India

മണിപ്പുരില്‍ അസം റൈഫിള്‍സ് വാഹനത്തിന് നേരെ ആക്രമണം: രണ്ടുപേര്‍ അറസ്റ്റില്‍

മണിപ്പുരില്‍ അസം റൈഫിള്‍സ് വാഹനത്തിന് നേരെ ആക്രമണം: രണ്ടുപേര്‍ അറസ്റ്റില്‍
X

ഇംഫാല്‍: ഇംഫാലിന് സമീപം അസം റൈഫിള്‍സ് വാഹനത്തിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മണിപ്പുരില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അജ്ഞാതരായ തോക്കുധാരികള്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന വാനും സംഭവസ്ഥലത്തിന് 12 കിലോമീറ്റര്‍ അകലെനിന്ന് കണ്ടെത്തിയിട്ടുണ്ട്.

വാഹനത്തിന് ഒന്നിലധികം ഉടമകളുണ്ടെന്നാണ് പോലിസ് കണ്ടെത്തല്‍. ഇവരെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഇംഫാലിലുള്ള റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (ആര്‍ഐഎംഎസ്) ചികില്‍സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു ആക്രമണം. ഇംഫാലില്‍നിന്ന് ബിഷ്ണുപൂരിയിലേക്ക് പോവുകയായിരുന്ന അര്‍ധസൈനിക വിഭാഗത്തിന്റെ വാഹനത്തിന് നേരെയായിരുന്നു ആക്രമണം. നമ്പോള്‍ സബല്‍ ലെയ്കായ് പ്രദേശത്ത് വച്ച് തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇംഫാലിനും ചുരാചന്ദ്പുരിനും ഇടയ്ക്കുവെച്ചായിരുന്നു ആക്രമണം.

ആക്രമണം നടന്ന് ഒരുദിവസത്തിനുശേഷം ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയുടെ നേതൃത്വത്തില്‍ മണിപ്പുരിലെ തന്ത്രപ്രധാനയിടങ്ങളില്‍ സുരക്ഷ കൂട്ടുന്നതിനായുളള ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പോലിസ് ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.





Next Story

RELATED STORIES

Share it