വടകര: ഇടതു സ്ഥാനാര്‍ഥിക്കെതിരേ ഘടക കക്ഷി നേതാവ് രംഗത്ത്

ജനതാദള്‍ എസ് സംസ്ഥാന സമിതിയംഗം കെ കലാജിത്താണ് സോഷ്യലിസ്റ്റുകളോട് സിപിഎം കാണിച്ച വഞ്ചന തുറന്നു കാട്ടി യുഡിഎഫിനു വേണ്ടി പ്രചാരണത്തിനിറങ്ങുന്നത്.

വടകര: ഇടതു സ്ഥാനാര്‍ഥിക്കെതിരേ ഘടക കക്ഷി നേതാവ് രംഗത്ത്

വടകര: ഇടതുമുന്നണിയുടെ ഘടകകക്ഷിയായ ജനതാദള്‍ എസിന്റെ സംസ്ഥാന സമിതിയംഗം വടകരയില്‍ പി ജയരാജനെതിരെ പ്രചാരണത്തിന്. ജനതാദള്‍ എസ് സംസ്ഥാന സമിതിയംഗം കെ കലാജിത്താണ് സോഷ്യലിസ്റ്റുകളോട് സിപിഎം കാണിച്ച വഞ്ചന തുറന്നു കാട്ടി യുഡിഎഫിനു വേണ്ടി പ്രചാരണത്തിനിറങ്ങുന്നത്.

കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ജനതാ പരിവാര്‍ സംഘടനകള്‍ക്ക് ഒരു സീറ്റുപോലും ലഭിക്കാത്ത തെരഞ്ഞെടുപ്പാണിത്. ജനതാദള്‍ എസും എല്‍ജെഡിയും ഇതിനെതിരെ ശബ്ദിക്കാന്‍പോലും നിന്നില്ല. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലെ നേതാക്കള്‍ക്ക് സ്വന്തം കാര്യം മാത്രമാണ് വലുതെന്നും കലാജിത്ത് പറഞ്ഞു. ഒറ്റപ്പെട്ട എതിര്‍ശബ്ദങ്ങളെ ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങളും സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വവും വാഗ്ദാനം ചെയ്ത് അടക്കിയിരുത്തിയിരിക്കുകയാണ്.

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ നക്കിക്കൊല്ലുന്ന ജോലിയാണ് സിപിഎം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടതുമുന്നണിയെന്നത് സിപിഎമ്മും സിപിഐയും മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. സ്വന്തം കാര്യം മാത്രം നോക്കുന്ന നേതാക്കള്‍ക്കെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മണ്ഡലത്തില്‍ യുഡിഎഫിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും കലാജിത്ത് പറഞ്ഞു. ജനതാദള്‍ എസിലെയും എല്‍ജെഡിയിലെയും പല നേതാക്കളും ഭൂരിഭാഗം പ്രവര്‍ത്തകരും തെരഞ്ഞെടുപ്പിനുശേഷം ഒരു പൊതു പ്ലാറ്റ്‌ഫോം രൂപീകരിക്കാനുള്ള നീക്കത്തിലാണെന്നും അദ്ദേഹം തുടര്‍ന്നു.

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ ഒറ്റുകൊടുക്കുകയാണ് ജനതാപരിവാര്‍ സംഘടനകളിലെ ഉയര്‍ന്ന നേതാക്കളെന്നും ഇത് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ തകര്‍ച്ചക്ക് കാരണമാകുമെന്നും ഇതിനെതിരേയാണ് തങ്ങളുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top