Health

രക്തസമ്മര്‍ദ്ദം തടയാന്‍ കടല്‍പായലില്‍ നിന്നും ഉല്‍പ്പന്നം വികസിപ്പിച്ച് കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനം

കടല്‍പായലുകളില്‍ അടങ്ങിയിരിക്കുന്ന ബയോആക്ടീവ് സംയുക്തങ്ങള്‍ ഉപയോഗിച്ചാണ് കടല്‍മീന്‍ ആന്റിഹൈപ്പര്‍ടെന്‍സീവ് എക്സ്ട്രാക്റ്റ് എന്ന ഉല്‍പ്പന്നം സിഎംഎഫ്ആര്‍ഐ വികസിപ്പിച്ചത്. പലവിധ രോഗങ്ങളിലേക്ക് നയിക്കുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ഇത് പ്രയോജനകരമാണെന്ന് ഉല്‍പന്നം വികസിപ്പിച്ചെടുത്ത സിഎംഎഫ്ആര്‍ഐയിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ കാജല്‍ ചക്രബര്‍ത്തി പറഞ്ഞു

രക്തസമ്മര്‍ദ്ദം തടയാന്‍ കടല്‍പായലില്‍ നിന്നും ഉല്‍പ്പന്നം വികസിപ്പിച്ച് കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനം
X

കൊച്ചി: ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തടയുന്നതിന് കടല്‍പായലില്‍ നിന്നും പ്രകൃതിദത്ത ഉല്‍പ്പന്നവുമായി കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). ഇന്ത്യന്‍ കടലുകളില്‍ സാധാരണയായി കണ്ടുവരുന്ന കടല്‍പായലുകളില്‍ അടങ്ങിയിരിക്കുന്ന ബയോആക്ടീവ് സംയുക്തങ്ങള്‍ ഉപയോഗിച്ചാണ് കടല്‍മീന്‍ ആന്റിഹൈപ്പര്‍ടെന്‍സീവ് എക്സ്ട്രാക്റ്റ് എന്ന ഉല്‍പ്പന്നം സിഎംഎഫ്ആര്‍ഐ വികസിപ്പിച്ചത്.

400 മില്ലിഗ്രാം അളവിലുള്ള ക്യാപ്സൂളകള്‍ പൂര്‍ണമായും പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. പലവിധ രോഗങ്ങളിലേക്ക് നയിക്കുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ഇത് പ്രയോജനകരമാണെന്ന് ഉല്‍പന്നം വികസിപ്പിച്ചെടുത്ത സിഎംഎഫ്ആര്‍ഐയിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ കാജല്‍ ചക്രബര്‍ത്തി പറഞ്ഞു. ഉല്‍പ്പന്നത്തിന് യാതൊരുവിധ പാര്‍ശ്വഫലങ്ങളുമില്ലെന്നത് വിശദമായ ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞതാണെന്നും ഡോ കാജല്‍ ചക്രബര്‍ത്തി പറഞ്ഞു.കടല്‍പ്പായലുകളില്‍ നിന്ന് മൂലഘടകങ്ങളെ വേര്‍തിരിച്ചെടുക്കുന്നതിന് നിയന്ത്രിത ഫാക്ടറി സാഹചര്യങ്ങള്‍ ഒരുക്കിയാണ്് ഉല്‍പ്പന്നം വികസിപ്പിച്ചത് സസ്യാഹാരപ്രേമികള്‍ക്കും കഴിക്കാവുന്ന രീതിയില്‍ സസ്യജന്യ ക്യാപ്സൂളുകളാണ് ആവരണമായി ഉപയോഗിച്ചിട്ടുള്ളത്.

സിഎംഎഫ്ഐആര്‍ഐയില്‍ നടന്ന ചടങ്ങില്‍, കേന്ദ്ര കാര്‍ഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐസിഎആര്‍) ഡയറക്ടര്‍ ജനറലുമായ ഡോ ത്രിലോചന്‍ മൊഹാപത്ര ഉല്‍പ്പന്നം പുറത്തിറക്കി. ഐസിഎആര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ ജെ കെ ജെന അധ്യക്ഷത വഹിച്ചു. ഉല്‍പ്പന്നം വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്നതിന് സ്വകാര്യ സംരംഭകര്‍ക്ക് സിഎംഎഫ്ആര്‍ഐയെ സമീപിക്കാവുന്നതാണെന്ന് ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇതിന് ശേഷമായിരിക്കും ഉല്‍പ്പന്നം വിപണിയില്‍ ലഭ്യമാകുക. കടലില്‍ നിന്നും സിഎംഎഫ്ആര്‍ഐ വികസിപ്പിക്കുന്ന ആറാമത്തെ പ്രകൃതിദത്ത ഉല്‍പ്പന്നമാണിത്. നേരത്തെ, സന്ധിവേദന, പ്രമേഹം, കൊളസ്ട്രോള്‍, തൈറോയിഡ് എന്നിവ തടയുന്നതിന് ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. ഇവ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിച്ചുവരുന്നുണ്ട്.

Next Story

RELATED STORIES

Share it