Latest News

''മറ്റ് സമുദായങ്ങളില്‍ നിയമലംഘകരില്ലേ?''- ലോക്ക് ഡൗണ്‍ കാലത്ത് മുസ്‌ലിംകളെ വ്യാപകമായി അറസ്റ്റ് ചെയ്യുന്നതിനെതിരേ തെലങ്കാന ഹൈക്കോടതി

മറ്റ് സമുദായങ്ങളില്‍ നിയമലംഘകരില്ലേ?- ലോക്ക് ഡൗണ്‍ കാലത്ത് മുസ്‌ലിംകളെ വ്യാപകമായി അറസ്റ്റ് ചെയ്യുന്നതിനെതിരേ തെലങ്കാന ഹൈക്കോടതി
X

ഹൈദരാബാദ്: ലോക്ക് ഡൗണ്‍ കാലത്ത് മുസ്‌ലിംകളെ വ്യാപകമായി അറസ്റ്റ് ചെയ്യുന്നതിനെതിരേ തെലങ്കാന ഹൈക്കോടതി. മറ്റ് സമുദായങ്ങളില്‍ നിയമലംഘനങ്ങള്‍ കുറവായതുകൊണ്ടാണോ മുസ്‌ലിംകള്‍ വ്യാപകമായി അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് സംസ്ഥാനത്തെ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരോട് കോടതി ചോദിച്ചു. ഇതു സംബന്ധിച്ച ഒരു പൊതുതാല്‍പര്യ ഹരജി പരിഗണിക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസ് രാഘവേന്ദ്ര സിങ് ചൗഹന്‍ അധ്യക്ഷനും ജസ്റ്റിസ് വിജയസെന്‍ റെഡ്ഡി അംഗവുമായ ബെഞ്ച് ലോക്ക് ഡൗണ്‍ സമയത്ത് മുസ്‌ലിംകളെ വ്യാപകമായി അറസ്റ്റ് ചെയ്തതിനെതിരേ രംഗത്തെത്തിയത്.

''എന്തുകൊണ്ടാണ് പോലിസ് മുസ്‌ലിംകളെ വ്യാപകമായി അറസ്റ്റ് ചെയ്തത്? മറ്റ് സമുദായങ്ങളില്‍ നിയമലംഘകര്‍ ഇല്ലെന്നാണോ ഇതിനര്‍ഥം?'- കോടതി ആശ്ചര്യം പ്രകടിപ്പിച്ചു.

കറുത്തവര്‍ഗക്കാരന്‍ കൊല്ലപ്പെട്ടതിനെതിരേ അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ട മുന്നേറ്റങ്ങളെ കുറിച്ച് കോടതി പോലിസുകാരെ ഓര്‍മിപ്പിച്ചു. 'ആഫ്രിക്കന്‍ അമേരിക്കനായ ഒരാളെ പോലിസ് കൊന്നതിനുശേഷം യുഎസ്സില്‍ സംഭവിച്ചതെന്താണെന്ന് നോക്കൂ. ഇപ്പോള്‍ രാജ്യം മുഴുവന്‍ കത്തുകയാണ്''- പോലിസിലെ ഒരു ന്യൂനപക്ഷം അപകടകാരികളാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

മുസ്‌ലിംകളെ വ്യാപകമായി അറസ്റ്റ് ചെയ്യുന്നതിനെതിരേ സാമൂഹിക പ്രവര്‍ത്തകയായ ഷീല സാറ മാത്യുവാണ് പൊതുതാല്‍പര്യ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. അവര്‍ക്കുവേണ്ടി ഹാജരായ ദീപക് മിശ്ര പോലിസ് നടപടിക്കിടയില്‍ മുഖത്ത് മാത്രം 35 തുന്നലുകള്‍ ഇടേണ്ടിവന്ന ജുനൈദ് എന്നയാളുടെ ഉദാഹരണം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനിടയിലാണ് ജുനൈദിനെ പോലിസ് മര്‍ദ്ദിച്ചത്.

ഹരജിയില്‍ ഒരു ഇര പോലും തെളിവ് നല്‍കിയിട്ടില്ലെന്ന പോലിസിന്റെ വാദത്തെ കോടതി തള്ളി. ഇത് ഒറ്റപ്പെട്ട സംഭവമല്ല, മുഹമ്മദ് അസ്ഗര്‍ എന്നയാള്‍ പലചരക്ക് വാങ്ങാന്‍ പോകുമ്പോള്‍ പോലിസ് ലാത്തിച്ചാര്‍ജ്ജിനു വിധേയമായി കാലൊടിഞ്ഞതും കോടതി ചൂണ്ടിക്കാട്ടി. ഇവരെല്ലാം മുസ്‌ലിംകളായിപ്പോയതെന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.

കുറ്റവാളികളായ പോലിസുകാരെ കര്‍ശനമായി കൈകാര്യം ചെയ്യാന്‍ കോടതി ഡിജിപിയോട് ആവശ്യപ്പെട്ടു. ജൂണ്‍ 29നകം പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.

ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാല വിദ്യാര്‍ത്ഥിനി ആസിഫ് ഇക്ബാല്‍ തന്‍ഹയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയില്‍ കഴിഞ്ഞ മാസം ദില്ലി കോടതിയും സമാനമായ നിരീക്ഷണം നടത്തിയിരുന്നു. എന്തുകൊണ്ടാണ് അന്വേഷണം ഒരറ്റത്തെ മാത്രം ലക്ഷ്യമിടുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം.

Next Story

RELATED STORIES

Share it