India

ചംപയ് സോറന്‍ രാജിവച്ചു; ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ വീണ്ടും മുഖ്യമന്ത്രിയാകും

ചംപയ് സോറന്‍ രാജിവച്ചു; ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ വീണ്ടും മുഖ്യമന്ത്രിയാകും
X

ന്യൂഡല്‍ഹി: ഇഡി കേസില്‍ ജാമ്യം ലഭിച്ചതോടെ ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ വീണ്ടും മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ചംപയ് സോറന്‍ രാജിവച്ചു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവും ഹേമന്ത് സോറന്‍ ഉന്നയിച്ചു. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി ഹേമന്ത് സോറന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യം അനുവദിച്ചത്.

ഹേമന്ത് സോറന് ജാമ്യം ലഭിച്ചതോടെയാണ് ചംപയ്, ഹേമന്ത് സോറനായി വീണ്ടും മുഖ്യമന്ത്രിക്കസേര ഒഴിഞ്ഞത്. അതൃപ്തിയോടെയാണ് ചംബൈ സോറന്‍ രാജിവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എംഎല്‍എമാരുടെ പിന്തുണ ഹേമന്ത് സോറനായതോടെ അതൃപ്തി പരസ്യമാക്കാന്‍ ചംബൈ സോറനാകില്ല.

ഹേമന്ത് സോറന്‍ ഉടന്‍ മുഖ്യമന്ത്രിയായി തിരികെയെത്തണമെന്ന് ചംപയ് സോറന്റെ വീട്ടില്‍ ചേര്‍ന്ന നിയമസഭ കക്ഷിയോഗത്തിലാണ് തീരുമാനമായത്. ജെഎംഎം, കോണ്‍ഗ്രസ്, ആര്‍ജെഡി എംഎല്‍എമാരാണ് യോഗത്തില്‍ പങ്കെടുത്തത്. ഇതിന് പിന്നാലെ രാജ്ഭവനില്‍ എത്തി നിലവിലെ മുഖ്യമന്ത്രിയായ ചംപയ് സോറന്‍ ഗവര്‍ണര്‍ സിപി രാധാകൃഷ്ണന് രാജിക്കത്ത് നല്‍കുകയായിരുന്നു.

ഹേമന്ത് സോറനെ കഴിഞ്ഞ ജനുവരിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമച്ച് ആദിവാസിഭൂമി തട്ടിയെടുത്തു, ഖനനവകുപ്പിന്റെ ചുമതല ദുരുപയോഗം ചെയ്ത് റാഞ്ചിയില്‍ 0.88 ഏക്കര്‍ ഖനിയുടെ പാട്ടക്കരാര്‍ നേടി എന്നിവയടക്കം മൂന്നു കേസുകളാണ് സോറനെതിരെ ഇഡി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം, ചംപയ് സോറനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ ബിജെപി രംഗത്തുവന്നു. ചംബൈ സോറന്റെ കാലം അവസാനിച്ചെന്നും ഇനി വീണ്ടും കുടുംബഭരണമെന്നും ബിജെപി തീരുമാനത്തെ വിമര്‍ശിച്ചു. ജെഎംഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് മുതിര്‍ന്ന ആദിവാസി നേതാവിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കം ചെയ്തതായി അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ ആരോപിച്ചു. ജാര്‍ഖണ്ഡിലെ ജനങ്ങള്‍ ഈ തീരുമാനത്തിനെതിരെ രംഗത്തുവരുമെന്നും ശര്‍മ പറഞ്ഞു.




Next Story

RELATED STORIES

Share it