India

സ്വാതന്ത്രദിനത്തില്‍ കല്യാണ്‍-ഡോംബിവ്ലിയില്‍ ഇറച്ചിക്കടകള്‍ക്ക് വിലക്ക്; പ്രതിഷേധം ശക്തം

സ്വാതന്ത്രദിനത്തില്‍ കല്യാണ്‍-ഡോംബിവ്ലിയില്‍ ഇറച്ചിക്കടകള്‍ക്ക് വിലക്ക്; പ്രതിഷേധം ശക്തം
X

മുംബൈ: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ കല്യാണ്‍-ഡോംബിവ്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (കെ.ഡി.എം.സി.) ഇറച്ചിക്കടകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം. ഓഗസ്റ്റ് 14 അര്‍ദ്ധരാത്രി മുതല്‍ ഓഗസ്റ്റ് 15 അര്‍ദ്ധരാത്രി വരെ എല്ലാ കശാപ്പുശാലകളും മാംസവ്യാപാര സ്ഥാപനങ്ങളും അടച്ചിടണമെന്ന കോര്‍പ്പറേഷന്‍ ഉത്തരവിനെതിരെ എന്‍.സി.പി. (എസ്.പി.) രംഗത്തെത്തി.

കല്യാണ്‍-ഡോംബിവ്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഉത്തരവ് പ്രകാരം, ആട്, കോഴി, വലിയ മൃഗങ്ങള്‍ എന്നിവയുടെ കശാപ്പുശാലകളും മാംസം വില്‍ക്കുന്ന കടകളും 24 മണിക്കൂര്‍ അടച്ചിടണം. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ 1949-ലെ മഹാരാഷ്ട്ര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിയമപ്രകാരം നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഈ നീക്കത്തെ ശക്തമായി വിമര്‍ശിച്ച് എന്‍.സി.പി. (എസ്.പി.) നേതാവ് ജിതേന്ദ്ര അവഹാദ് രംഗത്തെത്തി. താന്‍ സ്വാതന്ത്ര്യദിനത്തില്‍ മട്ടണ്‍ പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 'നമുക്ക് സ്വാതന്ത്ര്യം ലഭിച്ച ദിവസം, നമുക്ക് ഇഷ്ടമുള്ളത് കഴിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ കവര്‍ന്നെടുക്കുകയാണ്. ആളുകള്‍ എന്ത് കഴിക്കണം, എപ്പോള്‍ കഴിക്കണം എന്ന് തീരുമാനിക്കാന്‍ നിങ്ങള്‍ ആരാണ്?' എന്ന് അദ്ദേഹം എക്സിലെ പോസ്റ്റില്‍ കുറിച്ചു.

അതേസമയം, പൊതു ക്രമസമാധാനം ഉറപ്പാക്കുന്നതിനും ദേശീയ ദിനങ്ങള്‍ ആചരിക്കുന്നതിനുമുള്ള ദീര്‍ഘകാല ഭരണപരമായ തീരുമാനങ്ങള്‍ക്ക് അനുസൃതമായാണ് ഈ നീക്കമെന്ന് ഉത്തരവില്‍ ഒപ്പിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ കാഞ്ചന്‍ ഗെയ്ക്വാദ് വിശദീകരിച്ചു.

Next Story

RELATED STORIES

Share it