Latest News

ഉത്തരാഖണ്ഡിനെ ഹിന്ദു ആധ്യാത്മിക കേന്ദ്രമാക്കും; ഹിന്ദു കാര്‍ഡുമായി കെജ്രിവാള്‍ ഹരിദ്വാറില്‍

ഉത്തരാഖണ്ഡിനെ ഹിന്ദു ആധ്യാത്മിക കേന്ദ്രമാക്കും; ഹിന്ദു കാര്‍ഡുമായി കെജ്രിവാള്‍ ഹരിദ്വാറില്‍
X

ഹരിദ്വാര്‍; ഉത്തരാഖണ്ഡില്‍ ഹിന്ദു കാര്‍ഡുമായി ആം ആദ്മി പാര്‍ട്ടി മേധാവിയും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ആം ആദ്മി പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചാല്‍ ഉത്തരാഖണ്ഡിനെ ഹിന്ദുക്കളുടെ ആധ്യാത്മിക കേന്ദ്രമാക്കി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.

ഉത്തരാഖണ്ഡിന് അത്തരമൊരു പദവി ലഭിച്ചാല്‍ ടൂറിസം മേഖലയ്ക്ക് വികാസമുണ്ടാവുമെന്നും സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്നും അഭിവൃദ്ധിയുണ്ടാവുമെന്നും കെജ്രിവാള്‍ പറഞ്ഞു. കൂടാതെ യുവാക്കള്‍ക്ക് തൊഴിലും ലഭിക്കും. അയോധ്യയെ ബന്ധിക്കുന്ന പദ്ധതിയും വാഗ്ദാനങ്ങളിലുണ്ട്.

ഹരിദ്വാറില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് കെജ്രിവാള്‍ തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം പുറത്തുവിട്ടത്.

'ഞങ്ങള്‍ ഉത്തരാഖണ്ഡിനെ ഹിന്ദുക്കളുടെ ആഗോള ആധ്യാത്മിക ആസ്ഥാനമാക്കും. ടൂറിസത്തെ വികസിപ്പിക്കും. അത് ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കും'- കെജ്രിവാള്‍ പറഞ്ഞു.

മതകേന്ദ്രങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുമെന്നും അതിനുളള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അയോധ്യ ജ്യോതി ദര്‍ശനം ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്കും ലഭിക്കുമാറാക്കും. മുസ് ലിംകള്‍ക്ക് അജ്മീര്‍ ഷരീഫിലേക്കുള്ള യാത്രയ്ക്കുള്ള പദ്ധതികളും തയ്യാറാക്കും- ഡല്‍ഹിയിലെ അത്തരം പദ്ധതികള്‍ മാതൃകയായി അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.

ഡല്‍ഹിലെ മുഖ്യമന്ത്രി തീര്‍ത്ഥ യാത്ര യോജനയിലൂടെ ഇതുവരെ 40,000 പേര്‍ തീര്‍ത്ഥയാത്ര നടത്തിയെന്നും അദ്ദേഹം അറിയിച്ചു.

18 വയസ്സിനുമുകളില്‍ മുഴുവന്‍ സ്ത്രീകള്‍ക്കും 1000 രൂപയാണ് മറ്റൊരു വാഗ്ദാനം.

ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡിലെ തിരഞ്ഞെടുപ്പ്. മാര്‍ച്ച് 10ന് ഫലം പ്രഖ്യാപിക്കും.

Next Story

RELATED STORIES

Share it