India

എംപിമാര്‍ക്കുള്ള ക്രെഡിറ്റ് വിമാനയാത്രാ സൗകര്യം എയര്‍ ഇന്ത്യ നിര്‍ത്തലാക്കി

എംപിമാര്‍ക്കുള്ള ക്രെഡിറ്റ് വിമാനയാത്രാ സൗകര്യം എയര്‍ ഇന്ത്യ നിര്‍ത്തലാക്കി
X

ന്യൂഡല്‍ഹി: ഉടമസ്ഥാവകാശം ടാറ്റയ്ക്ക് ലഭിച്ചതിന് പിന്നാലെ പാര്‍ലമെന്റ് അംഗങ്ങള്‍ക്കായുണ്ടായിരുന്ന ക്രെഡിറ്റ് വിമാനയാത്രാ സൗകര്യം എയര്‍ ഇന്ത്യ നിര്‍ത്തലാക്കി. ഇതോടെ വിമാനയാത്രാക്കൂലി എംപിമാരുടെ ശമ്പളത്തില്‍നിന്നും പിന്നീട് ഈടാക്കുന്ന രീതി നിര്‍ത്താലാക്കുന്നതായി ലോക്‌സഭാ, രാജ്യസഭാ സെക്രട്ടറി ജനറല്‍മാര്‍ എംപിമാരെ അറിയിച്ചു. ഇനി മുതല്‍ ഉടന്‍ പണം നല്‍കിയാല്‍ മാത്രമേ എയര്‍ ഇന്ത്യയുടെ വിമാന ടിക്കറ്റുകള്‍ ലഭ്യമാവൂ എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

എയര്‍ ഇന്ത്യ ഓഹരികള്‍ ടാറ്റ വാങ്ങിയതോടെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി എയര്‍ ഇന്ത്യയ്ക്ക് കൊടുത്തുതീര്‍ക്കാനുള്ള പണം നല്‍കാന്‍ കഴിഞ്ഞ കേന്ദ്ര ധനമന്ത്രാലയം വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ക്രെഡിറ്റ് യാത്രാ സൗകര്യവും നിര്‍ത്തലാക്കിയത്.

എയര്‍ ഇന്ത്യ യാത്രയ്ക്കായി പാര്‍ലമെന്റ് സെക്രട്ടേറിയറ്റില്‍നിന്ന് എംപിമാര്‍ക്ക് നല്‍കിയിരുന്ന എക്‌സ്‌ചേഞ്ച് ഉത്തരവ് നിര്‍ത്തലാക്കിയെന്നാണ് ഔദ്യോഗിക അറിയിപ്പ്. പാര്‍ലമെന്റ് കൗണ്ടറില്‍നിന്നുള്ള പ്രത്യേക അപേക്ഷ പൂരിപ്പിച്ച് നല്‍കിയാല്‍ ക്രെഡിറ്റ് വ്യവസ്ഥയില്‍ എയര്‍ ഇന്ത്യയുടെ വിമാനടിക്കറ്റുകള്‍ നല്‍കുന്നതായിരുന്നു നിലവിലെ രീതി.

വിമാനത്താവളങ്ങളിലെ എയര്‍ ഇന്ത്യ കൗണ്ടറുകളില്‍നിന്ന് ഇങ്ങനെ ടിക്കറ്റെടുക്കാമായിരുന്നു. യാത്രാക്കൂലി പിന്നീട് എംപിമാരുടെ ശമ്പളത്തില്‍നിന്ന് ഈടാക്കി പാര്‍ലമെന്റ് അക്കൗണ്ടില്‍നിന്ന് എയര്‍ ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു പതിവ്. ഇതോടൊപ്പം എംപിമാര്‍ക്ക് വിമാനടിക്കറ്റിന്റെ നികുതി മാത്രം നല്‍കി ബിസിനസ് ക്ലാസില്‍ ഒരു കൂട്ടാളിയെ കൊണ്ടുപോവാന്‍ കഴിയാവുന്ന സൗകര്യവുമുണ്ടായിരുന്നു. അതും ഇനി ഉണ്ടായേക്കില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക ഉത്തരവൊന്നുമില്ല.

Next Story

RELATED STORIES

Share it