India

മുംബൈയില്‍ കൊവിഡ് പടരുന്നു; സ്വകാര്യാശുപത്രിയിലെ 40 മലയാളി നഴ്സുമാര്‍ക്ക് വൈറസ് ബാധ

കൊവിഡ് ഐസോലേഷന്‍ വാര്‍ഡുകളാണ് ഇപ്പോള്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നത്. മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 700 കടന്നു. 24 മണിക്കൂറിനിടെ 113 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.

മുംബൈയില്‍ കൊവിഡ് പടരുന്നു; സ്വകാര്യാശുപത്രിയിലെ 40 മലയാളി നഴ്സുമാര്‍ക്ക് വൈറസ് ബാധ
X

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ കൊവിഡ്- 19 പടരുന്നു. മുംബൈ സെന്‍ട്രലിലെ സ്വകാര്യാശുപത്രിയിലെ 40 മലയാളി നഴ്സുമാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരെ ഐസോലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുമായി സമ്പര്‍ക്കത്തിലുള്ള 150 ലധികം നഴ്സുമാരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു. ആകെ 51 പേര്‍ക്കാണ് ആശുപത്രിയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 40 പേരും മലയാളി നഴ്സുമാരാണ്.

നേരത്തെ ആശുപത്രിയിലെ ഏഴ് നഴ്സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മറ്റ് നഴ്സുമാരിലും രോഗലക്ഷണങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആശുപത്രിയിലെ 40 മലയാളി നഴ്സുകള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേര്‍ കൊവിഡ് വൈറസ് ബാധിച്ച് ആശുപത്രിയില്‍ മരിച്ചു. ഇവരില്‍നിന്നാവാം ആരോഗ്യപ്രവര്‍ത്തകരിലേക്ക് രോഗം പകര്‍ന്നതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. ഇന്ത്യയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ഇത്ര വലിയ രോഗവ്യാപനം ഇത് ആദ്യമാണ്. ആശുപത്രിയിലെ സര്‍ജനായ ഒരു ഡോക്ടര്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം ധാരാവിയില്‍ താമസിക്കുന്ന വ്യക്തിയാണ്. ആശുപത്രിയിലാകെ മുന്നൂറോളം നഴ്സുമാരാണുള്ളത്. ഇതില്‍ 200 ലധികവും മലയാളി നഴ്സുമാരാണ്. കൊവിഡ് രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്തവര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

കൊവിഡ് ഐസോലേഷന്‍ വാര്‍ഡുകളാണ് ഇപ്പോള്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നത്. മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 700 കടന്നു. 24 മണിക്കൂറിനിടെ 113 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 748 ആയി. ഞായറാഴ്ച മാത്രം മഹാരാഷ്ട്രയില്‍ മരിച്ചത് 13 പേരാണ്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 45 ആയി ഉയര്‍ന്നു. 647 പേര്‍ ഇപ്പോഴും ചികില്‍സയിലാണ്.

Next Story

RELATED STORIES

Share it