India

ഇറാനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്രം; കര്‍ശന നിര്‍ദേശം നല്‍കി എംബസി

ഇറാനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്രം; കര്‍ശന നിര്‍ദേശം നല്‍കി എംബസി
X

തെഹ്റാന്‍: ഇറാനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. അയല്‍രാജ്യങ്ങള്‍ വഴി ആളുകളെ ഒഴിപ്പിക്കാനാണ് നീക്കം. അര്‍മേനിയ, തുര്‍ക്ക്മെനിസ്ഥാന്‍ അതിര്‍ത്തികള്‍ വഴി കരമാര്‍ഗം ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. തെഹ്‌റാനിലെ ഇന്ത്യന്‍ എംബസി വിദ്യാര്‍ഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങിയിട്ടുണ്ട്. പൗരന്മാര്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും വീടിനുള്ളില്‍ തന്നെ കഴിയണമെന്നും എംബസിയുടെ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. 9,000 ഇന്ത്യക്കാരാണ് ഇറാനിനുള്ളത്. ഭൂരിഭാഗവും ജമ്മു കശ്മീര്‍, യുപി എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ്.

ഇറാനിലെ രണ്ട് നഗരങ്ങളിലായാണ് വിദ്യാര്‍ഥികള്‍ തങ്ങുന്നത്. തുടരെ ആക്രമണങ്ങള്‍ ഉണ്ടാകുന്ന തെഹ്റാനിലും, തലസ്ഥാനത്ത് നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള ഖോം എന്നിവിടങ്ങളിലുമാണത്. യുഎസ് ഇസ്രയേല്‍ ആക്രമണങ്ങള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 28 മുതല്‍ ഇറാന്‍ വ്യോമപാത അടച്ചിട്ടിരിക്കുകയാണ്. നാട്ടിലേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അയല്‍രാജ്യമായ അര്‍മേനിയ, തുര്‍ക്ക്മെനിസ്ഥാന്‍ എന്നിവടങ്ങളിലേക്ക് കരമാര്‍ഗത്തില്‍ എത്തിച്ച ശേഷം അവിടെ നിന്നും ഇന്ത്യയിലേക്ക് വിമാനമാര്‍ഗം എത്തിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

തുര്‍ക്ക്മെനിസ്താന്‍ അതിര്‍ത്തിയില്‍ അധികമായി നിരവധി ചെക്ക്പോയിന്റുകള്‍ തുറന്നിട്ടുണ്ട്. ഇറാനില്‍ നിന്നും വിദേശപൗരന്മാര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാനായാണ് പ്രധാനമായും ഇത് സജ്ജീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇറാന് നേരെയുള്ള ആക്രമണങ്ങള്‍ കടുപ്പിക്കുമെന്നാണ് പീറ്റ് ഹേഗ്സേത്ത്(അമേരിക്കന്‍ സെക്രട്ടറി ഒഫ് വാര്‍) അറിയിച്ചിരിക്കുന്നത്.

ഇറാന്‍ തലസ്ഥാനത്ത് നിന്നും ഇന്ത്യന്‍ വിദ്യാര്‍ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്ന് ചൊവ്വാഴ്ച ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു. ഇവര്‍ ഖോമിലെത്തിയപ്പോള്‍ വന്‍ സ്ഫോടനങ്ങളുടെ ശബ്ദം കേട്ടതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിദ്യാര്‍ഥികളെ കൂടാതെ ഇറാനില്‍ ചില ഇന്ത്യന്‍ നാവികര്‍, ഇസ്ലാമിക പഠനത്തിനും തീര്‍ഥാടനത്തിനും ഇവിടെ എത്തിയ ഒരു വിഭാഗം ഷിയാ മുസ്ലിങ്ങളും ഇറാനിലുണ്ട്. അതേസമയം ഇറാനില്‍ തന്നെ തുടരാന്‍ തീരുമാനിച്ച ചില വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഇനി ഇറാനിലുള്ളതെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യമന്ത്രി ജയ്ശങ്കറും ഇറാന്‍ പ്രധാനമന്ത്രിയുമായും വിദേശകാര്യമന്ത്രിയുമായി സംസാരിച്ചിരുന്നുവെന്നും സര്‍ക്കാര്‍ പ്രദേശത്തെ സംഭവവികാസങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജെയ്സ്വാള്‍ വ്യക്തമാക്കി.





Next Story

RELATED STORIES

Share it