Districts

ബണ്ട് റോഡില്ല; എട്ട് വര്‍ഷം മുന്‍പ് നിര്‍മാണം നടത്തിയ പാലം ഉപയോഗശൂന്യം

കുഴൂര്‍ ഗ്രാമപ്പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് തുമ്പരശ്ശേരിയില്‍ നിന്നും അന്നമനട ഗ്രാമപഞ്ചായത്തിലെ 16ാം വാര്‍ഡ് കീഴഡൂര്‍ വരെയെത്തുന്ന ബണ്ടിലൂടെ റോഡ് നിര്‍മാണം നടത്തിയാല്‍ മാത്രമാണ് പാലം ഉപയോഗപ്രഥമാകൂ.

ബണ്ട് റോഡില്ല; എട്ട് വര്‍ഷം മുന്‍പ് നിര്‍മാണം നടത്തിയ പാലം ഉപയോഗശൂന്യം
X

മാള: പ്രധാനമായും കര്‍ഷകര്‍ക്കായി എട്ട് വര്‍ഷം മുന്‍പ് നിര്‍മാണം നടത്തിയ പാലം ഇപ്പോഴും ഉപയോഗശൂന്യം. പാലം ആളുകള്‍ക്ക് ഉപയോഗിക്കണമെങ്കില്‍ ബണ്ട് റോഡ് പണിയണം. പാലത്തിന്റെ നിര്‍മാണം കഴിഞ്ഞ് എട്ട് വര്‍ഷമായിട്ടും കര്‍ഷകര്‍ക്കോ മറ്റോ ഉപയോഗിക്കാനാകാത്ത അവസ്ഥയാണ്. കുഴൂര്‍ ഗ്രാമപ്പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് തുമ്പരശ്ശേരിയില്‍ നിന്നും അന്നമനട ഗ്രാമപഞ്ചായത്തിലെ 16ാം വാര്‍ഡ് കീഴഡൂര്‍ വരെയെത്തുന്ന ബണ്ടിലൂടെ റോഡ് നിര്‍മാണം നടത്തിയാല്‍ മാത്രമാണ് പാലം ഉപയോഗപ്രഥമാകൂ. പാലത്തിനോട് അനുബന്ധമായുള്ള ഭാഗത്തെ റോഡ് സംരക്ഷണ ഭിത്തി കെട്ടി ഉയര്‍ത്തി സഞ്ചാരയോഗ്യമാക്കാത്തതാണ് കാരണം.

അന്നമനട ഗ്രാമപഞ്ചായത്തിലെ കീഴഡൂര്‍ ഭാഗത്ത് കുറച്ച് ദൂരം മാത്രമാണ് റോഡ് നിര്‍മ്മാണം കഴിഞ്ഞിട്ടുള്ളത്. ബാക്കി കുഴൂര്‍ ഗ്രാമപഞ്ചായത്തില്‍ വരുന്ന ഒന്നര കിലോമീറ്റര്‍ ഭാഗം സംരക്ഷണ ഭിത്തി കെട്ടി ഉയര്‍ത്തിയാല്‍ നൂറുകണക്കിന് കുടുബങ്ങള്‍ക്ക് ഉപകാരമാകും. 2013 ലാണ് കെഎല്‍ഡിസി കരിക്കാട്ടുചാലിലേക്കുള്ള എക്കാട്ടിത്തോട് വന്‍തോടിന് കുറുകെ പാലം പണിതത്. കര്‍ഷകര്‍ക്ക് വളവും മറ്റും പാടശേഖരത്തിലേക്ക് എത്തിക്കാനും തിരികെ നെല്ലും വൈക്കോലും കൊണ്ടു പോകാനുമായാണ് നബാര്‍ഡ് ഫണ്ടുപയോഗിച്ച് കെ എല്‍ ഡി സി പാലം നിര്‍മ്മിച്ചത്. കുറഞ്ഞത് ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ ബണ്ട് റോഡ് നിര്‍മ്മിച്ചാല്‍ മേലഡൂര്‍, അന്നമനട തുടങ്ങിയ പ്രദേശങ്ങളുമായി കുഴൂര്‍, തുമ്പരശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്കും തിരികേയും ഏറ്റവും എളുപ്പത്തില്‍ യാത്രചെയ്യാം.

വീതിയില്‍ റോഡ് നിര്‍മിച്ചാല്‍ കുണ്ടൂര്‍, കണക്കന്‍കടവ്, പറവൂര്‍, പാറപ്പുറം തുടങ്ങിയ പ്രദേശങ്ങളും ചാലക്കുടി, ആതിരപ്പിള്ളി തുടങ്ങിയ പ്രദേശങ്ങളുമായുള്ള ദൂരം ഗണ്ണ്യമായി കുറയും.

എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാടശേഖരത്തിലൂടെ തച്ചുപറമ്പ്‌മേലാംതുരുത്ത് റോഡ് പണിതിട്ടുണ്ട്. ഇതിനിടയില്‍ ഉണ്ടായിരുന്ന തോടിന് കുറുകെയുണ്ടായിരുന്ന മരപ്പാലത്തിന് പകരം കോണ്‍ഗ്രീറ്റ് പാലം നിര്‍മ്മിച്ചത് ആറ് വര്‍ഷം മുന്‍പാണ്. എക്കാട്ടിത്തോട്‌വന്‍തോട് പദ്ധതിയുടെ ഭാഗമായാണ് കോണ്‍ഗ്രീറ്റ് പാലം നിര്‍മ്മിച്ചത്. കുഴൂര്‍ വിളക്കുംകാല്‍ ജംഗ്ഷനില്‍ നിന്നും പാലം വരെയുള്ള ഭാഗത്ത് റോഡില്‍ ടാറിംഗ് നടത്തിയിട്ടുണ്ട്. പാലം കടന്ന് 50 മീറ്റര്‍ പോലും മുന്നോട്ട് പോകാനാകില്ല. പിന്നെ ആശ്രയം നാമമാത്രമായ വീതിയുളള ബണ്ട് റോഡാണ്.

കഴിഞ്ഞ ഗ്രാമപഞ്ചായത്ത് ഭണസമിതിയുടെ കാലത്ത് റോഡിന്റെ ഉയരം കൂട്ടി പണിയാനായി പദ്ധതി തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. തീരദേശ വികസന കോര്‍പ്പറേഷന് 48 ലക്ഷം രൂപയുടേയും പൊതുമരാമത്ത് വകുപ്പിന് 55 ലക്ഷം രൂപയുടേയും ചെലവ് വരുന്ന എസ്റ്റിമേറ്റാണ് സമര്‍പ്പിച്ചിരുന്നത്. എസ്റ്റിമേറ്റ് സമര്‍പ്പിച്ച് അഞ്ച് വര്‍ഷം പിന്നിട്ടിട്ടും യാതൊരു നീക്കവും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. കുഴൂര്‍ മുതല്‍ പാലം വരെയുള്ള ഇടുങ്ങിയ റോഡിന്റെ വീതി വര്‍ദ്ധിപ്പിച്ച് പണിതാല്‍ ബസ് റൂട്ടിന് വരെ സാദ്ധ്യതയുള്ള പാതയായിത് മാറും. സ്ഥലം എം എല്‍ എയും സര്‍ക്കാരും ഇക്കാര്യത്തില്‍ അടിയന്തിര ശ്രദ്ധ പുലര്‍ത്താത്തതില്‍ ശക്തമായ പ്രതിഷേധമാണുയരുന്നത്.

Next Story

RELATED STORIES

Share it