India

വിദേശത്തുള്ള രാഹുല്‍ തിരിച്ചെത്തിയാല്‍ പ്രവര്‍ത്തക സമിതി യോഗം; അധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനമായേക്കും

വിദേശത്തുള്ള രാഹുല്‍ തിരിച്ചെത്തിയാല്‍ പ്രവര്‍ത്തക സമിതി യോഗം; അധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനമായേക്കും
X

ന്യൂഡല്‍ഹി: വിദേശത്തുള്ള രാഹുല്‍ ഗാന്ധി തിരിച്ചെത്തിയാല്‍ ഉടന്‍ പ്രവര്‍ത്തക സമിതി യോഗം ചേരാന്‍ കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്തെ കുറിച്ച് പ്രവര്‍ത്തക സമിതി യോഗത്തില്‍ അന്തിമ തീരുമാനമുണ്ടായേക്കുമെന്നാണ് കരുതുന്നത്. അധ്യക്ഷ സ്ഥാനത്തേക്കു നിരവധി പേരുകള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നത് ദുഷ്‌കരം തന്നെയാവും.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം വിടാന്‍ തീരുമാനിച്ചത്. എന്നാല്‍ രാഹുലിന്റെ രാജി പ്രവര്‍ത്തക സമിതി സ്വീകരിച്ചിട്ടില്ലെന്നും അതിനാല്‍ തന്നെ പാര്‍ട്ടിക്ക് അധ്യക്ഷനില്ലെന്നു പറയാനാവില്ലെന്നും എഐസിസി ജനറല്‍സെക്രട്ടറിയും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് പറഞ്ഞു.

അതിനിടെ അധ്യക്ഷ സ്ഥാനത്തേക്കു പ്രിയങ്കയെ പരിഗണിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നേതാക്കളടക്കം നിരവധി പേരാണ് ഇക്കാര്യമാവശ്യപ്പെട്ട് രംഗത്തെത്തിയത്. അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധിയെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായി നട്‌വര്‍ സിങ് അടക്കമുള്ളവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഗാന്ധി കുടുംബത്തില്‍ നിന്നല്ലാതെ ആരെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ പാര്‍ട്ടി പിളരുമെന്നായിരുന്നു നട്‌വര്‍ സിങിന്റെ പ്രസ്താവന. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പ്രിയങ്ക സന്ദര്‍ശിച്ചതും അവരെ പോലിസ് തടഞ്ഞുവച്ച സംഭവങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു നട്‌വര്‍സിങിന്റെ പ്രസ്താവന. അധികാരികള്‍ തടഞ്ഞപ്പോള്‍ അവിടെ ഇരുന്ന് തന്റെ ആവശ്യം നേടിയെടുക്കുകയാണ് പ്രിയങ്ക ചെയ്തത്. പാര്‍ട്ടിയെ നയിക്കാന്‍ അവര്‍ക്ക് കഴിവുണ്ട്. സോന്‍ഭദ്ര സന്ദര്‍ശനത്തിലൂടെ പ്രിയങ്ക അതു തെളിയിച്ചുവെന്നും നട്‌വര്‍ സിങ് പറഞ്ഞിരുന്നു. പ്രിയങ്കയെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പിന്തുണച്ച് മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മകന്‍ അനില്‍ ശാസ്ത്രിയും മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകനും എംപിയുമായ അഭിജിത്ത് മുഖര്‍ജിയും രംഗത്തെത്തിയിരുന്നു.

എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനില്ലെന്നു വ്യക്തമാക്കി പ്രിയങ്ക ഗാന്ധി തന്നെ രംഗത്തെത്തിയതായും റിപോര്‍ട്ടുകളുണ്ട്‌

Next Story

RELATED STORIES

Share it