Big stories

കള്ളവോട്ട് സ്ഥിരീകരിച്ച ബൂത്തുകളില്‍ ഞായറാഴ്ച റീ പോളിങ്

സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായാണ് കള്ളവോട്ടിനെ തുടര്‍ന്ന് റീപോളിങ് നടക്കുന്നത്

കള്ളവോട്ട് സ്ഥിരീകരിച്ച ബൂത്തുകളില്‍ ഞായറാഴ്ച റീ പോളിങ്
X

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്ന് സ്ഥിരീകരിച്ച കാസര്‍കോഡ്, കണ്ണൂര്‍ മണ്ഡലങ്ങളിലെ നാലു ബൂത്തുകളില്‍ ഞായറാഴ്ച റീ പോളിങ് നടക്കും. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ കല്ല്യാശ്ശേരി, തൃക്കരിപ്പൂര്‍ നിയോജക മണ്ഡലങ്ങളിലെയും കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഒരു ബൂത്തിലുമാണ് റീപോളിങ് നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ മെയ് 19ന് രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്. സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായാണ് കള്ളവോട്ടിനെ തുടര്‍ന്ന് റീപോളിങ് നടക്കുന്നത്. ജനപ്രാതിനിധ്യ നിയമം 1951ലെ സെക്്ഷന്‍ 58 ഉപയോഗിച്ചാണ് കമ്മീഷന്റെ നടപടി.

കാസര്‍കോഡ് മണ്ഡത്തിലെ കല്യാശ്ശേരിയിലെ ബൂത്ത് നമ്പര്‍ 19 പിലാത്തറ, ബൂത്ത് നമ്പര്‍ 69 പുതിയങ്ങാടി ജുമാഅത്ത് എച്ച്എസ് നോര്‍ത്ത് ബ്ലോക്ക്, ബൂത്ത് നമ്പര്‍ 70 ജുമാഅത്ത് എച്ച്എസ് സൗത്ത് ബ്ലോക്ക് എന്നിവടങ്ങളിലും കണ്ണൂര്‍ മണ്ഡലത്തിലെ തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 166 പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂള്‍ എന്നിവടങ്ങളിലുമാണ് റീ പോളിങ് നടത്തുന്നത്. വരണാധികാരി കൂടിയായി കണ്ണൂര്‍ ജില്ലാ കലക്ടറാണ് തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിക്കുക. നാല് ബൂത്തുകളിലെയും ഏപ്രില്‍ 23നു നടന്ന വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. റിട്ടേണിങ് ഓഫിസര്‍മാരുടെ റിപോര്‍ട്ടുകളും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെയും ജനറല്‍ ഒബ്‌സര്‍വറുടെയും റിപോര്‍ട്ടുകളും മറ്റു തെളിവുകളും പരിശോധിച്ച് വിശകലനം ചെയ്താണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തത്. തിരഞ്ഞെടുപ്പിന് ആവശ്യമായ ഒരുക്കങ്ങള്‍ നടത്താനും വിവരം രാഷ്ട്രീയ കക്ഷികളെ അറിയിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിട്ടേണിങ് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ജനറല്‍ ഒബ്‌സര്‍വര്‍മാരെയും വിവരം ധരിപ്പിക്കും.

വോട്ടെടുപ്പിന്റെ പിറ്റേന്ന് തന്നെ കണ്ണൂര്‍ ജില്ലയിലെ പിലാത്തറ യുപി സ്‌കൂളിലെ ബൂത്തില്‍ നടന്ന കള്ളവോട്ട് ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസാണാണ് കള്ളവോട്ട് വിവാദത്തിന് തുടക്കം കുറിച്ചത്. തൊട്ടുപിന്നാലെ സിപിഎം കല്ല്യാശ്ശേരിയിലെയും പാമ്പുരുത്തിയിലെയും കള്ളവോട്ട് ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെയാണ് വലിയ ചര്‍ച്ചയായത്. ഇതുവരെ 17 പേര്‍ കള്ളവോട്ട് ചെയ്തതായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 13 പേര്‍ ലീഗ് പ്രവര്‍ത്തകരും ബാക്കിയുള്ളവര്‍ സിപിഎം പ്രവര്‍ത്തകരുമാണ്. സിപിഎമ്മിന്റെ വനിതാ പഞ്ചായത്തംഗം ഉള്‍പ്പെടെ പ്രതിപ്പട്ടികയിലുണ്ട്. ഇതിനുപുറമെ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധിയുടെ മകള്‍ ഉള്‍പ്പെടെ 199 പേര്‍ക്കെതിരേ കള്ളവോട്ട് ആരോപിച്ച് യുഡിഎഫ് പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. ഏതായാലും റീ പോളിങിനെ വിവിധ സ്ഥാനാര്‍ഥികള്‍ സ്വാഗതം ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it