Top

കൊറോണ ബാധ: രാജ്യത്തെ നിയന്ത്രണങ്ങള്‍ സ്വാഗതാര്‍ഹം; സഹായ നടപടികള്‍ സ്വീകരിക്കണം-പോപുലര്‍ ഫ്രണ്ട്

കൊറോണ ബാധ: രാജ്യത്തെ നിയന്ത്രണങ്ങള്‍ സ്വാഗതാര്‍ഹം; സഹായ നടപടികള്‍ സ്വീകരിക്കണം-പോപുലര്‍ ഫ്രണ്ട്

ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തെ പ്രതിരോധിക്കാന്‍ രാജ്യത്ത് അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തിയതിനെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം സ്വാഗതം ചെയ്തു. അതേസമയം, ഇത്തരം വലിയ തോതിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു മുന്നോടിയായി മതിയായ തയ്യാറെടുപ്പുകള്‍ നടത്താതിരുന്നതില്‍ അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രോഗബാധിതരുടെ എണ്ണം സ്ഥിരമായി കൂടിക്കൊണ്ടിരിക്കുന്നത് ഇന്ത്യയുടെ പൊതുജനാരോഗ്യ രംഗത്ത് കൊവിഡ് 19 വലിയ വെല്ലുവിളിയുയര്‍ത്തുന്നതിന്റെ സൂചനയാണ്. ഈ മഹാവിപത്തിനെ പ്രതിരോധിക്കാനായി ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള നിലവിലുള്ള ഏകമാര്‍ഗം സാമൂഹ്യ അകലം പാലിക്കുക എന്നതാണ്. ഇതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മൂന്നാഴ്ചത്തെ കര്‍ഫ്യൂവിനെയും സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മറ്റ് നിയന്ത്രണങ്ങളെയും പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ സ്വാഗതം ചെയ്തു. ഇത്തരം നടപടികളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും അതുവഴി നമുക്ക് ഈ വെല്ലുവിളിയെ മറികടക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, പൗരന്‍മാരുടെ സ്വാഭാവികമായ ആശങ്കകളെ അഭിമുഖീകരിക്കാനുള്ള കൃത്യമായ മുന്നൊരുക്കങ്ങളില്ലാതെ, പ്രധാനമന്ത്രി നാടകീയമായി 21 ദിവസം നീണ്ടുനില്‍ക്കുന്ന രാജ്യവ്യാപക കര്‍ഫ്യൂ പ്രഖ്യാപിച്ചത് നിരാശാജനകമാണ്. ഇത്തരമൊരു പ്രഖ്യാപനം ജനങ്ങള്‍ക്കിടയില്‍ അനാരോഗ്യകരമായ പരിഭ്രാന്തിയാണ് സൃഷ്ടിച്ചിട്ടുള്ളത്. കൊറോണ ബാധ മൂലം രാജ്യം നേരിടുന്ന അടിയന്തര സാഹചര്യത്തെ നേരിടാന്‍, പ്രധാനമന്ത്രി പ്രഖ്യാപിച്ച 15000 കോടി രൂപ അപര്യാപ്തമാണ്. രാജ്യത്തെ മഹാഭൂരിഭാഗം വരുന്ന പാവപ്പെട്ട ദിവസക്കൂലിക്കാരെ സഹായിക്കുന്നതിനും ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്തുന്നതിനുമുള്ള യാതൊരും നടപടികളും പ്രധാനമന്ത്രിയുടെ പ്രസംഗത്തിലുണ്ടായില്ല. ജനങ്ങള്‍ വൈറസ് ബാധമൂലം മരിച്ചുവീഴുന്നത് തടയാന്‍, അവരെ പട്ടിണിക്ക് വിട്ടുകൊടുക്കുകയല്ല ചെയ്യേണ്ടത്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ ഉറപ്പാക്കുക എന്നത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ബാധ്യതയാണ്. രാജ്യം സാധാരണനിലയിലേക്ക് തിരിച്ചെത്തുന്നതുവരെ താഴെപ്പറയുന്ന സഹായ നടപടികള്‍ കൈക്കൊള്ളണമെന്ന് പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

1. ദാരിദ്ര്യ രേഖക്ക് താഴെയുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും പ്രത്യേക പ്രതിമാസ അലവന്‍സ് വിതരണം ചെയ്യണം.

2. പൊതുവിതരണ സംവിധാനം(റേഷന്‍ കടകള്‍) വഴി ആവശ്യക്കാര്‍ക്ക് മുഴുവന്‍ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യുക.

3. വിലക്കയറ്റവും ഭക്ഷ്യക്ഷാമവും ഇല്ലെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ പ്രഖ്യാപിക്കുക.

4. ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയുടെ ചരക്കുനീക്കത്തെ കര്‍ഫ്യൂ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തുക.

5. പരിമിതമായ സമയത്തിനുള്ളില്‍ സാധനങ്ങള്‍ വാങ്ങാനുള്ള തിരക്കും പരിഭ്രാന്തിയും ഒഴിവാക്കുന്നതിന് അവശ്യസാധാനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ദിവസം മുഴുവന്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക.

വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ പട്ടിണി മൂലവും അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാവാത്തതു മൂലവും അസ്വസ്ഥമാവുകയും അച്ചടക്കം ലംഘിക്കുകയും ചെയ്യുന്നത് ഒഴിവാക്കേണ്ടത് സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും ബാധ്യതയാണെന്നും ഒ എം എ സലാം ഓര്‍മ്മിപ്പിച്ചു.
Next Story

RELATED STORIES

Share it