Nature

കേരളത്തിൽ ഭൂഗർഭ ജലനിരപ്പ് മഴക്കാലത്ത് പോലും താഴുന്നു; പാഴാക്കാതിരിക്കാം ഓരോ തുള്ളിയും

കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്. മഹാനദികൾ ഇന്ന് മാലിന്യക്കൂമ്പാരങ്ങളാണ്.

കേരളത്തിൽ ഭൂഗർഭ ജലനിരപ്പ് മഴക്കാലത്ത് പോലും താഴുന്നു; പാഴാക്കാതിരിക്കാം ഓരോ തുള്ളിയും
X

ഇന്ന് മാർച്ച് 22, ലോക ജലദിനം. ഒരോ തുള്ളി ജലവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ജല സംരക്ഷണം ലക്ഷ്യം വെച്ച് ഓരോ വർഷവും ഓരോ സന്ദേശമാണ് നൽകാറുള്ളത്. ഭൂഗർഭജല സംരക്ഷണമാണ് ഈ വർഷത്തെ ജലദിന സന്ദേശം.

ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ലോക ജലദിനമെന്ന നിർദേശം ആദ്യമായി ഉയർന്നുവന്നത് 1992-ൽ ബ്രസീലിലെ റിയോഡി ജനീറോവിൽ ചേർന്ന യുഎൻ കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്മെന്റിലാണ്. ഇതേ തുടർന്ന് യുഎൻ ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു.

കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്. മഹാനദികൾ ഇന്ന് മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും അന്യമായി മാറുന്നു. ഈ ലോക ജലദിനത്തിൽ ഓർമ്മിക്കപ്പെടേണ്ട വസ്തുതകൾ ഇവയെല്ലാമാണ്.

ഈ വര്‍ഷത്തെ പ്രമേയം ഭൂഗര്‍ഭ ജലം-അദൃശ്യമായതിനെ ദൃശ്യമാക്കുന്നു എന്നതാണ്. ഭൂഗര്‍ഭജലം അദൃശ്യമാണ്, പക്ഷെ അതിന്റെ ഉപയോഗവും ഗുണവും എല്ലായിടത്തും ദൃശ്യമാണ്. നമ്മുടെ കാല്‍ക്കീഴില്‍ നമ്മുടെ ജീവിതത്തെ സമ്പന്നമാക്കുന്ന മറഞ്ഞിരിക്കുന്ന നിധിയാണ് ഭൂഗര്‍ഭജലം. കാലാവസ്ഥാ വ്യതിയാനം കൊണ്ടാണ് ലോകത്തെ ഭൂഗര്‍ഭജലം ഇല്ലാതാക്കുന്നത്. ഈ വിലയേറിയ വിഭവം സുസ്ഥിരമായി കൈകാര്യം ചെയ്യാന്‍ നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഭൂഗര്‍ഭജലം കാഴ്ചയില്‍ നിന്ന് പുറത്തായിരിക്കാം, പക്ഷേ അത് മനസ്സില്‍ നിന്ന് പുറത്തുപോകരുതെന്നുമാണ് പ്രമേയത്തിലൂടെ യുഎന്‍ മാനവരാശിയോട് ആവശ്യപ്പെടുന്നത്.

വലിയതോതില്‍ ഭൂഗര്‍ഭജലം ഊറ്റിയെടുക്കുമ്പോള്‍ മേല്‍മണ്ണിലെ ജലാംശം കുറഞ്ഞുവരുകയും സസ്യങ്ങള്‍ കരിയുന്നതിനിടയാക്കുകയും ചെയ്യുന്നു. മണ്ണിനടിയിലെ ജലത്തിന്റെ പ്രകൃതിദത്തമായ ചലനം നിശ്ചലമാക്കുകയും വെള്ളത്തിന്റെ അളവ് കുറയുകയും ചെയ്യുമ്പോള്‍ മരങ്ങള്‍ കൂട്ടമായി ഉണങ്ങുന്ന പ്രതിഭാസം വരെ കാണപ്പെട്ടിട്ടുണ്ട്. മേല്‍മണ്ണ് വിണ്ടുകീറുന്നപോലെ അന്തര്‍ഭാഗത്തും വലിയ വിള്ളലുകള്‍ ഉണ്ടാകുന്നു. മഴ നന്നായി ലഭിച്ചാല്‍ പോലും ഭൂമിക്കുള്ളിലെ ഈ മുറിവുകള്‍ തുന്നിച്ചേര്‍ക്കാന്‍ പ്രയാസമാണെന്ന ശാസ്ത്രീയ വശവും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്.

