ്‌ത്രേലിയ, സ്‌പെയിന്‍, ബെല്‍ജിയം, റഷ്യ തുടങ്ങിയ വിവിധ രാജ്യങ്ങള്‍ ഈ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ചവയാണ്. നവംബര്‍ 22ന് ശേഷം ഇന്ത്യയിലെ കൊവാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുളളവര്‍ക്ക് ബ്രിട്ടണ്‍ പ്രവേശനത്തിന് അനുമതി നല്‍കിയിരുന്നു.

കൊവാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവരെ നവംബര്‍ 22ന് ശേഷം ക്വാറന്റൈനില്ലാതെ ബ്രിട്ടനില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കും. ഇതുവരെ 109.08 കോടി ഡോസ് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. പ്രശ്‌നരഹിതമായ അന്താരാഷ്ട്ര യാത്ര സുഗമമാക്കുന്നതിന് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരസ്പരം തിരിച്ചറിയുന്നതിനായി ആരോഗ്യ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും എല്ലാ രാജ്യങ്ങളുമായും ആശയവിനിമയം തുടര്‍ന്നും നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മാണ്ഡവ്യ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it