Big stories

സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെതിരേ ലൈംഗികാരോപണം

വന്‍ ഗൂഢാലോചനയെന്ന് 'അസാധാരണ സിറ്റിങി'ല്‍ രഞ്ജന്‍ ഗൊഗോയിയുടെ വിശദീകരണം

സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെതിരേ ലൈംഗികാരോപണം
X

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരേ ലൈംഗികാരോപണം. പരാതി പരിശോധിക്കാന്‍ സുപ്രിംകോടതി ഇന്ന് രാവിലെ അസാധാരണ സിറ്റിങ് ചേരുകയും ആരോപണങ്ങളെ പൂര്‍ണമായും നിഷേധിക്കുകയും ചെയ്ത ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ദി വയര്‍, ലീഫ് ലെറ്റ്, കാരവന്‍, സ്‌ക്രോള്‍ ഇന്‍ തുടങ്ങിയ ഓണ്‍ലൈന്‍ പോര്‍ട്ടലുകളാണ് സുപ്രിംകോടതിയിലെ ഒരു മുന്‍ ജീവനക്കാരി ചീഫ് ജസ്റ്റിസിനെതിരേ പീഡന പരാതി നല്‍കിയതായി റിപോര്‍ട്ട് ചെയ്തത്. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ വച്ച് തനിക്ക് മോശം അനുഭവമുണ്ടായെന്നും കാണിച്ച് 22 ജഡ്ജിമാര്‍ക്കാണ് ചീഫ് ജസ്റ്റിസിന്റെ ഓഫിസിലെ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റായ 35 കാരി പരാതി നല്‍കിയത്. യുവതിയെ ചില ക്രമക്കേടുകളുടെ പേരില്‍ നേരത്തേ സര്‍വീസില്‍നിന്നു പുറത്താക്കിയിരുന്നു. പരാതി മാധ്യമങ്ങള്‍ വാര്‍ത്തയായി നല്‍കിയതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ 10.15ഓടെ അടിയന്തിര സിറ്റിങ് സംബന്ധിച്ച അറിയിപ്പ് സുപ്രിംകോടതിയില്‍ നിന്നുണ്ടായത്.



പൊതുതാല്‍പര്യമുള്ള, ഇന്ത്യന്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഒരു സുപ്രധാന വിഷയം ചര്‍ച്ച ചെയ്യാനായി സുപ്രിംകോടതി അടിയന്തര യോഗം ചേരുന്നുവെന്നും, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ ആവശ്യപ്രകാരമാണ് നടപടിയെന്നുമാണ് അഡീഷനല്‍ രജിസ്ട്രാര്‍ പുറത്തു വിട്ട നോട്ടീസില്‍ വ്യക്തമാക്കിയിരുന്നത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് സഞ്ജയ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് അടിയന്തര സിറ്റിങ് ചേര്‍ന്നപ്പോള്‍ ആരോപണങ്ങളെ പൂര്‍ണമായും തള്ളിക്കളയുകയാണെന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. സുപ്രിംകോടതിയുടെ അധ്യക്ഷനായ ചീഫ് ജസ്റ്റിസിനെതിരേയാണ് പരാതിയെന്നതിനാല്‍ മുതിര്‍ന്ന അഭിഭാഷകരുടെ നിലപാടും സുപ്രിംകോടതി പരിഗണിച്ചു.

ആരോപണങ്ങള്‍ക്കു പിന്നില്‍ ജൂനിയര്‍ അസിസ്റ്റന്റ് മാത്രമല്ലെന്നും വന്‍ ഗൂഢാലോചനയുണ്ടെന്നും പറഞ്ഞ രഞ്ജന്‍ ഗൊഗോയി ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അപകടത്തിലാണെന്നും ആരോപണങ്ങളുടെ പേരില്‍ രാജിയില്ലെന്നും പറഞ്ഞു. താന്‍ 20 വര്‍ഷമായി ജഡ്ജിയാണ് എന്നിട്ടും തന്റെ ബാങ്ക് ബാലന്‍സ് 6.80 ലക്ഷം രൂപ മാത്രമാണ്. കറ കളഞ്ഞ ജഡ്ജിയായി തുടരുക എന്നത് എല്ലാ കാലത്തും വെല്ലുവിളിയാണ്. അതുകൊണ്ടാണ് നല്ല ജഡ്ജിമാര്‍ കോടതിയിലേക്ക് വരാത്തത്. പണം കൊണ്ട് തന്നെ തകര്‍ക്കാനാവില്ല എന്ന് ഉറപ്പായപ്പോള്‍ ആണ് വന്‍ ഗൂഢാലോചന നടത്തുന്നത്. പരാതിക്കാരിയായ യുവതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. ഇവരുടെ മോശം റെക്കോഡ് നേരത്തേ പരിശോധിക്കപ്പെട്ടിരുന്നു. സുപ്രിംകോടതിയുടെ സ്വതന്ത്രമായ പ്രവര്‍ത്തന രീതിയെ ബാധിക്കുന്നതാണ് ഇത്തരം പരാതികള്‍. ചീഫ് ജസ്റ്റിസിന്റെ ഓഫിസിനെ തന്നെ തകര്‍ക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഇങ്ങനെയുള്ള പരാതികള്‍ ഉയര്‍ന്നുകഴിഞ്ഞാല്‍ ജഡ്ജിമാരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലാതാവും. ചട്ടപ്രകാരം പ്രവര്‍ത്തിക്കുന്നതില്‍ നിന്നു ജഡ്ജിമാര്‍ ഭയന്ന് പിന്‍മാറും. എന്നാല്‍ താന്‍ നിര്‍ഭയനായി ജോലിയില്‍ തുടരും. ഇതിന്റെ കാര്യത്തില്‍ മാത്രം രാജിവയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ മാധ്യമങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസായി രഞ്ജന്‍ ഗൊഗോയി സ്ഥാനമേറ്റതിനു തൊട്ടടുത്ത ദിവസങ്ങളിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവങ്ങളുണ്ടായത് എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. കേന്ദ്ര അഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അടക്കമുള്ളവര്‍ക്ക് നേരത്തേ പരാതി നല്‍കിയിരുന്നതായും പറയുന്നുണ്ട്.


Next Story

RELATED STORIES

Share it