India

മഹാരാഷ്ട്ര സര്‍ക്കാരിന്റെ മദ്യനയം; അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് അണ്ണാ ഹസാരെ

മഹാരാഷ്ട്ര സര്‍ക്കാരിന്റെ മദ്യനയം; അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് അണ്ണാ ഹസാരെ
X

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് അണ്ണാ ഹസാരെ. ഫെബ്രുവരി 14 മുതല്‍ റാലേഗന്‍ സിദ്ധിയിലെ യാദവ് ബാബ ക്ഷേത്രത്തില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സൂപ്പര്‍മാര്‍ക്കറ്റുകളിലും വാക്ക് ഇന്‍ സ്‌റ്റോറുകളിലും വൈന്‍ വില്‍ക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയാണ് ഹസാരെയുടെ പ്രതിഷേധം. നിരാഹാര സമരം പ്രഖ്യാപിച്ചത് വ്യക്തമാക്കി ഹസാരെ മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ചു.

സംസ്ഥാനത്തെ തൊഴിലാളികളുടെയും ജനങ്ങളുടെയും വികാരം മാനിച്ച് തീരുമാനം പിന്‍വലിക്കണം. ഇല്ലെങ്കില്‍ ഫെബ്രുവരി 14 മുതല്‍ റലേഗാവ് സിദ്ധിയിലെ യാദവ് ബാബ ക്ഷേത്രത്തില്‍ ഞാന്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനും വൈന്‍ ഉത്പാദകരുടേയും വില്‍പ്പനക്കാരുടെയും താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്താണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തതെന്ന് തോന്നുന്നു. എന്നാല്‍, ഈ തീരുമാനം കുട്ടികളെയും യുവാക്കളെയും മദ്യത്തിന് അടിമകളാക്കാന്‍ ഇടയാക്കും.

അവരാണ് അതിന്റെ ദുരിതം അനുഭവിക്കുക. തീരുമാനം പുനപ്പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഹസരെ കത്തില്‍ ആവശ്യപ്പെട്ടു. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് രണ്ട് കത്തുകള്‍ നല്‍കിയെങ്കിലും മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് അണ്ണാ ഹസാരെ കുറ്റപ്പെടുത്തുന്നു. സമാനചിന്താഗതിയുള്ള സാമൂഹിക സംഘടനയുടെ പിന്തുണ തേടാനും അദ്ദേഹം പദ്ധതിയിടുന്നുണ്ട്. വാര്‍ഷിക ലൈസന്‍സിങ് ഫീസായ 500 രൂപ ഈടാക്കി സംസ്ഥാനത്തുടനീളമുള്ള സൂപ്പര്‍മാര്‍ക്കറ്റുകളിലും പലചരക്ക് കടകളിലും വൈന്‍ വില്‍ക്കാനുള്ള നിര്‍ദേശത്തിനാണ് ഉദ്ധവ് താക്കറെയുടെ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

Next Story

RELATED STORIES

Share it