India

കൊറോണയെ തടയാന്‍ 'ഗോമൂത്ര പാര്‍ട്ടി' സംഘടിപ്പിച്ച് ഹിന്ദു മഹാസഭ

സമാനരീതിയില്‍ രാജ്യത്തെ മറ്റിടങ്ങളിലും പാര്‍ട്ടി സംഘടിപ്പിക്കാനാണ് ഹിന്ദു മഹാസഭയുടെ തീരുമാനം.

കൊറോണയെ തടയാന്‍ ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിച്ച് ഹിന്ദു മഹാസഭ
X

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തടയാന്‍ ഗോമൂത്രം മതിയെന്ന വാദവുമായി ഹിന്ദു മഹാസഭ. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ അഖില ഭാരത ഹിന്ദു മഹാസഭയുടെ നേതൃത്വത്തില്‍ ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിച്ചു. ഗോമൂത്രം, ചാണകം, നെയ്യ്, പാല്‍, തൈര് എന്നിവ ചേര്‍ത്തുണ്ടാക്കിയ പഞ്ചഗവ്യ പാനീയമാണ് ഇവര്‍ ചടങ്ങില്‍വച്ച് കുടിച്ചത്.

ഏകദേശം 21 വര്‍ഷത്തോളമായി തങ്ങള്‍ ഗോമൂത്രം കുടിക്കുന്നുണ്ടെന്നും ചാണകം ഉപയോഗിച്ച് കുളിക്കാറുണ്ടെന്നും പാര്‍ട്ടിയില്‍ പങ്കെടുത്ത ഓംപ്രകാശ് എന്നയാള്‍ പറഞ്ഞു. തങ്ങള്‍ക്ക് ഇംഗ്ലീഷ് മരുന്നുകള്‍ ആവശ്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഹിന്ദു മഹാസഭ അധ്യക്ഷന്‍ ചക്രപാണി മഹാരാജ് ചടങ്ങില്‍ ഗോമൂത്രം ഉപയോഗിച്ചുണ്ടാക്കിയ പാനീയം കുടിച്ച് ചിത്രങ്ങള്‍ക്ക് പോസ് ചെയ്തു.

ഏകദേശം ഇരുന്നൂറോളം പേരാണ് ശനിയാഴ്ച നടന്ന ഗോമൂത്ര പാര്‍ട്ടിയില്‍ പങ്കെടുത്തത്. സമാനരീതിയില്‍ രാജ്യത്തെ മറ്റിടങ്ങളിലും പാര്‍ട്ടി സംഘടിപ്പിക്കാനാണ് ഹിന്ദു മഹാസഭയുടെ തീരുമാനം.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകത്താകെ ഇതുവരെ അയ്യായിരത്തിലധികം പേരാണ് മരിച്ചത്. ഒന്നരലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനിടെയാണ് കൊറോണ വൈറസ് ബാധയെ ചെറുക്കാന്‍ ഗോമൂത്രം മതിയെന്ന വാദവുമായി അഖില ഭാരത ഹിന്ദു മഹാസഭ രംഗത്തെത്തിയിരിക്കുന്നത്.

ഗോമൂത്ര പാര്‍ട്ടിയില്‍ പ്രദര്‍ശിപ്പിച്ച ഒരു ബോര്‍ഡില്‍ കൊറോണ വൈറസിനെ തീ വിഴുങ്ങുന്ന ഒരു മനുഷ്യന്റെ ചിത്രവും ചുറ്റും കൊറോണയില്‍ നിന്ന് നമ്മളെ രക്ഷിക്കൂ എന്ന് വിളിച്ചു പറയുന്ന മാംസാഹാരം കഴിക്കുന്ന ചൈനക്കാരെ ചിത്രീകരിച്ചതിലൂടെ ഹിന്ദു മഹാസഭ അവരുടെ വംശീയത പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന പ്രതികരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it