India

പശുകടത്താരോപണം; തെലങ്കാനയില്‍ സംഘര്‍ഷം; 13 ബിജെപി-യുവമോര്‍ച്ച നേതാക്കള്‍ അറസ്റ്റില്‍

പശുകടത്താരോപണം; തെലങ്കാനയില്‍ സംഘര്‍ഷം; 13 ബിജെപി-യുവമോര്‍ച്ച നേതാക്കള്‍ അറസ്റ്റില്‍
X

ഹൈദരാബാദ്: ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ തെലങ്കാനയിലെ മേദക്കില്‍ നിരോധനാജ്ഞ. ഘോഷാമഹല്‍ എംഎല്‍എ രാജാ സിംഗ് അടക്കം 13 ബിജെപി, യുവമോര്‍ച്ച നേതാക്കള്‍ അറസ്റ്റിലായി. പശുക്കളെ കടത്തിയെന്നാരോപിച്ച് ഇന്നലെ ആറ് യുവാക്കള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. ഇതിലൊരാള്‍ക്ക് കുത്തേറ്റു, മറ്റുള്ളവര്‍ക്ക് ക്രൂരമായി വടികള്‍ കൊണ്ടടക്കം മര്‍ദ്ദനമേല്‍ക്കുകയും ചെയ്തിരുന്നു. ചികിത്സയ്ക്കായി ഇവരെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായി.

ഇരുന്നൂറോളം പേര്‍ വരുന്ന അക്രമി സംഘം ആശുപത്രി തല്ലിത്തകര്‍ത്തു. ഇവരെ ചികിത്സിച്ച ഡോ. നവീന്റെ വാഹനം അടിച്ച് പൊട്ടിച്ചു. ആശുപത്രിയില്‍ വരുന്നവരുടെ മതമേത് എന്ന് നോക്കാറില്ലെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഡോക്ടര്‍ പൊട്ടിക്കരയുന്ന അവസ്ഥയിലായിരുന്നു. മനുഷ്യത്വം മാത്രമേ ഡോക്ടര്‍ എന്ന നിലയില്‍ കാണിച്ചിട്ടുള്ളൂ എന്നും ഡോ. നവീന്‍ പറഞ്ഞു. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി നഗരത്തില്‍ വ്യാപകമായി ഒരു വിഭാഗത്തിന്റെ കടകള്‍ തല്ലിത്തകര്‍ത്തു. ഇതിന് നേതൃത്വം നല്‍കിയ ബിജെപി മേദക് ജില്ലാധ്യക്ഷന്‍ ഗദ്ദം ശ്രീനിവാസടക്കം 13 നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കാണാനായി ഹൈദരാബാദില്‍ നിന്ന് എത്തിയ ബിജെപി എംഎല്‍എ രാജാ സിംഗിനെ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്ത് പോലിസ് തിരിച്ചയച്ചു. മേദകില്‍ കനത്ത പോലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടൗണില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.





Next Story

RELATED STORIES

Share it