Cricket

ട്വന്റി-20 ലോകകപ്പ് നേടിയ സഞ്ജുവിനെ അഭിനന്ദിച്ച് വിരാട് കോഹ് ലിയും; 'നിന്നെക്കുറിച്ച് ഓര്‍ത്ത് വലിയ സന്തോഷം ചേട്ടാ'

ട്വന്റി-20 ലോകകപ്പ് നേടിയ സഞ്ജുവിനെ അഭിനന്ദിച്ച് വിരാട് കോഹ് ലിയും; നിന്നെക്കുറിച്ച് ഓര്‍ത്ത് വലിയ സന്തോഷം ചേട്ടാ
X

അഹമ്മദാബാദ്: ട്വന്റി-20 ലോകകപ്പിലെ മിന്നും പ്രകടനത്തോടെ പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റായ മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോഹ്‌ലി. ''അസാമാന്യ പ്രകടനം, മാന്‍ ഓഫ് ദ് ടൂര്‍ണമെന്റാകാന്‍ ഏറ്റവും അര്‍ഹനാനായ ആളാണ് സഞ്ജു സാംസണ്‍. ടീമിന് ആവശ്യമുള്ള ഘട്ടത്തില്‍ നീ മികച്ച പ്രകടനം പുറത്തെടുത്തു. നിന്നെക്കുറിച്ച് ഓര്‍ത്ത് വലിയ സന്തോഷം ചേട്ടാ.'' ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കോഹ്‌ലി കുറിച്ചു. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിനു പിന്നാലെ കോഹ്‌ലി പങ്കുവച്ച ഏക സ്റ്റോറിയും ഇതാണ്.

ലോകകപ്പിനു മുന്നോടിയായി ന്യൂസിലന്‍ഡിനെതിരായ അഞ്ച് മല്‍സരങ്ങളില്‍നിന്നു വെറും 46 റണ്‍സ് മാത്രം നേടിയതിനെത്തുടര്‍ന്ന് പ്ലേയിങ് ഇലവനില്‍നിന്ന് ഒഴിവാക്കപ്പെട്ട സഞ്ജു, അവിസ്മരണീയമായ തിരിച്ചുവരവാണ് നടത്തിയത്. നമീബിയയ്ക്കും സിംബാബ്വെക്കുമെതിരെ മികച്ച തുടക്കം ലഭിച്ചെങ്കിലും നീണ്ട ഇന്നിങ്‌സ് കളിക്കാനാകാതിരുന്ന സഞ്ജു, നിര്‍ണ്ണായകമായ മല്‍സരങ്ങള്‍ക്കായി തന്റെ മികച്ച പ്രകടനം കരുതിവച്ചു.

സെമിഫൈനല്‍ സ്ഥാനം ഉറപ്പിക്കാനുള്ള നിര്‍ണായക സൂപ്പര്‍ 8 മല്‍സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ നേടിയ 97*, സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 89, ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരെ നേടിയ മറ്റൊരു 89 റണ്‍സ് എന്നിവയിലൂടെ സഞ്ജു വിമര്‍ശകരുടെ വായടപ്പിച്ചു. തന്റെ മോശം ഫോമിനെയും സ്ഥിരതയില്ലായ്മയെയും കുറിച്ചുള്ള എല്ലാ വിമര്‍ശനങ്ങള്‍ക്കും കുറച്ചുകാലത്തേയ്‌ക്കെങ്കിലും ഇനി സ്ഥാനമില്ല.

ലോകകപ്പിലെ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് 80.25 ശരാശരിയിലും 199.37 സ്‌ട്രൈക്ക് റേറ്റിലും 27 ഫോറുകളും 24 സിക്സറുകളും സഹിതം 321 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. ടൂര്‍ണമെന്റിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് സഞ്ജു. ഒരു ട്വന്റി-20 ലോകകപ്പ് പതിപ്പില്‍ ഇന്ത്യക്കാരന്‍ നേടുന്ന ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന 2014ലെ വിരാട് കോലിയുടെ (319) റെക്കോര്‍ഡും സഞ്ജു മറികടന്നു. കൂടാതെ ട്വന്റി-20 ലോകകപ്പ് സെമിഫൈനലിലും ഫൈനലിലും അര്‍ധസെഞ്ചുറി നേടുന്ന ബാറ്റര്‍മാരുടെ പട്ടികയില്‍ വിരാടിനും പാക് താരം ഷാഹിദ് അഫ്രീദിക്കുമൊപ്പം ചേര്‍ന്നു.

ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് ഇന്നലെ സഞ്ജു സാംസണ്‍ നേടിയ 89 റണ്‍സ്. ന്യൂസീലന്‍ഡ് താരം കെയ്ന്‍ വില്യംസന്‍ (2021ല്‍ 85 റണ്‍സ്), വെസ്റ്റിന്‍ഡീസിന്റെ മര്‍ലോന്‍ സാമുവല്‍സ് (2016ല്‍ 85 റണ്‍സ്) എന്നിവരെയാണ് മറികടന്നത്. ശ്രീലങ്കന്‍ ഇതിഹാസം മഹേല ജയവര്‍ധനെ, ബാബര്‍ അസം, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, കുശാല്‍ മെന്‍ഡിസ്, സാഹിബ്‌സാദ ഫര്‍ഫാന്‍ എന്നിവര്‍ക്കു ശേഷം ലോകകപ്പില്‍ മൂന്ന് അര്‍ധസെഞ്ചറികള്‍ നേടുന്ന താരവുമായി സഞ്ജു സാംസണ്‍.





Next Story

RELATED STORIES

Share it