India

രാജസ്ഥാനിലെ സ്‌കൂളുകളില്‍ ഹിജാബ് നിരോധിക്കാന്‍ ഒരുങ്ങി ബിജെപി

രാജസ്ഥാനിലെ സ്‌കൂളുകളില്‍ ഹിജാബ് നിരോധിക്കാന്‍ ഒരുങ്ങി ബിജെപി
X
ജയ്പൂര്‍: സര്‍ക്കാര്‍ സ്‌കൂളില്‍ പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നതിനെ എതിര്‍ത്ത് രാജസ്ഥാനിലെ ഹവാ മഹലില്‍ നിന്നുള്ള ബിജെപി എംഎല്‍എ ബല്‍മുകുന്ദ് ആചാര്യ രംഗത്ത്. തിങ്കളാഴ്ച രാവിലെയാണ് ആചാര്യ ജയ്പൂരിലെ ഗംഗാപോളിലെ ഗവണ്‍മെന്റ് ഗേള്‍സ് സെക്കന്‍ഡറി സ്‌കൂള്‍ സന്ദര്‍ശിച്ചത്. പിന്നീട് പുറത്തുവന്ന ഒരു വീഡിയോയില്‍, ഹിജാബ് ധരിച്ചെത്തിയ ചില വിദ്യാര്‍ത്ഥിനികളെ ചൊല്ലി അദ്ദേഹം ഒരു സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്ററോട് വാഗ്വാദത്തില്‍ ഏര്‍പ്പെടുന്നതും കാണാം. സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിക്കുന്നത് തടയാനും അദ്ദേഹം സ്‌കൂള്‍ അധികൃതരോട് ആവശ്യപ്പെട്ടു.

മറ്റൊരു വീഡിയോയില്‍, അദ്ദേഹം സ്റ്റേജില്‍ 'ഭാരത് മാതാ കീ ജയ്', 'സരസ്വതി മാതാ കീ ജയ്' എന്നീ മുദ്രാവാക്യങ്ങള്‍ കുട്ടികളെ കൊണ്ട് വിളിപ്പിക്കുന്നതും കാണാം. ''ചില പെണ്‍കുട്ടികള്‍ അത് പറയുന്നില്ല. നിങ്ങളോട് പറയരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ?,'' എന്ന് ബല്‍മുകുന്ദ് ആചാര്യ പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. പിന്നീട് അദ്ദേഹം സ്‌കൂളിലൂടെ നടന്ന് ''ജയ് ശ്രീ റാം'' എന്ന് വിളിച്ച് വിദ്യാര്‍ത്ഥികളെ നയിക്കുന്നതും കാണാം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ രണ്ട് വ്യത്യസ്ത വസ്ത്രങ്ങള്‍ക്ക് വ്യവസ്ഥയുണ്ടോ എന്ന് താന്‍ പ്രിന്‍സിപ്പലിനോടും മറ്റുള്ളവരോടും ചോദിച്ചതായും ഇല്ലെന്ന് മറുപടി ലഭിച്ചെന്നും ബല്‍മുകുന്ദ് ആചാര്യ എംഎല്‍എ പറഞ്ഞു.

അതേസമയം, എംഎല്‍എ സ്‌കൂളുകളിലെ അന്തരീക്ഷം മോശമാക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹത്തിന്റെ പ്രവൃത്തികളില്‍ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് മുസ്ലീം വിദ്യാര്‍ത്ഥികള്‍ സുഭാഷ് ചൗക്ക് പോലിസ് സ്റ്റേഷനില്‍ പ്രതിഷേധിച്ചു. 'കാവി വസ്ത്രം ധരിച്ചാണ് എംഎല്‍എ അസംബ്ലിയില്‍ പോകുന്നത്. പിന്നെ എന്തിനാണ് ഹിജാബിനോട് ഈ വിവേചനം?,' പ്രതിഷേധിച്ച ഒരു വിദ്യാര്‍ത്ഥി പറഞ്ഞു. സംഭവത്തിന് ശേഷം മുസ്ലീം, ഹിന്ദു വിദ്യാര്‍ത്ഥികള്‍ വ്യത്യസ്ത പരാതികള്‍ പോലിസിന് നല്‍കി. പരാതികള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറിയതായി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ (ജയ്പൂര്‍ നോര്‍ത്ത്) റാഷി ദോഗ്ര പറഞ്ഞു. ''സ്‌കൂളില്‍ തങ്ങളുടെ മതപരമായ ആചാരങ്ങള്‍ പിന്തുടരാന്‍ അനുവദിക്കുന്നില്ലെന്ന് ഇരു കൂട്ടരും ആരോപിക്കുന്നു,''കമ്മീഷണര്‍ പറഞ്ഞു.

അതേസമയം, സംഭവം വിവാദമായതിന് പിന്നാലെ രാജസ്ഥാനില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ എല്ലായിടത്തും ഹിജാബ് നിരോധിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മയുമായി സംസാരിക്കുമെന്ന് രാജസ്ഥാനിലെ കൃഷിമന്ത്രി കിരോഡി ലാല്‍ മീണ പ്രതികരിച്ചു.ചീപ്പ് പബ്ലിസിറ്റിക്കും ജനശ്രദ്ധയില്‍ തുടരുന്നതിനുമാണ് ആചാര്യ ഇതെല്ലാം ചെയ്യുന്നതെന്ന് ജയ്പൂരിലെ ആദര്‍ശ് നഗറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ റഫീഖ് ഖാന്‍ പറഞ്ഞു. 'താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രം എംഎല്‍എ അല്ലെന്ന് അദ്ദേഹം മനസ്സിലാക്കണം. എല്ലാ ജാതികളും മതങ്ങളും എല്ലാ ഘടകങ്ങളും അതിന് കീഴില്‍ വരും. രാജസ്ഥാന്‍ സാമുദായിക സൗഹാര്‍ദ്ദത്തിന് പേരുകേട്ടതാണ്. അത്തരം കാര്യങ്ങള്‍ ഇവിടെ നടക്കില്ല, വെച്ചുപൊറുപ്പിക്കില്ല,' റഫീഖ് ഖാന്‍ പറഞ്ഞു.


Next Story

RELATED STORIES

Share it