Health

12 മുതല്‍ 14 വയസ് വരെയുള്ള കുട്ടികളുടെ വാക്‌സിനേഷന്‍; 10.25 ലക്ഷം ഡോസ് കോര്‍ബിവാക്‌സ് സംസ്ഥാനത്ത് ലഭ്യമായി

12 മുതല്‍ 14 വയസ് വരെയുള്ള കുട്ടികളുടെ വാക്‌സിനേഷന്‍; 10.25 ലക്ഷം ഡോസ് കോര്‍ബിവാക്‌സ് സംസ്ഥാനത്ത് ലഭ്യമായി
X

തിരുവനന്തപുരം: 12 മുതല്‍ 14 വയസ് വരെയുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷന് സംസ്ഥാനം സജ്ജമെന്ന് ആരോഗ്യവകുപ്പ്. ഏറ്റവും മികച്ച രീതിയില്‍ വാക്‌സിനേഷന്‍ നടത്തിയ സംസ്ഥാനമാണ് കേരളം. 18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്‌സിനേഷന്‍ 100 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷന്‍ 87 ശതമാനവുമായി. 15 മുതല്‍ 17 വരെയുള്ള കുട്ടികളുടെ ആദ്യ ഡോസ് വാക്‌സിനേഷന്‍ 78 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷന്‍ 44 ശതമാനവുമായി. കരുതല്‍ ഡോസ് വാക്‌സിനേഷന്‍ 48 ശതമാനമാണ്.

കേന്ദ്ര മാര്‍ഗനിര്‍ദേശം ലഭ്യമായാലുടന്‍ അതനുസരിച്ച് കുട്ടികളുടെ വാക്‌സിനേഷന് പദ്ധതി ആവിഷ്‌കരിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. 12 മുതല്‍ 14 വയസുവരെ 15 ലക്ഷത്തോളം കുട്ടികളുണ്ടാവുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. വാക്‌സിനെടുക്കാനുള്ള കേന്ദ്രത്തിന്റെ പ്രൊജക്ടഡ് പോപ്പുലേഷനനുസരിച്ച് ഇത് മാറാന്‍ സാധ്യതയുണ്ട്. കുട്ടികള്‍ക്കായുള്ള 10,24,700 ഡോസ് കോര്‍ബിവാക്‌സ് വാക്‌സിന്‍ സംസ്ഥാനത്ത് ലഭ്യമാക്കിയിട്ടുണ്ട്.

എറണാകുളം 4,03,200 ഡോസ്, കോഴിക്കോട് 2,74,500 ഡോസ്, തിരുവനന്തപുരം 3,47,000 ഡോസ് എന്നിങ്ങനെയാണ് വാക്‌സിന്‍ ലഭ്യമായത്. സംസ്ഥാനത്ത് മാര്‍ച്ച് 16 മുതല്‍ 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും രണ്ടാം ഡോസ് കഴിഞ്ഞ് 9 മാസത്തിന് ശേഷം കരുതല്‍ ഡോസ് എടുക്കാവുന്നതാണ്. നിലവില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്നണി പോരാളികള്‍ക്കും 60 വയസിന് മുകളില്‍ മറ്റ് അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ക്കുമാണ് കരുതല്‍ ഡോസ് നല്‍കിവരുന്നത്.

Next Story

RELATED STORIES

Share it