India

അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ മഹത്തായ സെല്‍ഫി; ഹോട്ടല്‍ മുറിയിലെ തടവില്‍ നിന്ന് ചന്ദ്രശേഖര്‍ ആസാദ്

ദലിത് വിജയാഘോഷത്തിനായി മഹാരാഷ്ട്രയില്‍ എത്തി ഒരു ഹോട്ടല്‍ മുറിയില്‍ താമസിക്കുകയായിരുന്ന തന്നെ തടവിലിടാന്‍ താന്‍ ചെയ്ത കുറ്റം എന്താണ് എന്ന് ചന്ദ്രശേഖര്‍ ആസാദ് ചോദിക്കുന്നു.

അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ മഹത്തായ സെല്‍ഫി;      ഹോട്ടല്‍ മുറിയിലെ തടവില്‍ നിന്ന് ചന്ദ്രശേഖര്‍ ആസാദ്
X


മുംബൈ: 'അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഒരു മഹത്തായ ചിത്രം ഞാന്‍ നിങ്ങളെ കാണിക്കാം, എന്നെ മുറിയില്‍ അടച്ചിട്ടിരിക്കുകയാണ്. എന്റെ മുറിക്ക് പുറത്ത് 10 പോലിസുകാര്‍ കാവലുണ്ട്. ബാബാ സാഹേബ് എഴുതിയ ഭരണഘടനയില്‍ മുന്നോട്ട് പോകുന്ന ഭാരതത്തില്‍ തന്നെയല്ലേ ഞാന്‍? ഭരണഘടനയ്ക്ക് മേലുള്ള അതിക്രമങ്ങളാണ് ഇതെല്ലാം.' ചന്ദ്രശേഖര്‍ ആസാദ് പറയുന്നു. മലാഡിലെ ഹോട്ടല്‍ മണാലിയില്‍ ഇന്നലെ വൈകുന്നേരം മുതല്‍ അനധികൃത പോലിസ് തടങ്കലിലാണ് ഭീം ആര്‍മി സ്ഥാപകനായ ദലിത് നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഇന്നലെ രാത്രിയോടെ ഹോട്ടല്‍ മുറിയില്‍ നിന്നും ചന്ദ്രശേഖറിനെയും സഹപ്രവര്‍ത്തകരെയും പോലിസ് കൊണ്ടുപോയിരുന്നെങ്കിലും പിന്നെയും മുറിയില്‍ തന്നെ അടച്ചിടുകയായിരുന്നു.

ദലിത് വിജയാഘോഷത്തിനായി മഹാരാഷ്ട്രയില്‍ എത്തി ഒരു ഹോട്ടല്‍ മുറിയില്‍ താമസിക്കുകയായിരുന്ന തന്നെ തടവിലിടാന്‍ താന്‍ ചെയ്ത കുറ്റം എന്താണ് എന്ന് ചന്ദ്രശേഖര്‍ ആസാദ് ചോദിക്കുന്നു. നിലവില്‍ ചന്ദ്രശേഖറിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയോ എഫ്‌ഐആര്‍ തയ്യാറാക്കുകയോ ചെയ്തിട്ടില്ല. ഇന്നലെ മുതല്‍ അടച്ചിട്ട ഹോട്ടല്‍ മുറിയിലാണ് ചന്ദ്രശേഖര്‍ കഴിയുന്നത്. ഫോണ്‍ ഉപയോഗിക്കാമെങ്കിലും ഹോട്ടല്‍ മുറിവിട്ട് എങ്ങോട്ടും പോകാനോ മാധ്യമങ്ങളെ കാണാനോ കഴിയാത്ത അവസ്ഥയിലാണ്.

'16 മാസം തടവില്‍ കഴിഞ്ഞുവന്ന എന്നെ പോലിസിനെ കാണിച്ച് ഭയപ്പെടുത്താന്‍ നോക്കേണ്ട, എന്റെ ചരിത്രം അറിഞ്ഞ് വരൂ' എന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനോട് ചന്ദ്രശേഖര്‍ പറഞ്ഞു. പോലിസുകാരെ നിര്‍ത്തി ഭയപ്പെടുത്തുകയാണെങ്കില്‍ ഭീമ കൊറേഗാവിന്റെ ചരിത്രം കൂടി ഓര്‍മ്മിച്ചോളൂ എന്നും ചന്ദ്രശേഖര്‍ പറയുന്നു.

ഭീമാ കൊറേഗാവ് ദലിത് വിജയാഘോഷത്തോടനുബന്ധിച്ച് യോഗങ്ങളും റാലികളും സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചന്ദ്രശേഖര്‍ ആസാദ് ഡിസംബര്‍ 28ന് മുംബൈയിലെത്തിയത്. മാസങ്ങള്‍ക്ക് മുമ്പേ അനുമതി തേടിയെങ്കിലും മഹാരാഷ്ട്ര പോലിസ് യോഗത്തിന് അനുമതി നല്‍കിയിരുന്നില്ല.

സഹരന്‍പൂരിലെ ദളിതര്‍ക്ക് നേരെയുണ്ടായ സവര്‍ണ ആക്രമണത്തെ ചെറുത്തതിന് നേരത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ദേശീയ സുരക്ഷാ നിയമം ചുമത്തി ചന്ദ്രശേഖര്‍ ആസാദിനെ 16 മാസം തടവിലിട്ടിരുന്നു. പുറത്തിറങ്ങിയ ശേഷവും ചന്ദ്രശേഖറിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയാണ് മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാന സര്‍ക്കാരുകളും.




Next Story

RELATED STORIES

Share it