Latest News

യുവതി വീട്ടില്‍ പ്രസവിച്ചു; തുണിയില്‍ പൊതിഞ്ഞുവച്ച നവജാതശിശു മരിച്ചു

യുവതി വീട്ടില്‍ പ്രസവിച്ചു; തുണിയില്‍ പൊതിഞ്ഞുവച്ച നവജാതശിശു മരിച്ചു
X

കോട്ടയം: കടുത്തുരുത്തിയില്‍ വീട്ടില്‍ പ്രസവിച്ച യുവതിയെ രക്തം വാര്‍ന്ന് അവശനിലയില്‍ ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞെവിടെയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ലഭിക്കാതായതോടെ ആശുപത്രി അധികൃതര്‍ വീട്ടിലെത്തി പരിശോധന നടത്തി. മേശയ്ക്കു മുകളില്‍ തുണിയില്‍ പൊതിഞ്ഞുവച്ച നിലയില്‍ നവജാത ശിശുവിനെ അധികൃതര്‍ കണ്ടെത്തി. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു.

ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. കടുത്തുരുത്തി വെള്ളാശേരി തത്തപ്പള്ളി ആലുമ്മേല്‍ അനീഷിന്റെ ഭാര്യ കാര്‍ത്തിക(36)യാണ് വീട്ടില്‍ പ്രസവിച്ചത്. ഇവര്‍ക്ക് നാല് മക്കളുണ്ട്. രണ്ട് വയസുള്ള കുഞ്ഞ് പ്രസവസമയത്ത് കാര്‍ത്തികയുടെ കൂടെയുണ്ടായിരുന്നു. കുഞ്ഞിന്റെ ദേഹത്ത് രക്തം പറ്റിപ്പിടിച്ചിരിക്കുന്നതു കണ്ട അനീഷിന്റെ മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് കാര്‍ത്തികയെ രക്തത്തില്‍ കുളിച്ച നിലയില്‍ കട്ടിലില്‍ കണ്ടെത്തിയത്. ഉടനെ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ എത്തിച്ചു. നവജാതശിശുവിനെ തുണിയില്‍ പൊതിഞ്ഞ് മേശയ്ക്കു മുകളില്‍ വച്ചിരിക്കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. വീട്ടില്‍ പ്രസവിക്കാനിടയായ സാഹചര്യം അന്വേഷിക്കുന്നതായി പോലിസ് അറിയിച്ചു.

കടുത്തുരുത്തി എസ്എച്ച്ഒ ഡി രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം ആശുപത്രിയിലെത്തി അനീഷിന്റെ മൊഴിയെടുത്തു. കാര്‍ത്തിക ഗര്‍ഭിണിയാണെന്ന കാര്യം മറച്ചുവയ്ക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചിരുന്നതായി അയല്‍വാസികള്‍ മൊഴി നല്‍കി. കാര്‍ത്തികയെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. നവജാതശിശുവിന്റെ മൃതദേഹം മുട്ടുചിറ എച്ച്ജിഎം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it