Kottayam

ഇടതോ, വലതോ; കോട്ടയം എങ്ങോട്ട് ?

1952ല്‍ കോട്ടയം മണ്ഡലം രൂപീകൃതമായശേഷം 16 തിരഞ്ഞെടുപ്പുകള്‍ നടന്നു. 11 തവണയും ജയം യുഡിഎഫിനായിരുന്നു. അഞ്ചുവട്ടം ഇടതുപക്ഷം അട്ടിമറി ജയം നേടി. യുഡിഎഫിനുവേണ്ടി കോണ്‍ഗ്രസിന്റെയും പിന്നീട് കേരള കോണ്‍ഗ്രസിന്റെയും പ്രതിനിധികള്‍ മണ്ഡലത്തെ പ്രതിനിധാനം ചെയ്തു. എല്‍ഡിഎഫിനുവേണ്ടി സിപിഎം സ്ഥാനാര്‍ഥികളാണ് അഞ്ചുതവണയും ജയിച്ചത്.

ഇടതോ, വലതോ; കോട്ടയം എങ്ങോട്ട് ?
X

കോട്ടയം: വലത്തോട്ട് കൂടുതല്‍ ചായ്‌വ് കാണിക്കുന്ന ചരിത്രമുള്ള ലോക്‌സഭാ മണ്ഡലമാണ് കോട്ടയം. 1952ല്‍ കോട്ടയം മണ്ഡലം രൂപീകൃതമായശേഷം 16 തിരഞ്ഞെടുപ്പുകള്‍ നടന്നു. 11 തവണയും ജയം യുഡിഎഫിനായിരുന്നു. അഞ്ചുവട്ടം ഇടതുപക്ഷം അട്ടിമറി ജയം നേടി. യുഡിഎഫിനുവേണ്ടി കോണ്‍ഗ്രസിന്റെയും പിന്നീട് കേരളാ കോണ്‍ഗ്രസിന്റെയും പ്രതിനിധികള്‍ മണ്ഡലത്തെ പ്രതിനിധാനം ചെയ്തു. എല്‍ഡിഎഫിനുവേണ്ടി സിപിഎം സ്ഥാനാര്‍ഥികളാണ് അഞ്ചുതവണയും ജയിച്ചത്. ഇതില്‍തന്നെ, മൂന്നുതവണ സുരേഷ്‌കുറുപ്പ് മണ്ഡലത്തില്‍ ചെങ്കൊടി പാറിച്ചു. തുടര്‍ച്ചയായി മൂന്നുതവണ രമേശ് ചെന്നിത്തലയെ തിരഞ്ഞെടുത്തുകൊണ്ടാണ് മണ്ഡലം വലതുചായ്‌വ് കൂടുതല്‍ പ്രകടമാക്കിയത്.

മണ്ഡലം രൂപീകരണത്തിനുശേഷം നടന്ന ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സി പി മാത്യുവാണ് വിജയിച്ചത്. 1957ല്‍ മാത്യു മണിയാടനിലൂടെ കോണ്‍ഗ്രസ് വിജയം ആവര്‍ത്തിച്ചു. എന്നാല്‍, 1967 ല്‍ സിപിഎമ്മിന്റെ കെ എം എബ്രഹാമിന് മുമ്പില്‍ കോണ്‍ഗ്രസിന് കാലിടറിയതോടെ മണ്ഡലം ചുവന്നു. തുടര്‍ന്നങ്ങോട്ട് കോണ്‍ഗ്രസ്- കേരളാ കോണ്‍ഗ്രസ് (എ)ം കൂട്ടുകെട്ടില്‍ കോട്ടയത്ത് യുഡിഎഫിന്റെ ജൈത്രയാത്രയായിരുന്നു. കേരള കോണ്‍ഗ്രസുകള്‍ 1984 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച സ്‌കറിയ തോമസിന്റെ ഹാട്രിക് മോഹം പൊലിഞ്ഞു. സിപിഎമ്മിനുവേണ്ടി കന്നി അങ്കത്തിനിറങ്ങിയ സുരേഷ് കുറുപ്പാണ് സ്‌കറിയ തോമസിനെ മലര്‍ത്തിയടിച്ച് മണ്ഡലം തിരികെപ്പിടിച്ചത്. എന്നാല്‍, തുടര്‍ച്ചയായ മൂന്നുവര്‍ഷങ്ങളില്‍ രമേശ് ചെന്നിത്തലയെ രംഗത്തിറക്കി കോട്ടയത്തെ ശക്തമായ വലതുകോട്ടയാക്കി. മണ്ഡലത്തില്‍ വീണ്ടും ചെങ്കൊടി പാറിച്ചായിരുന്നു രമേശ് ചെന്നിത്തലയോടുള്ള സുരേഷ് കുറുപ്പിന്റെ മധുരപ്രതികാരം. തുടര്‍ന്നുള്ള രണ്ടുവര്‍ഷങ്ങളില്‍ മണ്ഡലത്തില്‍ സുരേഷ് കുറുപ്പിന്റെ പടയോട്ടമായിരുന്നു.

