India

ട്വിറ്റര്‍ സിഇഒ 25ന് മുമ്പ് ഹാജരാവണം; നിലപാട് കടുപ്പിച്ച് പാര്‍ലമെന്ററി സമിതി

വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതി ചെയര്‍മാനായ ബിജെപി എംപി അനുരാഗ് താക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ട്വിറ്റര്‍ സിഇഒ 25ന് മുമ്പ് ഹാജരാവണം; നിലപാട് കടുപ്പിച്ച് പാര്‍ലമെന്ററി സമിതി
X

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലെ ഇന്ത്യയില്‍ പൗരന്‍മാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന പരാതിയില്‍ വിശദീകരണം നല്‍കുന്നതിനായി ഈമാസം 25ന് മുമ്പായി ട്വിറ്റര്‍ സിഇഒ ഹാജരാവണമെന്ന് പാര്‍ലമെന്ററി സമിതി കര്‍ശന നിര്‍ദേശം നല്‍കി. വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതി ചെയര്‍മാനായ ബിജെപി എംപി അനുരാഗ് താക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സമിതിയുടെ യോഗത്തില്‍ പങ്കെടുക്കാനായി ട്വിറ്റര്‍ ഇന്ത്യയുടെ പ്രതിനിധികള്‍ പാര്‍ലമെന്റിലെത്തിയിരുന്നെങ്കിലും ഇവരെ യോഗത്തില്‍ പ്രവേശിപ്പിച്ചില്ല. തലപ്പത്തുള്ളവര്‍ ഹാജരാവാതെ കമ്പനിയുടെ ഒരു ജീവനക്കാരനെയും കാണേണ്ടതില്ലെന്ന് 31 അംഗ പാര്‍ലമെന്ററി സമിതി പ്രമേയം പാസാക്കി. അമേരിക്കന്‍ സ്വദേശിയായ ജാക്ക് ഡോഴ്‌സിയാണ് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ ഇന്ത്യയുടെ സിഇഒ. സാമൂഹികമാധ്യമങ്ങളിലെ അവകാശസംരക്ഷണം സംബന്ധിച്ച പരാതിയിലാണ് ട്വിറ്റര്‍ തലവനോട് ഹാജരാവാന്‍ പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഹാജരാവാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റര്‍ സമിതിക്ക് കത്തയച്ചിരുന്നു. ഇതോടെയാണ് സമിതി നിലപാട് കടുപ്പിച്ചത്. ഫെബ്രുവരി ഒന്നിനു സമിതിക്കു മുമ്പാകെ ഹാജരാവണമെന്നു കാണിച്ച് ട്വിറ്ററിന് ഔദ്യോഗികമായി സമന്‍സ് അയച്ചിരുന്നു.

ഫെബ്രുവരി ഏഴിനു കൂടിക്കാഴ്ചയ്ക്ക് തീരുമാനിച്ചെങ്കിലും പിന്നീട് 11ലേക്കു മാറ്റുകയായിരുന്നു. ട്വിറ്റര്‍ സിഇഒയുടെ ഉള്‍പ്പടെ സൗകര്യം കണക്കിലെടുത്തായിരുന്നു ഇത്. എന്നാല്‍, വളരെ കുറഞ്ഞ സമയത്തിനകം ഇത്തരത്തിലൊരു കൂടിക്കാഴ്ചയ്‌ക്കെത്താന്‍ സാധിക്കില്ലെന്നായിരുന്നു ട്വിറ്ററിന്റെ മറുപടി. 10 ദിവസം നല്‍കിയെന്നു സമിതിയും വ്യക്തമാക്കി. ട്വിറ്ററിന്റെ നടപടിക്കെതിരേ ബിജെപി ഉള്‍പ്പടെയുള്ള രാഷ്ട്രീയപ്പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു.

Next Story

RELATED STORIES

Share it