India

രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകള്‍കൂടി കേന്ദ്രം സ്വകാര്യവല്‍ക്കരിക്കുന്നു

ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ഇടത്തരം ബാങ്കുകളാണ് സ്വകാര്യവല്‍ക്കരണത്തിനായുള്ള ചുരുക്കപ്പട്ടികയിലുള്ളത്. ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നത് ആയിരക്കണക്കിന് ജീവനക്കാരുടെ ജോലിയെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകള്‍കൂടി കേന്ദ്രം സ്വകാര്യവല്‍ക്കരിക്കുന്നു
X

ന്യൂഡല്‍ഹി: രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകള്‍കൂടി സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായി റിപോര്‍ട്ട്. ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ഇടത്തരം ബാങ്കുകളാണ് സ്വകാര്യവല്‍ക്കരണത്തിനായുള്ള ചുരുക്കപ്പട്ടികയിലുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുമെന്നും കൂടുതല്‍ സ്വകാര്യവല്‍ക്കരണം നടപ്പാക്കുമെന്നും ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം നടത്താനൊരുങ്ങുന്നത്.

അതേസമയം, സര്‍ക്കാര്‍ ഈ വിവരം ഇതുവരെയായും പുറത്തുവിട്ടിട്ടില്ല. പേര് പറയാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് വാര്‍ത്ത പുറത്തുവിട്ടത്. ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നത് ആയിരക്കണക്കിന് ജീവനക്കാരുടെ ജോലിയെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കൂടാതെ രാഷ്ട്രീയപ്പാര്‍ട്ടികളും ബാങ്കിങ് സ്വകാര്യവല്‍ക്കരണത്തിനെതിരേ പ്രതിഷേധവുമായി രംഗത്തുവരും. ബാങ്ക് ഓഫ് ഇന്ത്യയില്‍ 50,000 ത്തോളം ജീവനക്കാരും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 33,000 ജീവനക്കാരും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 26,000 പേരും ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ 13,000 ജീവനക്കാരുമാണുള്ളതെന്ന് ബാങ്കുകളുടെ യൂനിയനുകളില്‍നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.

2021-22 സാമ്പത്തികവര്‍ഷത്തില്‍ ഏപ്രില്‍ മാസംതന്നെ രണ്ട് ബാങ്കുകള്‍ വില്‍ക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ആദ്യഘട്ടം ചെറുകിട, ഇടത്തരം ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണവും പിന്നീട് വലിയ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിലേയ്ക്കും നീങ്ങാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ജീവനക്കാരുടെ എണ്ണം കുറവായതിനാല്‍ വില്‍ക്കപ്പെടുന്ന ആദ്യബാങ്കുകളുടെ പട്ടികയില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയായിരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, ബാങ്കിങ് സ്വകാര്യവല്‍ക്കരണം സംബന്ധിച്ച് ധനമന്ത്രാലയ വക്താവ് പ്രതികരിക്കാന്‍ വിസമ്മതിച്ചു.

കൊവിഡ് പ്രതിസന്ധിയില്‍നിന്ന് കരകയറുന്നതിന്റെ ഭാഗമായാണ് ഇത്തരം പരിഷ്‌കാര നടപടികളെന്നാണ് സര്‍ക്കാര്‍ വാദം. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ നാല് ബാങ്കുകള്‍ വില്‍പ്പനയ്ക്ക് വയ്ക്കണമെന്ന് പ്രധാനമന്ത്രി മോദിയുടെ ഓഫിസ് ആദ്യം ആലോചിച്ചിരുന്നുവെങ്കിലും യൂനിയനുകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നടപടികള്‍ രഹസ്യമാക്കിവയ്ക്കുകയായിരുന്നു. ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനും ഇന്‍ഷുറന്‍സിലെയും മറ്റ് കമ്പനികളിലെയും ഓഹരികള്‍ വില്‍ക്കാനുമുള്ള സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച തൊഴിലാളികള്‍ രണ്ടുദിവസത്തെ പണിമുടക്ക് ആരംഭിച്ചിട്ടുണ്ട്. ജീവനക്കാരുടെ എണ്ണം, ട്രേഡ് യൂനിയനുകളുടെ സമ്മര്‍ദം, രാഷ്ട്രീയപരമായ പ്രത്യാഘാതങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ അന്തിമതീരുമാനമെടുക്കുന്നതിനെ ബാധിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു,

Next Story

RELATED STORIES

Share it