Districts

അപവാദ പ്രചരണങ്ങളെ തള്ളിക്കളയുക, ലഹരി മാഫിയക്കെതിരായ പോരാട്ടത്തിന് കരുത്ത് പകരുക: എസ്ഡിപിഐ

പാർട്ടിക്ക് ഒരു ബന്ധവുമില്ലാത്ത വിഷയത്തെ പാർട്ടിക്ക് മേൽ കെട്ടിവെച്ച് മതം മാറ്റ ശ്രമമായി ചിത്രീകരിച്ച് പൊതുസൂഹത്തിൽ അവമതിക്കാനുള്ള പ്രവർത്തനങ്ങളെ പാർട്ടി രാഷ്ട്രീയമായും നിയമപരമായും നേരിടും.

അപവാദ പ്രചരണങ്ങളെ തള്ളിക്കളയുക, ലഹരി മാഫിയക്കെതിരായ പോരാട്ടത്തിന് കരുത്ത് പകരുക: എസ്ഡിപിഐ
X

ചങ്ങരംകുളം: ആലംകോട് പഞ്ചായത്തിലെ ചിയാനൂർ പ്രദേശത്തെ ലഹരി മാഫിയ സംഘങ്ങൾക്കെതിരെയുള്ള നാട്ടുകാരുടെ ഒന്നിച്ചുള്ള പോരാട്ടങ്ങളെ രാഷ്ട്രീയവൽക്കരിച്ചും വർഗീയവൽക്കരിച്ചും ഭിന്നിപ്പിക്കാനുള്ള ആർഎസ്എസ് ശ്രമങ്ങളെ നാട്ടുകാർ ചെറുത്ത് തോൽപ്പിക്കണമെന്ന് എസ്ഡിപിഐ പഞ്ചായത്ത് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അഭ്യർത്ഥിച്ചു.

സത്യവുമായി ഒരു ബന്ധവുമില്ലാത്ത ഗീബൽസിയൻ നുണകൾ പ്രചരിപ്പിച്ച് നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത ശ്രമമായേ ഇതിനെ കാണാനാവൂ. കഴിഞ്ഞ ഒരു മാസത്തിനുളളിൽ പഞ്ചായത്തിൻ്റെ പല പ്രദേശങ്ങളിലും ലഹരി മാഫിയ സംഘങ്ങളുടെ അക്രമങ്ങൾ റിപോർട്ട് ചെയ്തിട്ടുള്ളത് എക്സൈസും പോലിസും ഗൗരവമായി കാണുകയും ശക്തമായ നടപടികൾ എടുക്കേണ്ടതുമാണ്.

ചിയ്യാനൂർ പ്രദേശത്തെ ലഹരി മാഫിയക്കെതിരേ നാട്ടുകാർ രൂപീകരിച്ച ജാഗ്രത സമിതിയിൽ എല്ലാ പാർട്ടി പ്രവർത്തകരുമുള്ളത് പോലെ എസ്ഡിപിഐ പ്രവർത്തകരും സജീവമായി രംഗത്തുണ്ട്. എന്നാൽ ലഹരി മാഫിയ സംഘങ്ങൾക്ക് സഹായകമാവും വിധത്തിൽ വിഷയത്തെ വഴി തിരിച്ച് വിടാനും വർഗീയവൽക്കരിക്കാനും രാഷ്ട്രീയവൽകരിച്ച് ലഹരി വിരുദ്ധ സമരങ്ങളെയും ബോധവൽക്കരണ പ്രവർത്തനങ്ങളെയും തകർക്കാനുള്ള ശ്രമങ്ങൾ പ്രശ്നങ്ങളുടെ ആദ്യം മുതൽ തന്നെ ഉണ്ടായിരുന്നു. അന്ന് ജാഗ്രത സമിതിയുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലുകളും ശക്തമായ നിലപാടുമാണ് ദുരാരോപണങ്ങൾ പച്ച പിടിക്കാതെ പോയത്.

