രക്തദാനത്തിലൂടെ എച്ച്‌ഐവിയെ പേടിക്കേണ്ട; ആധുനിക സംവിധാനവുമായി ശ്രീചിത്ര

രക്തദാനത്തിലൂടെ എച്ച്‌ഐവിയെ പേടിക്കേണ്ട; ആധുനിക സംവിധാനവുമായി ശ്രീചിത്രരക്തദാനം വഴി എച്ച്‌ഐവി പടരുന്നതായ ആശങ്കകള്‍ക്ക് വിരാമമിട്ട് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയും. എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് ബി- സി, രക്തത്തിലെ അണുബാധ തുടങ്ങിയവ രോഗത്തിന്റെ തുടക്കത്തില്‍തന്നെ കണ്ടെത്താന്‍ കഴിയുന്ന പൂര്‍ണമായും സ്വയം പ്രവര്‍ത്തിക്കുന്ന ഓട്ടോമേറ്റഡ് ഇന്‍ഡിവിജ്വല്‍ ഡോണര്‍ ന്യൂക്ലിക് ആസിഡ് ആംപ്ലിഫിക്കേഷന്‍ ടെസ്റ്റ് (ഐഡി നാറ്റ്) സൗകര്യമാണ് ശ്രീചിത്രയില്‍ തുടങ്ങിയത്.

സുരക്ഷിതമല്ലാത്ത രക്തം സ്വീകരിക്കുന്നതുവഴി എച്ച്‌ഐവി ഉള്‍പ്പെടെ പകരുന്നതു തടയാന്‍ ഈ പരിശോധനയിലൂടെ കഴിയുമെന്നതാണ് പ്രത്യേകത. എലിസ പോലുള്ള പരമ്പരാഗത ടെസ്റ്റുകളെ അപേക്ഷിച്ച് രക്തദാതാവിന് എച്ച്‌ഐവി, എച്ച്ബിവി, എച്ച്‌സിവി എന്നിവയുണ്ടോയെന്നു രക്തം സ്വീകരിക്കുന്നതിനു വളരെ മുമ്പുതന്നെ അറിയാം. ഇത് രക്തത്തിലൂടെ രോഗങ്ങള്‍ പകരാനുള്ള സാധ്യത വളരെയധികം കുറയ്ക്കുന്നു. പതിവായി രക്തമടയ്‌ക്കേണ്ടിവരുന്ന തലസ്സേമിയ, സിക്കിള്‍ സെല്‍ അനീമിയ, ക്യാന്‍സര്‍ രോഗികളില്‍ രക്തത്തിലൂടെ രോഗബാധയുണ്ടാവാനുള്ള സാധ്യത താരതമ്യേന കൂടുതലാണ്.

ഒരു വ്യക്തിയില്‍നിന്നുള്ള രക്തഘടകങ്ങള്‍ മൂന്നുപേര്‍ക്ക് നല്‍കാന്‍ കഴിയും. അതായത് സുരക്ഷിതമല്ലെങ്കില്‍ ഒരാളില്‍നിന്നുള്ള രക്തം മൂന്നുപേരുടെ ജീവന്‍ അപടത്തിലാക്കും. അമേരിക്ക, ജപ്പാന്‍, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ശ്രീലങ്ക, തായ്‌ലാന്‍ഡ്, ചൈന, ഇന്തൊനേഷ്യ, ദക്ഷിണാഫ്രിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ രക്തം സ്വീകരിക്കുമ്പോള്‍ ഐഡി നാറ്റ് ടെസ്റ്റ് നിര്‍ബന്ധിതമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ഐഡി നാറ്റ് സംവിധാനമുപയോഗിക്കുന്നത് ഏകദേശം 100 ബ്ലഡ് ബാങ്കുകളിലാണ്.

യുഎസ്, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രക്തം സ്വീകരിക്കുമ്പോള്‍ ഐഡി നാറ്റ് ടെസ്റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സുരക്ഷിതമല്ലാത്ത രക്തം സ്വീകരിച്ചതുവഴി 2009-2016 കാലയളവില്‍ ഇന്ത്യയില്‍ 14,000 പേര്‍ക്ക് എച്ച്‌ഐവി ബാധയുണ്ടായെന്നാണു കണക്ക്. ഇക്കാലയളവില്‍ കേരളത്തില്‍ 162 പേര്‍ക്ക് രക്തം സ്വീകരിച്ചതുവഴി എച്ച്‌ഐവി ബാധയുണ്ടായി. അടുത്തിടെ തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്ററില്‍ ചികില്‍സയിലിരുന്ന കുട്ടിക്ക് എച്ച്‌ഐവി ബാധയുണ്ടായത് വിവാദത്തിന് വഴിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീചിത്രയില്‍ ഐഡി നാറ്റ് പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയത്. ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിഡന്റ് കെ എം ചന്ദ്രശേഖറാണ് ഐഡി നാറ്റ് സംവിധാനം സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
NISHAD M BASHEER

NISHAD M BASHEER

Our Contributor help bring you the latest article around you


RELATED STORIES

Share it
Top