Chalakkudy

ചാലക്കുടിയില്‍ ഇന്നസെന്റ് തയാര്‍;തിരുമാനമാകാതെ യുഡിഎഫ്

യുഡിഎഫ് ഇതുവരെ ആരെ മല്‍സരിപ്പിക്കണമെന്ന് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. യുഡിഎഫ് കണ്‍വീനന്‍ ബെന്നി ബഹനാനാണ് മുന്‍ഗണന. കഴിഞ്ഞ തവണ ഇന്നസെന്റിനോട് പരാജയപ്പെട്ട പി സി ചാക്കോയുടെ പേരും ഇവിടെ പരിഗണിക്കുന്നുണ്ട്.എസ്ഡിപി ഐ യും മണ്ഡലത്തില്‍ നിര്‍ണായക ശക്തിയാണ്.കഴിഞ്ഞ തവണ 14,386 വോട്ടുകള്‍ എസ്ഡിപി ഐ ഇവിടെ പിടിച്ചിരുന്നു.എന്‍ഡിഎയും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിട്ടില്ല.

ചാലക്കുടിയില്‍ ഇന്നസെന്റ് തയാര്‍;തിരുമാനമാകാതെ യുഡിഎഫ്
X

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടി ഇത്തവണയും ശ്രദ്ധാ കേന്ദ്രമായി മാറുകയാണ്. 2014 ല്‍ അപ്രതീക്ഷിതമായി എല്‍ഡിഎഫിനു വേണ്ടി കളത്തിലിറങ്ങി ഒടുവില്‍ കരുത്തനായ പി സി ചാക്കോയെ അപ്രതീക്ഷിതമായി മലര്‍ത്തിയടിച്ച് ലോക്സഭയുടെ പടി കയറിയ ചലച്ചിത്ര താരം ഇന്നസെന്റിനെ തന്നെയാണ് ഇക്കുറിയും എല്‍ഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. യുഡിഎഫ് ആകട്ടെ ഇതുവരെ ആരെ മല്‍സരിപ്പിക്കണമെന്ന് അന്തിമ തീരുമാനത്തിലെത്തിയിട്ടുമില്ല. യുഡിഎഫ് കണ്‍വീനന്‍ ബെന്നി ബഹനാനാണ് മുന്‍ഗണനയെങ്കിലും ഇത് സംബന്ധിച്ച് അന്തിമ തീരുമനത്തിലെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ ഇന്നസെന്റിനോട് പരാജയപ്പെട്ട പി സി ചാക്കോയുടെ പേരും ഇവിടെ പരിഗണിക്കുന്നുണ്ട്. ഇത്തവണ മല്‍സര രംഗത്തുണ്ടാവാന്‍ സാധ്യതയില്ലെന്ന് നേരത്തെ പി സി ചാക്കോ സൂചിപ്പിച്ചിരുന്നുവെങ്കിലും ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചാല്‍ മല്‍സരിക്കുമെന്ന് പി സി ചാക്കോ അടുത്തിടെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പേരും ഇവിടെ പരിഗണിക്കുന്നത്. എന്നാല്‍ സമുദായ സമവാക്യം കൂടി പരിഗണിച്ചു മാത്രമെ തൃശൂര്‍.ഇടുക്കി,ചാലക്കുടി എന്നി മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണയം നടത്തുകയുള്ളുവെന്നാണ് വിവരം.

എല്‍ഡിഎഫിലും തുടക്കത്തില്‍ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു.വീണ്ടും മല്‍സരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് തുടക്കത്തില്‍ ഇന്നസെന്റ് പറഞ്ഞതോടയാണ് എല്‍ഡിഎഫില്‍ ആശയക്കുഴപ്പം ആരംഭിച്ചത്. തുടര്‍ന്ന് പി രാജീവ്,സാജുപോള്‍ എന്നിവരുടെ പേരുകള്‍ ചാലക്കുടി മണ്ഡലത്തിലേക്ക് പരിഗണിക്കുന്നതിനിടയില്‍ പാര്‍ടി പറഞ്ഞാല്‍ താന്‍ മല്‍സരിക്കുമെന്ന് പറഞ്ഞ് ആദ്യം എടുത്ത നിലപാടില്‍ നിന്നും ഇന്നസെന്റ് പിന്നാക്കം പോയി.ഇതോടെ ആരെ മല്‍സരിപ്പിക്കണമെന്ന് സിപിഎം ആശയക്കുഴപ്പത്തിലായി.ഇതിനിടയില്‍ ചാലക്കുടിയിലെ ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ വീണ്ടും ഇന്നസെന്റിനെ മല്‍സരിപ്പിക്കുന്നതിനെ എതിര്‍ത്തു. ഇന്നസെന്റിനെ മല്‍സരിപ്പിച്ച് മണ്ഡലം കൈവിട്ടു പോയാല്‍ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വത്തിനായിരിക്കുമെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ഒടുവില്‍ ഇന്നസെന്റിന് തന്നെ വീണ്ടും നറുക്കു വീഴുകയായിരുന്നു.ചാലക്കുടിയില്‍ സജീവമായി പരിഗണിച്ചിരുന്ന രാജീവിന് എറണാകുളവും നല്‍കി.പി സി ചാക്കോയ്‌ക്കെതിരെ കഴിഞ്ഞ തവണ 13,884 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഇന്നസെന്റ് വിജയിച്ചത്. കഴിഞ്ഞ തവണ നേടിയ വിജയം ഇക്കുറിയും ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് സിപിഎം കണക്കു കൂട്ടുന്നത്. എന്നാല്‍ കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം ഇക്കുറി ഏതു വിധേനയും തിരിച്ചു പിടിക്കുകയെന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം അതിനുള്ള കരുക്കളാണ് കോണ്‍ഗ്രസ് നീക്കുന്നത്.

സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞതോടെ പ്രചരണവുമായി ഇന്നസെന്റ് മണ്ഡലത്തില്‍ സജീവമായിക്കഴിഞ്ഞു.എസ്ഡിപി ഐയും മണ്ഡലത്തില്‍ നിര്‍ണായക ശക്തിയാണ്. കഴിഞ്ഞ തവണ തിരഞ്ഞെടുപ്പില്‍ 14,386 വോട്ടുകള്‍ എസ്ഡിപി ഐ ഇവിടെ പിടിച്ചിരുന്നു. ഇത്തവണയും ശക്തമായ പോരാട്ടം കാഴ്ചവെയക്കുന്നതിനായുള്ള ഒരുക്കത്തിലാണ് എസ്ഡിപി ഐ. ഇതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടന്നു വരികയാണ്.എന്‍ഡിഎയും ഇവിടെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിട്ടില്ല.പഴയ മുകുന്ദപുരം ലോക്സഭാ മണ്ഡലമാണ് പിന്നീട് ചാലക്കുടി മണ്ഡലമായി മാറിയത്. എറണാകുളം മണ്ഡലത്തിന്റെ ഭാഗമായിരുന്ന ആലുവ,കുന്നത്ത്നാട്, പെരുമ്പാവൂര്‍,അങ്കമാലി എന്നിവയും തൃശൂര്‍ ജില്ലയിലെ കൈപ്പമംഗലം,ചാലക്കുടി,കൊടുങ്ങല്ലൂര്‍ എന്നിവയും ഉള്‍പ്പെട്ടതാണ് ചാലുക്കുടി ലോക് സഭാ മണ്ഡലം.

Next Story

RELATED STORIES

Share it