2009ലെ മണ്ഡലം പുനക്രമീകരണത്തോടെ കോട്ടയം കൂടുതല്‍ കരുത്തുള്ള വലതുകോട്ടയായി. ഘടകകക്ഷികള്‍ തമ്മില്‍ പടലപ്പിണക്കങ്ങളുണ്ടായ അവസരങ്ങളിലൊക്കെയാണ് യുഡിഎഫിന് മണ്ഡലം കൈവിട്ടുപോയത്. അപ്പോഴൊക്കെ നേട്ടം കൊയ്തത് എല്‍ഡിഎഫാണ്. മണ്ഡലത്തില്‍ യുഡിഎഫിന് മേല്‍ക്കൈ ഉണ്ടെങ്കിലും കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് മാണി വിഭാഗവും തമ്മിലുള്ള അനൈക്യം യുഡിഎഫ് ക്യാംപില്‍ ആശങ്ക ഉയര്‍ത്തുകയാണ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനതാദളിലെ മാത്യു ടി തോമസിനെ 1,20,599 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരള കോണ്‍ഗ്രസ്- എമ്മിലെ ജോസ് കെ മാണി പാര്‍ലമെന്റിലേക്ക് പോയത്. ജോസ് കെ മാണിക്ക് മണ്ഡലത്തില്‍ 4,24,194 വോട്ടും മാത്യു ടി തോമസിന് 3,03,595 വോട്ടുമാണ് ലഭിച്ചത്. 44,357 വോട്ടുമായി എന്‍ഡിഎ സ്വതന്ത്രന്‍ നോബിള്‍ മാത്യു മൂന്നാം സ്ഥാനത്തുമെത്തി. എസ്ഡിപിഐയും മണ്ഡലത്തില്‍ ശ്രദ്ധേയമായ മല്‍സരം കാഴ്ചവച്ചു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലപരിധിയിലെ പാലാ, കടുത്തുരുത്തി, കോട്ടയം, പുതുപ്പള്ളി, പിറവം എന്നിവിടങ്ങളില്‍ യുഡിഎഫിനായിരുന്നു ജയം. ഏറ്റുമാനൂരിലും വൈക്കത്തും എല്‍ഡിഎഫും ജയിച്ചു.

കേരളാ കോണ്‍ഗ്രസ് (എം)ലെ പൊട്ടിത്തെറി; യുഡിഎഫ് ത്രിശങ്കുവില്‍

കോട്ടയം മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസ് (എം) ല്‍ ഉടലെടുത്ത തര്‍ക്കം യുഡിഎഫിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ മുന്‍ ഏറ്റുമാനൂര്‍ എംഎല്‍എ തോമസ് ചാഴിക്കാടനെ കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ പാര്‍ട്ടി പൊട്ടിത്തെറിയിലേക്ക് പോവുന്നതായാണ് സൂചനകള്‍. രണ്ടുസീറ്റ് വേണമെന്ന കേരളാ കോണ്‍ഗ്രസി (എം) ന്റെ ആവശ്യം കോണ്‍ഗ്രസ് തള്ളിയതിനെത്തുടര്‍ന്നാണ് കോട്ടയത്ത് മല്‍സരിക്കുമെന്ന പ്രഖ്യാപനവുമായി പി ജെ ജോസഫ് രംഗത്തെത്തിയത്. എന്നാല്‍, ജോസഫിന്റെ ആവശ്യം മാണി ഗ്രൂപ്പ് തള്ളിക്കളഞ്ഞത് പാര്‍ട്ടിയെ വീണ്ടുമൊരു പിളര്‍പ്പിലേക്ക് നയിക്കുമോയെന്നാണ് അറിയേണ്ടത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ പരസ്യമായ എതിര്‍പ്പ് പ്രകടിപ്പിച്ച് ജോസഫ് രംഗത്തെത്തിക്കഴിഞ്ഞു. ജോസഫ് ഒറ്റയ്ക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചാല്‍ കോട്ടയത്ത് യുഡിഎഫിന്റെ നില ത്രിശങ്കുവിലാവും.

ജോസഫിന് സീറ്റുനല്‍കതുന്നതിനെ കേരളാ കോണ്‍ഗ്രസി (എം)ന്റെ മണ്ഡലം കമ്മിറ്റികള്‍ ശക്തമായി എതിര്‍ത്തതോടെയാണ് തോമസ് ചാഴിക്കാടനെ ചെയര്‍മാന്‍ കെ എം മാണി പഗിണിച്ചത്. ജില്ലയ്ക്ക് പുറത്തുനിന്നുള്ളവര്‍ മല്‍സരിച്ചാല്‍ അംഗീകരിക്കില്ലെന്ന് പ്രാദേശിക ഘടകങ്ങള്‍ നിലപാട് സ്വീകരിച്ചതിനെത്തുടര്‍ന്ന് ജോസഫിന്റെ നില പരുങ്ങലിലായി. കേരളാ കോണ്‍ഗ്രസി (എം)ന്റെ തീരുമാനം കേട്ടുകേള്‍വിയില്ലാത്തതാണെന്നും തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും ജോസഫ് വ്യക്തമായിട്ടും സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മാണി ചെയ്തത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്താണ് തീരുമാനമെന്നും ജോസഫ് ഉള്‍കൊള്ളുമെന്നാണ് പ്രതീക്ഷയെന്നുമാണ് മാണി വ്യക്തമാക്കിയത്. ഇതോടെ മാണിയും ജോസഫ് ഗ്രൂപ്പും യോജിച്ചുമുന്നോട്ടുപോവില്ലെന്ന്് ഏതാണ്ട് ഉറപ്പായി.

