Latest News

'മഡൂറോയെ പോലെ മോദിയേയും ട്രംപ് തട്ടിക്കൊണ്ടുപോകുമോ?'; വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചൗഹാന്‍

മഡൂറോയെ പോലെ മോദിയേയും ട്രംപ് തട്ടിക്കൊണ്ടുപോകുമോ?; വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചൗഹാന്‍
X

മുംബൈ: വെനസ്വേലയില്‍ കടന്നുകയറി മഡൂറോയെ തട്ടിക്കൊണ്ടുപോയതുപോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ട്രംപ് തട്ടിക്കൊണ്ടുപോകുമോ എന്ന പരാമര്‍ശവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചൗഹാന്‍. വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്ക ലക്ഷ്യം വെച്ച പോലെ, നാളെ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രിയേയും 'തട്ടിക്കൊണ്ടുപോകുമോ' എന്ന് ദേശീയ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് യുഎസ് താരിഫുമായി ബന്ധപ്പെട്ട് പ്രതികരിക്കുമ്പോഴായിരുന്നു പരാമര്‍ശം.

ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്കുമേല്‍ ഏര്‍പ്പെടുത്തുന്ന താരിഫുകളെക്കുറിച്ച് സംസാരിക്കവെയാണ് ചൗഹാന്റെ പരാമര്‍ശം. 50 ശതമാനം താരിഫുകള്‍ ഏര്‍പ്പെടുത്തിയാല്‍ വ്യാപാരം സാധ്യമല്ലെന്നു പറഞ്ഞ ചൗഹാന്‍ ഇന്ത്യക്ക് മറ്റ് വിപണികള്‍ തേടേണ്ടിവരുമെന്നും പറഞ്ഞു. പിന്നാലെയായിരുന്നു വെനസ്വേലയെ ചൂണ്ടിക്കാട്ടിയുള്ള പരാമര്‍ശം. വെനിസ്വേലയില്‍ സംഭവിച്ചത് ഇന്ത്യയിലും ആവര്‍ത്തിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. മയക്കുമരുന്ന് കടത്ത് ആരോപിച്ചാണ് വെനിസ്വേലന്‍ പ്രസിഡന്റിനെ അമേരിക്ക വേട്ടയാടുന്നതെന്നു പറഞ്ഞ ചൗഹാന്‍, ട്രംപ് അടുത്തതായി ഇന്ത്യന്‍ പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടുപോകുമോ എന്ന സംശയമാണ് ഉന്നയിച്ചത്.

യുക്രെയ്ന്‍ യുദ്ധത്തിലും ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തിലും ഇന്ത്യ സ്വീകരിച്ച നിഷ്പക്ഷ നിലപാടിനേയും ചൗഹാന്‍ വിമര്‍ശിച്ചു. അന്താരാഷ്ട്ര വിഷയങ്ങളില്‍ അമേരിക്കയെ ഭയന്നാണ് ഇന്ത്യ മൗനം പാലിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വെനിസ്വേലയിലെ എണ്ണ ശേഖരത്തിലാണ് അമേരിക്കയുടെ കണ്ണെന്നും മഡൂറോയ്ക്കെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്നും ചൗഹാന്‍ വാദിച്ചു.

ചൗഹാന്റെ ഈ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസ് ഓരോ ദിവസവും അധഃപതിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യയെ വെനസ്വേലയുമായി താരതമ്യം ചെയ്ത് സംസാരിക്കാന്‍ ചൗഹാന് ലജ്ജയില്ലേ എന്നും ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ചോദിച്ചു. ഇന്ത്യയുടെ പരമാധികാരത്തേയും ലോകശക്തിയെന്ന നിലയിലുള്ള രാജ്യത്തിന്റെ അന്തസ്സിനേയും ചോദ്യം ചെയ്യുന്നതാണ് ഈ പ്രസ്താവനയെന്ന് ബിജെപി ആരോപിച്ചു.

ഡിസംബര്‍ മൂന്നിനാണ് യുഎസ് സേനയായ ഡെല്‍റ്റ ഫോഴ്സ് മഡൂറോയേയും സീലിയേയും വെനസ്വേലയില്‍ കടന്നുകയറി ബന്ദികളാക്കിയത്. പിന്നാലെ ഇരുവരേയും യുഎസിലെത്തിച്ചിരുന്നു. മയക്കുമരുന്ന് കടത്തും ആയുധവ്യാപാരവുമടക്കമുള്ള കുറ്റങ്ങളാണ് മഡൂറോയ്‌ക്കെതിരേ ചുമത്തിയിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയായിരുന്നു മഡുറോയേയും ഭാര്യയേയും ബന്ദിയാക്കിയ വിവരം ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസം മഡൂറോയെ മാന്‍ഹാട്ടന്‍ കോടതിയില്‍ വിചാരണക്ക് ഹാജരാക്കിയിരുന്നു. വിചാരണക്കിടയില്‍ തന്റെ മേല്‍ ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളും മഡൂറോ നിഷേധിച്ചിരുന്നു. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും മാന്യനായ ഒരു വ്യക്തിയാണ് താനെന്നുമാണ് മഡൂറോ കോടതിയില്‍ പറഞ്ഞത്. താന്‍ ഇപ്പോഴും വെനസ്വേലയുടെ പ്രസിഡന്റ് തന്നെയാണെന്നും തന്നെ അനധികൃതമായി തട്ടികൊണ്ടുവന്നതാണെന്നും മഡൂറോ വാദിച്ചു. കേസിലെ അടുത്ത വാദം മാര്‍ച്ച് 17ന് നടക്കും.

Next Story

RELATED STORIES

Share it