India

'സാധ്യതാ സ്ഥാനാര്‍ഥി' പട്ടികയുമായി ബിജെപി; വാതില്‍ കൊട്ടിയടച്ച് പ്രമുഖര്‍

മുന്‍ ക്രിക്കറ്റ് താരങ്ങളായ രാഹുല്‍ ദ്രാവിഡിനെയും അനില്‍ കുംബ്ലെയെയും പാര്‍ട്ടിയിലെത്തിക്കാന്‍ ബിജെപി നീക്കം നടത്തിയെങ്കിലും ഫലിച്ചിരുന്നില്ല. ബിജെപിയില്‍ ചേരാന്‍ താല്‍പര്യമില്ലെന്ന് ഇരുവരും അറിയിച്ചതോടെയാണ് പാര്‍ട്ടിയുടെ മോഹങ്ങള്‍ പൊലിഞ്ഞത്.

സാധ്യതാ സ്ഥാനാര്‍ഥി പട്ടികയുമായി ബിജെപി;    വാതില്‍ കൊട്ടിയടച്ച് പ്രമുഖര്‍
X

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി 'സാധ്യതാ സ്ഥാനാര്‍ഥി' പട്ടികയില്‍ പ്രമുഖരുടെ പേരുകള്‍ ഉയര്‍ത്തി കൊണ്ട് വന്ന് തിരഞ്ഞെടുപ്പ് കാംപയിന് പുതിയ തന്ത്രം മെനയുകയാണ് ബിജെപി. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ഇരുമുന്നണികളില്‍ ഒതുങ്ങുന്നത് മറികടക്കാനാണ് ബിജെപിയുടെ പുതിയ തന്ത്രം. കേരളത്തില്‍ വിജയത്തിന് വിദൂര സാധ്യത പോലും ഇല്ലെന്ന് ഒ രാജഗോപാല്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ തന്നെ സമ്മതിക്കുമ്പോളാണ് തിരഞ്ഞെടുപ്പ് ചര്‍ച്ചകളുടെ ആദ്യലാപ്പില്‍ തന്നെ ബിജെപി ഇടം നേടുന്നത്. പ്രമുഖ മാധ്യമങ്ങളുടെ സഹായത്തോടെയാണ് ബിജെപി തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ ഇടം പിടിക്കുന്നത്. ഇതിന്റെ ഭാഗമായി സിനിമാതാരങ്ങളും ജാതി സംഘടനാ നേതാക്കളും തങ്ങളുടെ സ്ഥാനാര്‍ത്ഥികളാകുമെന്ന വാര്‍ത്തകള്‍ സൃഷ്ടിച്ചെടുക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ തുടങ്ങിയ ഘട്ടത്തില്‍ തന്നെ നടന്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത ഉയര്‍ന്നുവന്നിരുന്നു. മോഹന്‍ലാല്‍ തന്നെ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും തിരഞ്ഞെടുപ്പ് രംഗത്തേക്ക് ഇല്ലെന്നും വ്യക്തമാക്കിയെങ്കിലും അത്തരം വാര്‍ത്തകള്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട്.

പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പി ജി ശശികുമാര വര്‍മയെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാക്കുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ശബരിമല യുവതിപ്രവേശ വിധി സംസ്ഥാനത്തു മുഖ്യ തിരഞ്ഞെടുപ്പു വിഷയമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ശശികുമാര വര്‍മ്മയെ സ്ഥാനാര്‍ഥിയാക്കുന്നതെന്നാണ് വാര്‍ത്ത. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന അടിയന്തരാവസ്ഥ പീഡിതരുടെ സമ്മേളനത്തില്‍ ശശികുമാര വര്‍മ പങ്കെടുത്തതു ബിജെപിയോട് അടുക്കുന്നതിന്റെ സൂചനയായും വിലയിരുത്തപ്പെടുന്നു.

ദേശീയതലത്തിലും ഇതേ തന്ത്രമാണ് ബിജെപി പ്രയോഗിക്കുന്നത്. ബിജെപി ഉയര്‍ത്തിക്കാണിക്കുന്ന 'സാധ്യതാ സ്ഥാനാര്‍ഥി'കളില്‍ ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗിന്റെ പേരുമുണ്ട്. ഹരിയാനയില്‍നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി വീരേന്ദര്‍ സേവാഗ് മല്‍സരിച്ചേക്കുമെന്ന് ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഹരിയാനയിലെ റോത്തക് ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് സേവാഗ് ജനവിധി തേടുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ, കര്‍ണാടകയിലെ യുവ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ മുന്‍ ക്രിക്കറ്റ് താരങ്ങളായ രാഹുല്‍ ദ്രാവിഡിനെയും അനില്‍ കുംബ്ലെയെയും പാര്‍ട്ടിയിലെത്തിക്കാന്‍ ബിജെപി നീക്കം നടത്തിയെങ്കിലും ഫലിച്ചിരുന്നില്ല. ബിജെപിയില്‍ ചേരാന്‍ താല്‍പര്യമില്ലെന്ന് ഇരുവരും അറിയിച്ചതോടെയാണ് പാര്‍ട്ടിയുടെ മോഹങ്ങള്‍ പൊലിഞ്ഞത്.

Next Story

RELATED STORIES

Share it