Latest News

വാഷിങ്ടണ്‍ ഡിസി മേയര്‍ തിരഞ്ഞെടുപ്പില്‍ ജനവിധി തേടി തമിഴ്നാട് സ്വദേശിനി

വാഷിങ്ടണ്‍ ഡിസി മേയര്‍ തിരഞ്ഞെടുപ്പില്‍ ജനവിധി തേടി തമിഴ്നാട് സ്വദേശിനി
X

വാഷിങ്ടണ്‍: അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണ്‍ ഡിസിയുടെ മേയര്‍ സ്ഥാനത്തേക്കുള്ള പ്രൈമറി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തമിഴ്നാട് സ്വദേശിനി റിനി സമ്പത്ത്. 'പുതിയൊരു ഡിസി' എന്ന മുദ്രാവാക്യവുമായി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ് 31കാരിയായ റിനി ജനവിധി തേടുന്നത്.

ദക്ഷിണേഷ്യന്‍ വംശജയായ വനിതയായി ഈ മല്‍സരത്തില്‍ ശ്രദ്ധേയ സാന്നിധ്യമാകുന്ന റിനി, വിജയിച്ചാല്‍ വാഷിങ്ടണ്‍ ഡിസിയുടെ ചരിത്രത്തില്‍ പുതിയ അധ്യായമാകും. തമിഴ്നാട്ടിലെ തേനിയില്‍ ജയിച്ച റിനി ഏഴാം വയസ്സിലാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്. കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി ഡിസിയില്‍ സ്ഥിരതാമസക്കാരിയായ റിനി, ഗവണ്‍മെന്റ് കോണ്‍ട്രാക്ടറായി പ്രവര്‍ത്തിച്ചുവരികയാണ്.

പരമ്പരാഗത രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത 'ഔട്ട്സൈഡര്‍' സ്ഥാനാര്‍ഥിയെന്ന നിലയിലാണ് റിനി സ്വയം അവതരിപ്പിക്കുന്നത്. പ്രത്യേക താല്‍പ്പര്യ ഗ്രൂപ്പുകളുടെ പിന്തുണയില്ലാതെ സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രചാരണം മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് അവര്‍ വ്യക്തമാക്കുന്നു. വാഷിങ്ടണ്‍ ഡിസിയുടെ രാഷ്ട്രീയ രംഗത്ത് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ദീര്‍ഘകാല ആധിപത്യമുണ്ട്. 1975നു ശേഷം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ക്ക് മേയര്‍ സ്ഥാനം നേടാനായിട്ടില്ല. നിലവില്‍ ഒരു മേയറും 13 അംഗ കൗണ്‍സിലുമാണ് നഗരഭരണം നിയന്ത്രിക്കുന്നത്.

ഇന്ത്യന്‍ വംശജനായ നദീം ആദം ഖാനും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരരംഗത്തുണ്ട്. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് അദ്ദേഹം മല്‍സരിക്കുന്നത്. ജൂണ്‍ 16നാണ് പ്രൈമറി തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ മൂന്നിനുള്ള പൊതുതിരഞ്ഞെടുപ്പില്‍ അന്തിമ ഫലം വ്യക്തമാകും.

Next Story

RELATED STORIES

Share it