Attingal

മോദി ഭരണത്തിൽ രാജ്യം കണ്ടത് ജനദ്രോഹവും കര്‍ഷകദ്രോഹവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ആറ്റിങ്ങല്‍ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായ എ സമ്പത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മോദി ഭരണത്തിൽ രാജ്യം കണ്ടത് ജനദ്രോഹവും കര്‍ഷകദ്രോഹവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
X

തിരുവനന്തപുരം: ജനദ്രോഹവും കര്‍ഷകദ്രോഹവുമാണ് മോദി ഭരണത്തിൽ രാജ്യം കണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ്റിങ്ങല്‍ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായ എ സമ്പത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മതനിരപേക്ഷതയുടെ പ്രതീകമായ ബാബറി മസ്ജിദ് സംഘപരിവാര്‍ തകര്‍ത്തു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ വക്താക്കള്‍ പരസ്യമായി രംഗത്തുവന്ന് രാമക്ഷേത്രം ഞങ്ങള്‍ നിര്‍മിക്കുമെന്ന് പറയുന്നു. രണ്ടും തമ്മില്‍ എവിടെയാണ് വ്യത്യാസമെന്നും പിണറായി ചോദിച്ചു. ബിജെപിയുടെ അതിക്രമത്തിനെതിരെ രാജ്യമാകെ ഒന്നിക്കുമ്പോൾ കോണ്‍ഗ്രസില്‍ നിന്നും പലരും ബിജെപിയിലേക്ക് ചേക്കേറുന്നു.

ഇത്തരം വിഷയങ്ങളിൽ ഇടതുപക്ഷത്തിന് എന്തു ചെയ്യാൻ കഴിയുമെന്നത് പലഘട്ടങ്ങളില്‍ തെളിയിച്ചിട്ടുണ്ട്. ഇടതുപക്ഷത്തന്റെ ഉള്ള ശക്തി ശരിയായി പ്രയോഗിച്ചതിന്റെ ഗുണം കോണ്‍ഗ്രസിനും കിട്ടി. തൊഴിലുറപ്പുപദ്ധതി, വനാവകാശ നിയമം എന്നിവയൊക്കെ ഇടതുപക്ഷ സമ്മര്‍ദ്ദം കൊണ്ടാണുണ്ടായത്.

നിലവിലെ സഭയിലും എ സമ്പത്തിനെ പോലുള്ള അംഗങ്ങള്‍ വീറുറ്റ പോരാട്ടമാണ് നടത്തിയത്. അതിനാല്‍ ഇടതുപക്ഷത്തെ അവര്‍ ഭയപ്പെടുന്നു. പലവഴിക്ക് ആളുകളെ ഇക്കാലത്ത് സ്വാധീനിക്കാം. കര്‍ണാകയില്‍ കോടികള്‍ കൊടുക്കുകയാണ് ഓരോ എംഎല്‍എയ്ക്കും. ഇവിടെ ആളെ മൂടാനുള്ള കോടി കൊണ്ടുവന്നാലും ആരെയും തട്ടിയെടുക്കാനാകില്ലെന്ന് എല്ലാവര്‍ക്കും അറിയാം. അതാണ് വിട്ടുവീഴ്ചയില്ലാത്ത സമീപനം. തൊഴിലാളികളുടേയും കര്‍ഷകരുടേയും താല്‍പര്യം സംരക്ഷിക്കുക എന്നതില്‍ വിട്ടുവീഴ്ചയില്ല. സംസ്ഥാനം കൃത്യമായി നിലപാടുകള്‍ എടുത്തിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പ് രാജ്യത്തെ സംബന്ധിച്ച് പ്രധാനമാണ്. രാജ്യത്താകെ നിന്നും വ്യത്യസ്തമായ ഒരു ബദല്‍ നയമാണ് കേരള സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it