Latest News

വാഹനാപകട കേസ്; നടന്‍ മണിയന്‍പിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് പരിശോധനാഫലം

വാഹനാപകട കേസ്; നടന്‍ മണിയന്‍പിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് പരിശോധനാഫലം
X

തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നിലുണ്ടായ വാഹനാപകട കേസില്‍ നടന്‍ മണിയന്‍പിള്ള രാജുവിന് ക്ലീന്‍ചിറ്റ്. വാഹനാപകടം നടക്കുന്ന സമയത്ത് നടന്‍ മണിയന്‍പിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയപരിശോധനയില്‍ സ്ഥിരീകരിച്ചു. കെമിക്കല്‍ ലാബില്‍നിന്നുള്ള പരിശോധനാഫലത്തിലാണ് അദ്ദേഹം മദ്യപിച്ചില്ലെന്ന കണ്ടെത്തലുള്ളത്. ഇതോടെ മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ഒഴിവാക്കി പോലിസ് കോടതിയില്‍ റിപോര്‍ട്ട് നല്‍കി. നിലവില്‍ 'ഹിറ്റ് ആന്‍ഡ് റണ്‍' കേസ് മാത്രമാണ് മണിയന്‍ പിള്ള രാജുവിനെതിരെയുള്ളത്.

ഫെബ്രുവരി അഞ്ചിന് രാത്രിയാണ് തിരുവനന്തപുരം വഴുതക്കാടുള്ള ട്രിവാന്‍ഡ്രം ക്ലബില്‍ നിന്ന് റോഡിലേക്കിറങ്ങിയ മണിയന്‍പിള്ള രാജുവിന്റെ കാര്‍ ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരിക്കേറ്റത്. അപകടത്തിന് പിന്നാലെ അദ്ദേഹം കാര്‍ നിര്‍ത്താതെ പോയിരുന്നു. ഭയന്ന് പോയതിനാലാണ് താന്‍ കാര്‍ നിര്‍ത്താതെ പോയതെന്നും ബൈക്ക് കാറില്‍ വന്ന് ഇടിക്കുകയായിരുന്നുവെന്നുമാണ് അന്ന് മണിയന്‍പിള്ള രാജു പ്രതികരിച്ചത്. പിറ്റേദിവസം മണിയന്‍ പിള്ള രാജുവിനെ പോലിസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

അറസ്റ്റിന് പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അമിതവേഗത്തിലല്ലെന്ന് വ്യക്തമായി. പക്ഷെ മദ്യപിച്ചാണോ വണ്ടിയോടിച്ചതെന്നതായിരുന്നു സംശയം. രാജു അന്നേ അത് നിഷേധിച്ചിരുന്നു. പക്ഷെ രക്തസാംപിള്‍ കെമിക്കല്‍ ലാബിലയച്ചുള്ള ശാസ്ത്രീയപരിശോധനക്ക് പോലിസ് തീരുമാനിച്ചു. രണ്ട് മാസത്തിന് ശേഷമെത്തിയ ആ പരിശോധനാഫലത്തില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യമില്ല. ഇതോടെ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന കുറ്റം ഇല്ലാതായി.

Next Story

RELATED STORIES

Share it