India

പെഗാസസ്: സ്വന്തം ജനതയ്‌ക്കെതിരേ ഫാഷിസ്റ്റ് ഭരണകൂടം നടത്തുന്ന ചാരപ്പണിയാണെന്ന് എ വിജയരാഘവന്‍

ജനാധിപത്യത്തിനും ജനാധിപത്യ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന ഭരണഘടനയ്ക്കും എതിരായ ആക്രമണമാണ് ബിജെപി സര്‍ക്കാര്‍ നടത്തുന്നത്.

പെഗാസസ്: സ്വന്തം ജനതയ്‌ക്കെതിരേ ഫാഷിസ്റ്റ് ഭരണകൂടം നടത്തുന്ന ചാരപ്പണിയാണെന്ന് എ വിജയരാഘവന്‍
X

കോഴിക്കോട്: പെഗാസസ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. സ്വന്തം ജനതയ്‌ക്കെതിരേ ഫാഷിസ്റ്റ് സ്വഭാവമുള്ള ഒരു ഭരണകൂടം നടത്തുന്ന ചാരപ്പണിയാണിതെന്നും വിദേശരാജ്യത്തിന്റെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇത്ര വ്യാപകമായി ഫോണുകള്‍ ചോര്‍ത്തിയ സംഭവം ആദ്യമാണെന്നും എ വിജയരാഘവന്‍ പറഞ്ഞു.

ജനാധിപത്യത്തിനും ജനാധിപത്യ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന ഭരണഘടനയ്ക്കും എതിരായ ആക്രമണമാണ് ബിജെപി സര്‍ക്കാര്‍ നടത്തുന്നത്. രാജ്യത്ത് ജനാധിപത്യ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതിന് പ്രത്യേക മാതൃകതന്നെ ബിജെപി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും എ വിജയരാഘവന്‍ പറഞ്ഞു.

ഭരണകൂടത്തെ എതിര്‍ക്കുന്നവരുടെയും ഭരണാധികാരികള്‍ക്ക് സംശയമുള്ളവരുടെയും ഫോണുകള്‍ നിയമത്തിന്റെ മറ ഉപയോഗിച്ചും നിയമവിരുദ്ധമായും ചോര്‍ത്തിയ സംഭവങ്ങള്‍ ഇന്ത്യയില്‍ മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഒരു വിദേശ രാജ്യത്തിന്റെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇത്ര വ്യാപകമായി ഫോണുകള്‍ ചോര്‍ത്തിയ സംഭവം ആദ്യമാണ്. ഇത് വെറും ഫോണ്‍ സംഭാഷണം ചോര്‍ത്തലല്ല എന്നതാണ് പ്രധാന കാര്യം. ലക്ഷ്യം വയ്ക്കുന്ന വ്യക്തിയുടെ സ്വകാര്യജീവിതവുമായി ബന്ധപ്പെടുന്ന മുഴുവന്‍ വിവരവും ചോര്‍ത്തുകയാണ്. ഇ മെയില്‍ സന്ദേശമുള്‍പ്പെടെ. സ്വന്തം ജനതയ്‌ക്കെതിരേ ഫാഷിസ്റ്റ് സ്വഭാവമുള്ള ഒരു ഭരണകൂടം നടത്തുന്ന ചാരപ്പണിയാണിത്.

ഇസ്രായേല്‍ കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പിന്റെ പെഗാസസ് വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ആരുടെയൊക്കെ ഫോണുകളാണ് നിരീക്ഷണത്തിലായിരുന്നതെന്ന് നോക്കിയാല്‍ ഈ ചാരപ്പണിയുടെ ലക്ഷ്യം മനസ്സിലാകും. ഉന്നതരായ പ്രതിപക്ഷ നേതാക്കള്‍, പ്രമുഖരായ പത്രപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ഭീമ കൊറേഗാവ് കേസിലെ ഇരകളെ സഹായിക്കുന്ന അഭിഭാഷകര്‍, സുപ്രിംകോടതിയിലെ ഒരു ജഡ്ജി, പ്രമുഖ ബിസിനസുകാര്‍. തീര്‍ന്നില്ല, കേന്ദ്രഭരണം നിയന്ത്രിക്കുന്നവര്‍ക്ക് സംശയമുള്ള ചില കേന്ദ്രമന്ത്രിമാരും പട്ടികയിലുണ്ട്.

ബിജെപി സര്‍ക്കാരിനെ എതിര്‍ക്കുന്ന നേതാക്കളെയും സംഘടനകളെയും നിശ്ശബ്ദരാക്കുക, സ്വതന്ത്രമായ പത്രപ്രവര്‍ത്തനം അസാധ്യമാക്കുക, നീതിപൂര്‍വകമായി നടക്കേണ്ട തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുക, സംസ്ഥാനങ്ങളിലെ പ്രതിപക്ഷ സര്‍ക്കാരുകളെ തകര്‍ക്കുക, പ്രതിപക്ഷത്തിന്റെ പ്രചാരണം തടയുക, മനുഷ്യാവകാശ പ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിടുക ഇതൊക്കെയാണ് പെഗാസസ് ഉപയോഗിച്ച് ചെയ്യുന്നത് അല്ലെങ്കില്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Next Story

RELATED STORIES

Share it