Latest News

വനിതാ സംവരണ ഭേദഗതി ബില്ല്; ഇന്നും നാളെയും ലോക്സഭയില്‍ ചര്‍ച്ച

വനിതാ സംവരണ ഭേദഗതി ബില്ല്; ഇന്നും നാളെയും ലോക്സഭയില്‍ ചര്‍ച്ച
X

ന്യൂഡല്‍ഹി: ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആക്കി ഉയര്‍ത്തി വനിതാ സംവരണം നടപ്പിലാക്കാനുളള ഭരണഘടനാ ഭേദഗതി ബില്ല് ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മെഗ്വാളാണ് ബില്ല് ലോക്‌സഭയില്‍ അവതരിപ്പിക്കുക. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ ബില്ല് പാസാകും. സംവരണത്തിന്റെ മറവില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്താനുളള കേന്ദ്രനീക്കത്തെ ശക്തമായി എതിര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വനിതാ സംവരണ ഭേദഗതി ബില്ല്, മണ്ഡല പുനര്‍നിര്‍ണയ ബില്ല്, കേന്ദ്രഭരണ നിയമ ഭേദഗതി എന്നിങ്ങനെ മൂന്ന് ബില്ലുകളാണ് കേന്ദ്രം കൊണ്ടുവരുന്നത്. മൂന്ന് ബില്ലുകളേയും എതിര്‍ത്ത് വോട്ട് ചെയ്യാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.

വനിതാ സംവരണ ബില്ലില്‍ ഇന്നും നാളെയുമായി ലോക്‌സഭയില്‍ 18 മണിക്കൂര്‍ ചര്‍ച്ച നടക്കുമെന്നാണ് വിവരം. ചര്‍ച്ചയുടെ ആദ്യദിനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസാരിച്ചേക്കും. രാജ്യസഭയില്‍ 16 മണിക്കുറുമാണ് ചര്‍ച്ചയ്ക്കു നിശ്ചയിച്ചിരിക്കുന്നത്. ബില്ല് ലോക്സഭ കടന്നാല്‍ ശനിയാഴ്ച്ച രാജ്യസഭയില്‍ അവതരിപ്പിക്കും. കേന്ദ്ര ബില്ലിനെതിരേ പ്രതിഷേധിച്ച് ഇന്ന് ഡിഎംകെ എംപിമാര്‍ കറുത്ത വസ്ത്രം ധരിച്ചാകും പാര്‍ലമെന്റിലെത്തുക.

സംസ്ഥാനങ്ങള്‍ക്ക് 815 സീറ്റുകളും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് 35 സീറ്റുകളും അനുവദിക്കുന്നതാണ് പുതിയ ബില്ല്. മണ്ഡല പുനര്‍നിര്‍ണയം 2026 സെന്‍സസ് പ്രകാരം വേണമെന്ന വ്യവസ്ഥ തിരുത്തിയാണ് ബില്ല് കൊണ്ടുവരുന്നത്. 2011ലെ സെന്‍സസ് പ്രകാരമായിരിക്കും 850 സീറ്റുകള്‍ നിശ്ചയിക്കുക. ആകെ സീറ്റുകളുടെ 33 ശതമാനമായ 283 സീറ്റുകള്‍ വനിതകള്‍ക്ക് സംവരണം ചെയ്യും. ഓരോ തിരഞ്ഞെടുപ്പിലും സംവരണ സീറ്റുകള്‍ മാറും. 543 അംഗ ലോക്സഭയില്‍ 360 പേരുടെ പിന്തുണയുണ്ടെങ്കിലെ ബില്ല് പാസാവുകയുളളു. എന്നാല്‍ എന്‍ഡിഎയ്ക്ക് 293 അംഗങ്ങള്‍ മാത്രമാണുളളത്. അതിനാല്‍ പ്രതിപക്ഷത്തിന്റെ പിന്തുണയില്ലാതെ ബില്ല് പാസാകില്ല. 244 അംഗ രാജ്യസഭയില്‍ 163 പേരുടെ പിന്തുണ ലഭിച്ചാലേ ബില്ല് പാസാവുകയുളളു. എന്‍ഡിഎയ്ക്ക് രാജ്യസഭയില്‍ 141 അംഗങ്ങളാണുളളത്.

മണ്ഡല പുനര്‍നിര്‍ണയത്തില്‍ തമിഴ്‌നാടിനെ കേട്ടില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ന് തമിഴ്‌നാട്ടിലുടനീളം കരിങ്കൊടി പ്രതിഷേധത്തിലും സ്റ്റാലിന്‍ ആഹ്വാനം ചെയ്തിരുന്നു. എല്ലാ വീട്ടിലും കരിങ്കൊടി ഉയര്‍ത്താനാണ് സ്റ്റാലിന്റെ ആഹ്വാനം. പൊതു ഇടങ്ങളിലും കരിങ്കൊടി ഉയര്‍ത്തണമെന്ന് ഡിഎംകെ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡല പുനര്‍നിര്‍ണയം ഉപയോഗിച്ച് അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണ് വനിതാ സംഭരണ ബില്ല് ഭേദഗതിയെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it