Health

10,000 സൗജന്യ എംആര്‍ഐ, സി ടി സ്‌കാന്‍ പരിശോധനകള്‍ രോഗികള്‍ക്ക് സൗജന്യമായി ലഭ്യമാക്കുമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍

ഇന്ത്യയിലും ജിസിസിയിലുമായിട്ടാണ് സൗജന്യ പരിശോധന ലഭ്യമാക്കുന്നത്. അര്‍ഹരായവര്‍ക്ക് കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ 1500 എംആര്‍ഐ,സിടി സ്‌കാന്‍ പരിശോധനകള്‍ സൗജന്യമായി ലഭ്യമാക്കും

10,000 സൗജന്യ എംആര്‍ഐ, സി ടി സ്‌കാന്‍ പരിശോധനകള്‍ രോഗികള്‍ക്ക് സൗജന്യമായി ലഭ്യമാക്കുമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍
X

കൊച്ചി: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ 34-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച്, അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലും ജിസിസിയിലുമായി അര്‍ഹരായവര്‍ക്ക് 10,000 സൗജന്യ എംആര്‍ഐ, സിടി സ്‌കാന്‍ പരിശോധനകള്‍ സൗജന്യമായി ലഭ്യമാക്കുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ പ്രഖ്യാപിച്ചു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ സിഎസ്ആര്‍ വിഭാഗമായ ആസ്റ്റര്‍ വോളണ്ടിയേഴ്സ് മുഖേന പ്രാവര്‍ത്തികമാക്കുന്ന പദ്ധതിയില്‍ കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി 1500 എംആര്‍ഐ,സിടി സ്‌കാന്‍ പരിശോധനകള്‍ സൗജന്യമായി ലഭ്യമാക്കും.

കൃത്യമായ രോഗനിര്‍ണയവും ശരിയായ ചികില്‍സയും തേടുന്നതിന് ആവശ്യമായ മെഡിക്കല്‍ പരിശോധനകള്‍ നടത്തുന്നതിനുളള ഉയര്‍ന്ന ചിലവ് താങ്ങാന്‍ സാധിക്കാത്ത നിരാലംബരും, സാമ്പത്തിക പ്രയാസം നേരിടുന്നവരുമായ നിരവധി രോഗികള്‍ക്ക് ഈ പദ്ധതി സഹായകമാകും. സാമ്പത്തിക പ്രയാസങ്ങള്‍ പലപ്പോഴും ഇത്തരം രോഗികളെ ആവശ്യമായ സമയത്ത് ചികിത്സ തേടാതെ നീട്ടിവെക്കുന്നതിലേക്കും, രോഗം ഗുരുതരമായി സങ്കീര്‍ണ്ണ ഘട്ടത്തിലെത്തിയതിനുശേഷം മാത്രം രോഗ നിര്‍ണയം നടത്തുന്നതിലേക്കും കൊണ്ടുചെന്നെത്തിക്കുന്ന സാഹചര്യം നിലവിലുണ്ട്.

ഗുരുതരമായ രോഗങ്ങള്‍ കണ്ടെത്തുന്നതിനായുളള സിടി സ്‌കാനുകള്‍, എംആര്‍ഐ പോലുള്ള ചെലവേറിയ മെഡിക്കല്‍ പരിശോധനകള്‍ ആവശ്യമുള്ള നിരവധി രോഗികളെ തങ്ങള്‍ പലപ്പോഴും കാണുന്നുവെന്നും. നിര്‍ഭാഗ്യവശാല്‍, സാമ്പത്തിക പ്രയാസങ്ങള്‍ കാരണം അവരില്‍ ചിലര്‍ക്ക് ഇത്തരം പരിശോധനകള്‍ നടത്താന്‍ സാധിക്കുന്നില്ലെന്നും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോക്ടര്‍ ആസാദ് മൂപ്പന്‍ പറഞ്ഞു. മെച്ചപ്പെട്ട ചികിത്സയിലൂടെ സമയബന്ധിതമായ രോഗനിര്‍ണ്ണയത്തിലൂടെ അവരെ രക്ഷിക്കാന്‍ കഴിയുമെന്നതാണ് യാഥാര്‍ഥ്യം. ആസ്റ്റര്‍ വൊളണ്ടിയേര്‍സ് വഴി ഉയര്‍ന്ന നിലവാരമുളള മെഡിക്കല്‍ പരിശോധനകള്‍ സൗജന്യമായി നല്‍കിക്കൊണ്ട് ഈ ഉദ്യമം അങ്ങിനെയുളള രോഗികള്‍ക്ക് സഹായകമായി പ്രവര്‍ത്തിക്കുമെന്നും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

എംആര്‍ഐ, സിടി സ്‌കാന്‍ എന്നീ മെഡിക്കല്‍ പരിശോധനകളാണ് ഈ ഉദ്യമത്തിന്റെ ഭാഗമായി നല്‍കാന്‍ ഉദ്ദേശിക്കുന്നത്. പരിശോധന നടത്താന്‍ ആഗ്രഹിക്കുന്ന ഏതൊരു രോഗിക്കും അതത് രാജ്യങ്ങളിലെ ആസ്റ്റര്‍ സ്ഥാപനങ്ങളിലെത്തി ഇതിനായുളള അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അതുകൂടാതെ ആസ്റ്ററിലെ ഡോക്ടര്‍മാരുടെയും, പുറത്തുളള മറ്റ് ഡോക്ടര്‍മാരുടെയും റഫറന്‍സിലൂടെയും, എന്‍ജിഒകള്‍, സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍, മെഡിക്കല്‍ കോളേജുകള്‍, മെഡിക്കല്‍ അതോറിറ്റികള്‍ എന്നിവയുടെ റഫറന്‍സുകളിലൂടെയും അതത് രാജ്യങ്ങളിലെ ആസ്റ്റര്‍ യൂണിറ്റുകളിലൂടെ അര്‍ഹരായ രോഗികള്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താമെന്നും ആസ്റ്റര്‍ ഗ്രൂപ്പ് അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it