India

അജ്ഞാത സ്രോതസ്സില്‍ നിന്നുള്ള സംഭാവനയില്‍ 80 ശതമാനവും ലഭിച്ചത് ബിജെപിക്ക്

അജ്ഞാത സ്രോതസ്സില്‍ നിന്നുള്ള സംഭാവനയില്‍ 80 ശതമാനവും ലഭിച്ചത് ബിജെപിക്ക്
X

ന്യൂഡല്‍ഹി: കേന്ദ്രം ഭരിക്കുന്ന ബിജെപി 2017-18 വര്‍ഷം അജ്ഞാത സ്രോതസ്സില്‍ നിന്ന് സ്വീകരിച്ചത് 553 കോടി രൂപ. ഇത്തരത്തിലുള്ള സംഭാവനയുടെ 80 ശതമാനത്തോളം വരുമിത്. മറ്റു അഞ്ച് ദേശീയ പാര്‍ട്ടികള്‍ പുറത്തുവിട്ട മൊത്തെ വരുമാനത്തിന്റെ നാലിരട്ടി കൂടിയാണിത്.

തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസ്(എഡിആര്‍) തയ്യാറാക്കിയ റിപോര്‍ട്ട് പ്രകാരം, അജ്ഞാത സ്രോതസ്സില്‍ നിന്നുള്ള സംഭാവന ദേശീയ പാര്‍ട്ടികളുടെ കണക്കില്‍ ആകെയുള്ളത് 689.44 കോടിയാണ്. ഇതില്‍ 553.38 കോടിയും ലഭിച്ചത് ബിജെപിക്കാണ്.

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചിട്ടുള്ളതും എന്നാല്‍, 20,000 രൂപയില്‍ താഴെയുള്ള സംഭാവനയുടെ വരുമാന സ്രോതസ്സ് കാണിച്ചിട്ടില്ലാത്തവയുമാണ് അജ്ഞാത സ്രോതസ്സില്‍ ഉള്‍പ്പെടുന്നത്. ഇലക്ടറല്‍ ബോണ്ട് വഴിയുള്ള സംഭാവനകള്‍, കൂപ്പണ്‍ വില്‍പ്പന, ദുരിതാശ്വാസ ഫണ്ട്, മറ്റിതര വരുമാനങ്ങള്‍, സ്വമേധയാ നല്‍കുന്ന സംഭാവനകള്‍, യോഗങ്ങളിലും മറ്റും ലഭിക്കുന്ന സംഭാവനകള്‍ എന്നിവയാണ് ഇത്തരം സ്രോതസ്സുകളില്‍ ഉള്‍പ്പെടുന്നത്.

20,000 രൂപയില്‍ താഴെയോ ഇലക്ടറല്‍ ബോണ്ട് വഴിയോ സംഭാവന നല്‍കുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരുകള്‍ നിലവില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വെളിപ്പെടുത്തേണ്ടതില്ല. അതു കൊണ്ട് തന്നെ 50 ശതമാനത്തിലേറെ ഫണ്ടും എവിടെ നന്ന് വരുന്നതാണെന്ന് അവ്യക്തമാണ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ദേശീയ പാര്‍ട്ടികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് 2013 ജൂണില്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടികള്‍ ഇപ്പോഴും അത് പാലിക്കാന്‍ തയ്യാറായിട്ടില്ലെന്ന് എഡിആറിന്റെ റിപോര്‍ട്ടില്‍ പറയുന്നു.

2017-18ല്‍ ദേശീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച 20,000 രൂപയില്‍ കൂടുതലുള്ള സംഭാവനകളില്‍ 93 ശതമാനവും ലഭിച്ചത് ബിജെപിക്കാണ്. കോര്‍പറേറ്റുകളും മറ്റും നല്‍കുന്ന സംഭാവനയാണ് ഇതില്‍ ഭൂരിഭാഗവും. കഴിഞ്ഞ 14 വര്‍ഷത്തിനിടെ ദേശീയ പാര്‍ട്ടികള്‍ക്ക് അജ്ഞാത സ്രോതസ്സുകളില്‍ നിന്ന് ലഭിച്ചത് 8,721.14 കോടി രൂപയാണ്.

Next Story

RELATED STORIES

Share it