അനൈക്യം വോട്ടാക്കാനൊരുങ്ങി എല്‍ഡിഎഫ്

കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കാന്‍ ജില്ലാ സെക്രട്ടറി വി എന്‍ വാസവനെയാണ് സിപിഎം എല്‍ഡിഎഫ് അങ്കത്തിനിറക്കിയിരിക്കുന്നത്. വാസവന്‍ മണ്ഡലത്തില്‍ പ്രചാരണം തുടങ്ങി ദിവസങ്ങള്‍ക്കുശേഷമാണ് അനിശ്ചിതത്വത്തിനൊടുവില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനായത്. കേരളാ കോണ്‍ഗ്രസിലെ ഭിന്നത തങ്ങള്‍ക്ക് ഗുണകരമാവുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് ക്യാംപ്. മുന്‍ എംഎല്‍എയായ വി എന്‍ വാസവന്‍ പൊതുപ്രവര്‍ത്തനത്തില്‍ സജീവസാന്നിധ്യമാണ്. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണം ആരംഭിക്കുന്നതിന് മുമ്പുതന്നെ മണ്ഡലത്തിലെ മുക്കും മൂലയും കയറിയിറങ്ങി വോട്ടുറപ്പിക്കാനാണ് വാസവന്റെ ശ്രമം.

മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ ഔദ്യോഗിക പ്രഖ്യാപനവും നീളുകയാണ്. ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസ് നേതാവ് പി സി തോമസിന് കോട്ടയം സീറ്റ് നല്‍കാനാണ് എന്‍ഡിഎയില്‍ തത്വത്തിലുണ്ടായ ധാരണ. മുമ്പ് ബിജെപിയുടെകൂടി പിന്തുണയോടെ പി സി തോമസ് മൂവാറ്റുപുഴ എംപിയായിരുന്നു. അതിനുമുമ്പ് മൂന്നുതവണയും ഇതേ മണ്ഡലത്തെ പി സി തോമസ് പ്രതിനിധാനം ചെയ്തു. ക്രൈസ്തവ, നായര്‍ വോട്ടുകളാണ് മണ്ഡലത്തില്‍ വിധി നിര്‍ണയിക്കുക. ശബരിമല യുവതീ പ്രവേശനത്തെച്ചൊല്ലി സിപിഎമ്മുമായി എന്‍എസ്എസ് ഇടഞ്ഞുനില്‍ക്കുകയാണ്.

ശബരിമല വിഷയത്തില്‍ വിശ്വാസസംരക്ഷണത്തിന് ഫലപ്രദമായ ഇടപെടല്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി ബിജെപിയോട് മൃദുസമീപനം പുലര്‍ത്തുന്ന സമീപനമാണ് അടുത്ത കാലത്തായി എന്‍എസ്എസ് സ്വീകരിച്ചുപോരുന്നത്. എന്‍എസ്എസ്സിനെതിരായ സിപിഎമ്മിന്റെ വിമര്‍ശനങ്ങളെ പലപ്പോഴും പ്രതിരോധിച്ചത് കോണ്‍ഗ്രസ് നേതാക്കളായിരുന്നു. തിരഞ്ഞെടുപ്പില്‍ എന്‍എസ്എസ്സിന്റെ പിന്തുണ ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികള്‍. റബര്‍ വിലയിടിവ് ഉള്‍പ്പടെയുള്ള കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങളും വികസനവുമാവും തിരഞ്ഞെടുപ്പിലെ മുഖ്യപ്രചാരണവിഷയം. ശബരിമല യുവതീപ്രവേശ വിധിയുടെ അനുരണനങ്ങളും മണ്ഡലത്തിലെ വോട്ടര്‍മാരെ സ്വാധീനിച്ചേക്കും.

നിയമസഭാ മണ്ഡലങ്ങള്‍

1. പിറവം

2. വൈക്കം

3. കടുത്തുരുത്തി

4. ഏറ്റുമാനൂര്‍

5. കോട്ടയം

6. പുതുപ്പള്ളി

7. പാലാ

ആകെ വോട്ടര്‍മാര്‍- 14,92,711

പുരുഷന്‍മാര്‍- 7,32,435

സ്ത്രീകള്‍- 7,60,269

ട്രാന്‍സ്‌ജെന്‍ഡര്‍- 7

വോട്ടുനില 2014

ജോസ് കെ മാണി (യുഡിഎഫ്)- 4,24,194

മാത്യു ടി തോമസ് (എല്‍ഡിഎഫ്)- 3,03,595

നോബിള്‍ മാത്യു (എന്‍ഡിഎ)- 44,357




Next Story

RELATED STORIES

Share it