അതിൻ്റെ ജാള്യത മറക്കാനാണ് ലഹരി മാഫിയ സംഘങ്ങൾ ജാഗ്രത സമിതി പ്രവർത്തകർക്കെതിരേ കള്ള കേസ് കൊടുക്കുകയും പ്രവർത്തകരിൽ ഒരാളെ പ്രതി ചേർത്ത് പോലിസ് റിമാൻ്റ് ചെയ്ത് ജയിലിലടക്കുകയുമുണ്ടായത്. എന്ന് മാത്രമല്ല ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്ന മറ്റെരു പ്രവർത്തകൻ്റെ വീടും വീട്ടുകാരെയും അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയുമുണ്ടായിട്ടുണ്ട്. ഇത്തരം കള്ളകേസുകൾ കൊണ്ടും ഭീഷണികൾ കൊണ്ടും ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ തകർക്കാമെന്ന മാഫിയ സംഘങ്ങളുടെ വ്യാമോഹം ഇല്ലാതാക്കുന്ന തരത്തിൽ ജയിലിലടക്കപ്പെട്ടവനും വീട് ആക്രമിക്കപ്പെട്ടവനും സജീവമായി തന്നെ പ്രവർത്തിക്കുന്നതാണ് മാഫിയ സംഘങ്ങളെ ഇപ്പോൾ ചൊടിപ്പിച്ചിട്ടുള്ളത്.

അതാണ് പുതിയ കള്ള പ്രചരണങ്ങളുമായി രംഗത്തിറങ്ങാൻ കാരണം. ഇത്തരം കള്ള പ്രചരണങ്ങളെ അവജ്ഞയോടെ തള്ളിക്കളഞ്ഞ് ലഹരിമാഫിയ വിരുദ്ധ പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി നിൽക്കുന്ന ചിയ്യാനൂർ പ്രദേശത്തെ ജനങ്ങളെ എസ്ഡിപിഐ അഭിനന്ദിക്കുകയാണ്. ഇനിയും ഇത്തരം അപവാദ പ്രചരണങ്ങൾ ഉണ്ടാവാനിടയണ്ടെന്നും ഇത്തരം നാടിൻ്റെ ഒരുമയുടെ ശത്രുക്കളെ ജാഗ്രതയോടെ നേരിടണമെന്നും എസ്ഡിപിഐ അഭ്യർത്ഥിച്ചു. ലഹരി സംഘങ്ങൾക്കും അസത്യം പ്രചരിപ്പിച്ച് നാട്ടിലെ സൗഹാർദ്ദ അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കാൻ പോലിസ് ജാഗ്രത കാണിക്കണം.

പാർട്ടിക്ക് ഒരു ബന്ധവുമില്ലാത്ത വിഷയത്തെ പാർട്ടിക്ക് മേൽ കെട്ടിവെച്ച് മതം മാറ്റ ശ്രമമായി ചിത്രീകരിച്ച് പൊതുസൂഹത്തിൽ അവമതിക്കാനുള്ള പ്രവർത്തനങ്ങളെ പാർട്ടി രാഷ്ട്രീയമായും നിയമപരമായും നേരിടും. നിയമ നടപടികളുടെ ഭാഗമായി തിരൂർ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുമുണ്ട്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മുന്നിൽ നിൽക്കുന്ന മുഴുവൻ ആളുകൾക്കും വേണ്ട എല്ലാ അർത്ഥത്തിലുമുള്ള സംരക്ഷണം പാർട്ടി നൽകുമെന്നും അപവാദ പ്രചരണങ്ങളെ പുഛത്തോടെ തള്ളിക്കളഞ്ഞ് ലഹരി വിരുദ്ധ സമരങ്ങളിൽ ജാഗ്രത സമിതി കൂടുതൽ സജീവമാകണമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

വാർത്ത സമ്മേളനത്തിൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ്‌ റഷീദ് പെരുമുക്ക്, അംഗങ്ങളായ അഷ്‌റഫ്‌ ആലംകോട്, ഇ വി മജീദ്, വി പി അബ്ദുൽ ഖാദർ എന്നിവർ പങ്കെടുത്തു.

Next Story

RELATED STORIES

Share it