India

ദുരിതപ്പെയ്ത്ത്; ബംഗളൂരുവിലും ചെന്നൈയിലും വെള്ളപ്പൊക്കം രൂക്ഷം, വീടുകളും റോഡുകളും മുങ്ങി

ദുരിതപ്പെയ്ത്ത്; ബംഗളൂരുവിലും ചെന്നൈയിലും വെള്ളപ്പൊക്കം രൂക്ഷം, വീടുകളും റോഡുകളും മുങ്ങി
X

ബംഗളൂരു/ചെന്നൈ: കഴിഞ്ഞ കുറച്ചുദിവസങ്ങളായി ദക്ഷിണേന്ത്യയുടെ ചില ഭാഗങ്ങളില്‍ പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് വടക്കന്‍ ബംഗളൂരുവിലും വടക്കന്‍ ചെന്നൈയിലെ മണാലി പ്രദേശത്തിന്റെ നിരവധി മേഖലകളിലും വെള്ളപ്പൊക്കം രൂക്ഷമായി. ചെന്നൈയിലെ പ്രധാന വ്യവസായ കേന്ദ്രമായ മണാലിയിലെ നിരവധി വീടുകളില്‍ വെള്ളം കയറി. കൊശസ്തലൈയാര്‍ നദി കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്നാണ് വടക്കന്‍ ചെന്നൈയിലും സമീപപ്രദേശങ്ങളിലും വെള്ളം കയറിത്തുടങ്ങിയത്.


ശനിയാഴ്ച ആന്ധ്രാപ്രദേശില്‍ പെയ്ത മഴയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നായ അയല്‍ നഗരമായ ചിറ്റൂരില്‍നിന്ന് കവിഞ്ഞൊഴുകുന്ന അധിക ജലം തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലെ പൂണ്ടി റിസര്‍വോയറിലെത്തിയതോടെ പരമാവധി ശേഷി കടന്നു. ഇതോടെയാണ് ഒറ്റരാത്രികൊണ്ട് ബംഗളൂരു, ചെന്നൈ മേഖലകള്‍ വെള്ളത്തില്‍ മുങ്ങിയത്. സെക്കന്റില്‍ 3,000 ക്യുബിക് അടി വെള്ളം വീതം കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്കു മുമ്പാണ് തുറന്നുവിട്ടത്. എന്നാല്‍, പൂണ്ടി റിസര്‍വോയറില്‍നിന്നുള്ള നീരൊഴുക്ക് ഇപ്പോള്‍ കുറച്ചതായി അധികൃതര്‍ അറിയിച്ചു.

സ്ഥിതിഗതികള്‍ നേരിടാന്‍ വടക്കന്‍ ചെന്നൈയിലെ ചില പ്രദേശങ്ങളില്‍ ബോട്ടുകളും വിന്യസിച്ചിട്ടുണ്ട്. അതിനിടെ, കര്‍ണാടക തലസ്ഥാനമായ ബംഗളൂരുവില്‍ ഒറ്റരാത്രികൊണ്ട് രൂക്ഷമായ വെള്ളപ്പൊക്കമുണ്ടായി. അല്ലലസാന്ദ്ര തടാകം കരകവിഞ്ഞൊഴുകുകയും തടാകത്തിന്റെ പരിസരപ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി പെയ്ത മഴയില്‍ വടക്കന്‍ ബംഗളൂരുവിലെ പല റോഡുകളും വെള്ളത്തിനടിയിലായി. ബംഗളൂരുവിലെ യെലഹങ്ക, നാഗവാര, കോഗിലു ക്രോസ്, വിദ്യാരണ്യപുര മേഖലകളെയാണ് മഴ കൂടുതല്‍ നാശം വിതച്ചത്.

യെലഹങ്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 153 മില്ലിമീറ്റര്‍ മഴ പെയ്തത് പ്രദേശത്തെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. ദേശീയ ദുരന്തപ്രതികരണ സേന (എന്‍ഡിആര്‍എഫ്) സ്ഥലത്തെത്തിയിട്ടുണ്ട്. ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രളയം ദുരിതം വിതച്ചതിന് തൊട്ടുപിന്നാലെയാണ് ബംഗളൂരുവിലും ചെന്നൈയിലും മഴ ശക്തമായത്. ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടാഴ്ച മുമ്പ് രൂപപ്പെട്ട ന്യൂനമര്‍ദം തമിഴ്‌നാട് തീരം കടന്ന് ഒടുവില്‍ ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലെത്തി. ഇതാണ് കഴിഞ്ഞ രണ്ടാഴ്ചയായി പലയിടങ്ങളിലും മഴ കനക്കാന്‍ കാരണം.

Next Story

RELATED STORIES

Share it