Kerala News

വോട്ടെടുപ്പിനു കനത്ത സുരക്ഷ; സംഘര്‍ഷത്തിനു ശ്രമിച്ചാല്‍ കര്‍ശന നടപടി

പ്രശ്‌നബാധിത സ്ഥലങ്ങളില്‍ നിന്ന് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്

വോട്ടെടുപ്പിനു കനത്ത സുരക്ഷ; സംഘര്‍ഷത്തിനു ശ്രമിച്ചാല്‍ കര്‍ശന നടപടി
X

തിരുവനന്തപുരം: ചൊവ്വാഴ്ച നടക്കുന്ന ലോക്‌സഭാ തിഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പോളിങ് ബൂത്തുകളിലും പരിസരങ്ങളിലും സുരക്ഷ ശക്തിപ്പെടുത്തിയതായി സംസ്ഥാന പോലിസ് മേധാവി ലോകനാഥ് ബെഹ്‌റ അറിയിച്ചു. തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൂട്ടംകൂടി നില്‍ക്കുകയും സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രശ്‌നബാധിത മേഖലകളില്‍ റിസര്‍വിലുള്ള പോലിസ് സംഘങ്ങളെ പോളിങ് ബൂത്തിന് സമീപം റോന്ത് ചുറ്റാന്‍ നിയോഗിക്കും. കാമറ സംഘങ്ങള്‍ നിരീക്ഷണം നടത്താത്ത പ്രശ്‌നബാധിത സ്ഥലങ്ങളില്‍ നിന്ന് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇടുങ്ങിയതും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ളതുമായ സ്ഥലങ്ങളില്‍ ഇരുചക്രവാഹനങ്ങളില്‍ പോലിസ് സംഘം പട്രോളിങ് നടത്തും. വനിതാ വോട്ടര്‍മാര്‍ക്ക് സ്വതന്ത്രമായും നിര്‍ഭയമായും വോട്ട് ചെയ്യാന്‍ അവസരം ഒരുക്കുന്നതിനായി 3500ലേറെ വനിതാ പോലിസുകാരെയാണ് ഇത്തവണ നിയോഗിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതല്ലാത്ത പരാതികള്‍ ഉള്‍പ്പടെ സ്വീകരിക്കുന്നതിന് എല്ലാ പോലിസ് സ്‌റ്റേഷനുകളിലും പതിവുസംവിധാനം ലഭ്യമായിരിക്കും. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആവശ്യമെങ്കില്‍ സജ്ജരായിരിക്കാന്‍ മുതിര്‍ന്ന പോലിസ് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.


Next Story

RELATED STORIES

Share it