India

കശ്മീര്‍: ഹരജികളില്‍ ഗുരുതര പിഴവുകള്‍; രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി, പരിഗണിക്കുന്നത് മാറ്റി

വിഷയത്തില്‍ ആറ് ഹരജികളാണ് സുപ്രിംകോടതിയുടെ പരിഗണനയ്‌ക്കെത്തിയത്. ഇതില്‍ മൂന്ന് എണ്ണത്തിലും ഗുരുതരപിഴവുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ വിമര്‍ശനം. മിക്ക ഹരജികളിലും പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റി.

കശ്മീര്‍: ഹരജികളില്‍ ഗുരുതര പിഴവുകള്‍; രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി, പരിഗണിക്കുന്നത് മാറ്റി
X

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ രാഷ്ട്രപതിയുടെ ഉത്തരവ് ചോദ്യംചെയ്തും താഴ്‌വരയില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരേയും സമര്‍പ്പിച്ച ഹരജികളിലെ പിഴവ് ചൂണ്ടിക്കാട്ടി സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം. വിഷയത്തില്‍ ആറ് ഹരജികളാണ് സുപ്രിംകോടതിയുടെ പരിഗണനയ്‌ക്കെത്തിയത്. ഇതില്‍ മൂന്ന് എണ്ണത്തിലും ഗുരുതരപിഴവുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ വിമര്‍ശനം. മിക്ക ഹരജികളിലും പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റി. അഭിഭാഷകനായ എം എല്‍ ശര്‍മ സമര്‍പ്പിച്ച ഹരജിക്കെതിരേ ചീഫ് ജസ്റ്റിസ് രൂക്ഷവിമര്‍ശനമാണ് നടത്തിയത്.

ഹരജി മുഴുവന്‍ വായിച്ചിട്ടും ഹരജിക്കാരന്റെ ആവശ്യമെന്താണെന്ന് പോലും മനസ്സിലായില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം. കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട മറ്റു ഹരജികളെക്കുറിച്ചും ചീഫ് ജസ്റ്റിസ് രജിസ്ട്രിയോട് ആരാഞ്ഞു. ആറ് ഹരജികളില്‍ മൂന്ന് എണ്ണത്തിന്റെ പിഴവ് മാത്രമാണ് ഇതുവരെ തിരുത്തിയതെന്ന് രജിസ്ട്രി കോടതിയെ അറിയിച്ചു. ഇത്രയും പ്രാധാന്യമുള്ള വിഷയത്തില്‍ സമര്‍പ്പിച്ച ഹരജികളില്‍ എങ്ങനെ ഗുരുതരപിഴവുകള്‍ വന്നുകൂടിയെന്ന് കോടതി ചോദിച്ചു. വ്യക്തതയില്ലാത്ത ഈ ഹരജികള്‍ തള്ളാത്തത് തെറ്റായ സന്ദേശം നല്‍കുമെന്നതിനാലാണെന്നും തല്‍ക്കാലം പിഴ ഈടാക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ഓര്‍മിപ്പിച്ചു.

ഹരജി തിരുത്തിനല്‍കാന്‍ കോടതി ഹരജിക്കാരന് അനുമതി നല്‍കിയിട്ടുണ്ട്. പിഴവുകള്‍ ഒന്നുമില്ലായിരുന്നുവെങ്കിലും മാധ്യമനിയന്ത്രണം ചോദ്യംചെയ്ത് കശ്മീര്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധാ ബാസിന്‍ സമര്‍പ്പിച്ച ഹരജിയില്‍ ഇടപെടാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. കശ്മീരില്‍ മാധ്യമസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നുവെന്ന് അനുരാധ ബാസിന്‍ ഹരജിയില്‍ ആരോപിച്ചു. ശ്രീനഗറില്‍ മാത്രമാണ് മാധ്യമപ്രവര്‍ത്തനം നടത്താന്‍ സാധിക്കുന്നത്. കശ്മീരിലെ ഭൂരിഭാഗം ലാന്‍ഡ് ലൈനുകളും പ്രവര്‍ത്തിക്കുന്നില്ല. ദിനംപ്രതി മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കുറച്ചുവരികയാണെന്നും അവര്‍ ഹരജിയില്‍ പറഞ്ഞു.

എന്നാല്‍, കശ്മീരില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷവും കാഷ്മീര്‍ ടൈംസ് എല്ലാ ദിവസവും പ്രസിദ്ധീകരിച്ചിരുന്നു. ജമ്മുവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ താല്‍ക്കാലികമാണെന്നും ദിനംപ്രതി നിയന്ത്രണങ്ങള്‍ ഒഴിവാക്കിവരികയാണെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു. കശ്മീരിലെ സുരക്ഷാ ഏജന്‍സികളെ വിശ്വാസത്തിലെടുക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇതെത്തുടര്‍ന്ന് പിഴവുകള്‍ തിരുത്താന്‍കൂടി സമയം അനുവദിച്ച് ഹരജികള്‍ അടുത്തയാഴ്ചത്തേക്ക് മാറ്റി.

Next Story

RELATED STORIES

Share it