India

കശ്മീര്‍: അര്‍ധസൈനികര്‍ ഓടിച്ച 17കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു; പെല്ലറ്റുകള്‍ തറച്ച് 13 പേര്‍ക്കു പരിക്ക്

ശ്രീനഗറിലെ പാല്‍പോര ഏരിയയിലുള്ള ഉസൈബ് അല്‍ത്താഫ് അര്‍ധസൈനികരുടെ ഇടപെടലിനിടെ കൊല്ലപ്പെട്ടതായി ഹഫിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്തു.

കശ്മീര്‍: അര്‍ധസൈനികര്‍ ഓടിച്ച 17കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു; പെല്ലറ്റുകള്‍ തറച്ച് 13 പേര്‍ക്കു പരിക്ക്
X

ശ്രീനഗര്‍: നരേന്ദ്ര മോദി സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ എടുത്ത തീരുമാനത്തിന്റെ ആദ്യ ഇരയായി 17കാരന്‍. ശ്രീനഗറിലെ പാല്‍പോര ഏരിയയിലുള്ള ഉസൈബ് അല്‍ത്താഫ് അര്‍ധസൈനികരുടെ ഇടപെടലിനിടെ കൊല്ലപ്പെട്ടതായി ഹഫിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്തു. ഇതിനു പുറമേ മഹാരാജ ഹരി സിങ് ഹോസ്പിറ്റലില്‍ പെല്ലറ്റുകള്‍ തറച്ച് പരിക്കേറ്റ 13 പേരെ പ്രവേശിപ്പിച്ചതായും റിപോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ചിലര്‍ക്ക് കണ്ണിലാണ് പരിക്ക്.

ആഗസ്ത് 5ന് അല്‍താഫും കൂട്ടുകാരും കളിസ്ഥലത്തായിരിക്കേയാണ് സിആര്‍പിഎഫ് വളഞ്ഞതെന്ന് അല്‍താഫിന്റെ കുടുംബം ഹഫിങ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു. കശ്മീരിനെ വിഭജിക്കാനുള്ള തീരുമാനം അമിത്ഷാ രാജ്യസഭയില്‍ പ്രഖ്യാപിച്ചതിന് തൊട്ടുടനെയായിരുന്നു സംഭവം.

തുടര്‍ന്ന് ഇവരെ ഒരു പാലത്തിന് മുകളില്‍ രണ്ട് വശത്ത് നിന്നുമായി അര്‍ധസൈനികര്‍ കെണിയില്‍പ്പെടുത്തി. മറ്റു വഴിയൊന്നും കാണാതെ കുട്ടികള്‍ പാലത്തില്‍ നിന്ന് പുഴയിലേക്കു ചാടുകയായിരുന്നു. പുഴയില്‍ മണല്‍ വാരുകയായിരുന്ന തൊഴിലാളികളാണ് ബാക്കിയുള്ളവരെ രക്ഷിച്ചത്. നീന്തല്‍ അറിയാത്ത ഉസൈബ് വെള്ളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. 20 മിനിറ്റോളമാണ് ഉസൈബ് വെള്ളത്തില്‍ കിടന്നതെന്ന് പിതാവ് മുഹമ്മദ് അല്‍താഫ് മറാസി പറഞ്ഞു. രണ്ടു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അല്‍താഫിന്റെ മൃതദേഹമാണ് വീട്ടിലെത്തിയത്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ പ്രദേശത്ത് ഇന്റര്‍നെറ്റ് ഉള്‍പ്പെടെ എല്ലാ ആശയവിനിമയ മാര്‍ഗങ്ങളും വിഛേദിച്ചിരുന്നു. സോഷ്യല്‍ മീഡിയ ചാനലുകളും പ്രാദേശിക വാര്‍ത്താ വെബ്‌സൈറ്റുകളും പ്രാദേശിക പ്രസിദ്ധീകരണങ്ങളുമെല്ലാം രണ്ട് ദിവസമായി നിശ്ശബ്ദമാണ്.

തിങ്കളാഴ്ച്ച മുതല്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നതും കര്‍ശനമായി നിയന്ത്രിച്ചിരിക്കുകയാണ്. 100ലേറെ രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.

പകല്‍ നിരവധി തവണ ശ്രമിച്ചിട്ടും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച്ച അര്‍ധരാത്രിയാണ് ഹഫിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ടര്‍ അല്‍താഫിന്റെ വീട്ടിലെത്തിയത്.

സര്‍ക്കാരോ പോലിസ് സേനയോ ഉള്‍പ്പെട്ട ഒരു അക്രമ സംഭവത്തെക്കുറിച്ചും വിവരങ്ങള്‍ നല്‍കാന്‍ തങ്ങള്‍ക്ക് അനുമതിയില്ലെന്നാണ് ശ്രീ മഹാരാജ ഹരി സിങ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്. മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കരുതെന്നാണ് നിര്‍ദേശമെന്ന് ആശുപത്രിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഹഫിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്തു.

അതേ സമയം, താഴ്‌വരയിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ എന്തൊക്കെയാണെന്നത് സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ ഗവര്‍ണര്‍ സത്യാപാല്‍ മാലിക് ജില്ലാ ഡപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. സൈന്യത്തിലെ ഉന്നതരുമായും ഉദ്യോഗസ്ഥരുമായും സുരക്ഷാ കാര്യങ്ങള്‍ സംബന്ധിച്ച് വിലയിരുത്തി. ആശുപത്രികള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതായും ജനങ്ങള്‍ അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനായി മാര്‍ക്കറ്റില്‍ എത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ ഗവര്‍ണറെ അറിയിച്ചു.

Next Story

RELATED STORIES

Share it