പെരുകുന്ന കുഴല്‍ക്കിണറുകളും താഴുന്ന ഭൂഗര്‍ഭജല നിരപ്പും സൃഷ്ടിക്കുന്നത് ഭൗമ അസന്തുലിതാവസ്ഥയാണ്. ഇതിന്റെ സാക്ഷ്യപത്രമാണ് ഇന്ത്യയും. രാജ്യത്തെ ഭൂഗര്‍ഭ ജല ഉപയോഗത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്നാണ്. 1947ല്‍, ഇന്ത്യയില്‍ ഉപയോഗിക്കുന്ന മൊത്തം ജലത്തിന്റെ 35 ശതമാനം മാത്രമായിരുന്നു ഭൂഗര്‍ഭജലത്തിന്റെ ഓഹരി. മൂന്ന് പതിറ്റാണ്ട് പിന്നിട്ടപ്പോഴും ഇതില്‍ കാര്യമായ വര്‍ധനയൊന്നുമുണ്ടായില്ല. എന്നാല്‍ ഹരിതവിപ്ലവവും രാസവള കേന്ദ്രീകൃത കൃഷിരീതിയും കുഴല്‍കിണറുകളുടെ എണ്ണം രാജ്യത്ത് വലിയ തോതില്‍ തന്നെ വര്‍ധിപ്പിച്ചു.

2006-07 വര്‍ഷത്തില്‍ 1.46 മില്യണ്‍ കുഴല്‍ക്കിണറുകളുണ്ടായിരുന്നത് 2013-14 വര്‍ഷമായപ്പോഴേക്കും 2.6 ദശലക്ഷമായെന്നാണ് ചെറുകിട ജലസേചനത്തെ സംബന്ധിച്ച് കേന്ദ്ര ജലവിഭവ വകുപ്പ് 2017 ഡിസംബറില്‍ പുറത്തിറക്കിയ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര ജലവിഭവ വകുപ്പിന്റെ റിപോര്‍ട്ടില്‍ ഗോവ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും ഭൂഗര്‍ഭജലത്തില്‍ മാലിന്യം കലര്‍ന്നതായി രേഖപ്പെടുത്തിയിരിക്കുന്നു.

കുറച്ച് വര്‍ഷം മുമ്പ് നാസ കേരളത്തിലെ ജലസ്രോതസ്സുകളുടെ വിഭവ ഭൂപടം തയ്യാറാക്കിയപ്പോള്‍ മനസ്സിലായത് കണ്ടല്‍ കാടുകളുടെ നശീകരണം, കടല്‍ ക്ഷോഭങ്ങള്‍, നീര്‍ത്തടങ്ങള്‍ നശിപ്പിക്കല്‍, നദീതീര കൈയേറ്റം, നദികളുടെ ശോച്യാവസ്ഥ, പശ്ചിമഘട്ട നശീകരണം, കുളങ്ങള്‍, കിണറുകള്‍ എന്നിവയുടെ തിരോധാനം എന്നിവ മൂലം ജലക്ഷാമം അപകടകരമാം വണ്ണം കൂടുന്നു എന്നായിരുന്നു. കേരളത്തിലെ ഭൂഗര്‍ഭ ജലനിരപ്പ് മഴക്കാലത്തു പോലും അപകടകരമായി താഴുന്നതായി കേന്ദ്ര ഭൂജല പഠന കേന്ദ്രം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്.

ഇതേ സാഹചര്യത്തിൽ കൂടി കേരളം കടന്നുപോകുമ്പോഴാണ് വൻതോതിൽ പാരിസ്ഥിതികാഘാതം സൃഷ്ടിക്കുന്ന കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. എന്നാൽ ഇതിനെതിരേ ഈ വിനാശം തിരിച്ചറിഞ്ഞ് ജനങ്ങൾ കെ റെയിലിനെതിരേ സമര രം​ഗത്തുണ്ടെന്നത് ആശാവഹമാണ്.

Next Story

RELATED STORIES

Share it