Latest News

മൂന്നിയൂരിനെ തരിശുനിലരഹിത പഞ്ചായത്താക്കാനുറപ്പിച്ച് യുവകര്‍ഷകന്‍ വി സി ജയ്‌സല്‍

മൂന്നിയൂരിനെ തരിശുനിലരഹിത പഞ്ചായത്താക്കാനുറപ്പിച്ച് യുവകര്‍ഷകന്‍ വി സി ജയ്‌സല്‍
X

മൂന്നിയൂര്‍: മൂന്നിയൂര്‍ പഞ്ചായത്ത്, കൃഷിഭവന്‍ പരിധിയില്‍പ്പെട്ട പാപ്പന്നുര്‍ പാടശേഖരത്തില്‍ 30 വര്‍ഷമായി തരിശായി കിടന്ന ഏക്കറുകണക്കിന് ഏക്കര്‍ പാടത്ത് വി സി ജയ്‌സല്‍ എന്ന യുവകര്‍ഷകന്‍ കൃഷിയിറക്കി നാടിനും യുവാക്കള്‍ക്കും മാതൃകയായി. പരപ്പനങ്ങാടി എ ആര്‍ നഗര്‍, മൂന്നിയൂര്‍ എന്നീ കൃഷിഭവന്‍ പരിധികളിലായി 175 ഏക്കര്‍ നിലത്ത് നെല്‍കൃഷി ചെയ്തുവരുന്ന ജയ്‌സല്‍ നിരവധി കര്‍ഷക അവാര്‍ഡുകളും നേടിയിട്ടുണ്ട്.

പാപ്പന്നൂര്‍ ഏലായില്‍ തരിശായി കിടന്ന സ്ഥലത്താണ് നെല്‍കൃഷി ചെയ്യുന്നത്. വൈദ്യുതി കണക്ഷന്‍ ഇല്ലാത്തതുകൊണ്ട് പാടശേഖരത്തില്‍ ആധുനിക രീതിയില്‍ സ്ഥാപിച്ച സോളാര്‍ ഉപയോഗിച്ച് മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചാണ് ജലസേചനം നടത്തുന്നത്. കാലങ്ങളായി വേലിയേറ്റത്തില്‍ ഉപ്പുവെള്ളം കയറുന്നതിനാല്‍ നെല്‍കൃഷി പാടെ ഉപേക്ഷിച്ചിരുന്ന പാടത്ത് പലകയിട്ട് അത് തടയുകയായിരുന്നു. സംയോജിത കൃഷിരീതിയാണ് ജയ്‌സല്‍ അവലംബിച്ചത്. നെല്‍കൃഷിക്ക് പുറമെ വാഴ, പച്ചക്കറി, പശു, ആട്, കോഴി തുടങ്ങി മറ്റു കൃഷികളും ഈ യുവകര്‍ഷകന്‍ ചെയ്തുവരുന്നു.

നാട്ടില്‍ യുവാക്കള്‍ക്ക് പണിയില്ലാതെ ഓടി നടക്കുന്ന സമയത്തും അനേകം തൊഴിലാളികള്‍ക്ക് പണി നല്‍കികൊണ്ട് കാര്‍ഷികരംഗം കെട്ടിപ്പടുക്കുന്ന ജയ്‌സലിന് മൂന്നിയൂര്‍ കൃഷി ഓഫിസര്‍ രേഷ്മയും കൃഷി അസിസ്റ്റന്റ് നൗഫിദായും എല്ലാ സാങ്കേതിക സഹായങ്ങളും നല്‍കി ഒപ്പമുണ്ട്. വാര്‍ഡ് മെമ്പറായ നൗഷാദ് പ്രാദേശികമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തു.

മൂന്നിയൂര്‍ പഞ്ചായത്ത് പരിധിയില്‍പ്പെട്ട മറ്റൊരു പാടത്ത് 50 ഏക്കറോളം വരുന്ന തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് ജയ്‌സല്‍. വേലിയേറ്റ സമയത്ത് ഉപ്പു വെള്ളം കയറുന്നതു കാരണം കൃഷി മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയാതെ ഹെക്ടര്‍ കണക്കിന് പാടങ്ങള്‍ മൂന്നിയൂര്‍ പഞ്ചായത്ത് പരിധിയില്‍ തരിശായി കിടക്കുന്നുണ്ട്. ഈ കാരണത്താല്‍ സാധാരണക്കാരായ കര്‍ഷകര്‍ക്ക് ആര്‍ക്കും തന്നെ നെല്‍കൃഷി ചെയ്യാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ ഉപ്പുവെള്ളം പാടത്തു കയറുന്നത് തടയാനുള്ള ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിത്തരണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

മൂന്നിയൂര്‍ പഞ്ചായത്തിനെ തരിശുരഹിത പഞ്ചായത്ത് ആക്കാനുള്ള പരിശ്രമത്തിലാണ് ജയ്‌സല്‍. വിത്ത്, കുമ്മായം എന്നിവ കൃഷിഭവനില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. തരിശ് നെല്‍കൃഷിക്കുള്ള ആനുകൂല്യങ്ങളും കൃഷി ഭവനില്‍ നിന്നും ലഭിക്കും എന്ന് കൃഷി ഓഫിസര്‍ അറിയിച്ചിട്ടുണ്ട്. രാവിലെ 10 മണിക്ക് പാപ്പന്നൂര്‍ പാടശേഖരത്തില്‍ വച്ച് നടന്ന നടീല്‍ ഉത്സവം മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ എം സുഹറാബി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സിപി സുബൈദ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജാസ്മിന്‍, വാര്‍ഡ് മെമ്പര്‍ നൗഷാദ്, കൃഷി ഓഫിസര്‍ രേഷ്മ എന്‍, കൃഷി അസിസ്റ്റന്റ് നൗഫിദാ ബീവി, പാടശേഖര സമിതി കണ്‍വീനര്‍ ഇല്ലിക്കല്‍ മുഹമ്മദ് കുട്ടി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it