Latest News

എന്തുകൊണ്ട് കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക ബില്ലുകള്‍ക്കെതിരേ തെരുവിലിറങ്ങുന്നു?

എന്തുകൊണ്ട് കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക ബില്ലുകള്‍ക്കെതിരേ തെരുവിലിറങ്ങുന്നു?
X

പ്രതിപക്ഷമുയര്‍ത്തിയ പ്രതിഷേധം അവഗണിച്ച് ലോക്‌സഭ മൂന്ന് കാര്‍ഷിക ബില്ലുകള്‍ പാസാക്കി. ഈ മൂന്ന് ബില്ലുകളും ജൂണ്‍ 5ന് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സായി പുറപ്പെടുവിച്ചവയായിരുന്നു. ഇതില്‍ ഒരെണ്ണം ലോക്‌സഭ ചൊവ്വാഴ്ച പാസ്സാക്കി, മറ്റ് രണ്ടെണ്ണം വ്യാഴാഴ്ചയും പാസ്സാക്കി. ബില്ല് പാസ്സാകുന്നതിനു മുമ്പു തന്നെ ഹരിയാന, രാജസ്ഥാന്‍, പഞ്ചാബ്, തെലങ്കാന തുടങ്ങിയ കാര്‍ഷിക പ്രധാനമായ സംസ്ഥാനങ്ങളില്‍ കനത്ത പ്രതിഷേധം തുടങ്ങി. കര്‍ഷകര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് തെരുവിലിറങ്ങി. പിന്നീട് മലക്കം മറിഞ്ഞെങ്കിലും കേന്ദ്ര മന്ത്രിസഭയിലെ അകാലിദള്‍ പ്രതിനിധിക്ക് തുടരാന്‍ കഴിയാത്തിടത്തോളം പ്രതിസന്ധി രൂക്ഷമായിരുന്നു. കേന്ദ്ര മന്ത്രിസഭയില്‍ ഭക്ഷ്യ സംസ്‌കരണ വകുപ്പ് മന്ത്രിയായിരുന്ന അകാലി ദളിലെ ഹര്‍സിമ്രത് കൗര്‍ ബാദല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ രാജി വച്ചൊഴിഞ്ഞു.

ഹര്‍സിമ്രത് കൗര്‍ ബാദല്‍


കര്‍ഷകര്‍ പ്രതിഷേധിക്കുന്ന മൂന്ന് ബില്ലുകള്‍ ഇവയാണ്: ഫാര്‍മേഴ്‌സ് ട്രേഡ് ആന്റ് കോമേഴ്‌സ്(പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍) ബില്ല്, 2020. ഫാര്‍മേഴ്‌സ് (എന്‍പവര്‍മെന്റ് ആന്റ് പ്രൊട്ടക്ഷന്‍) അഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്റ് ഫാം സര്‍വീസ് ബില്ല്, 2020. അവശ്യ സാധന വില നിയന്ത്രണ ഭേദഗതി നിയമം, 2020. പുതിയ നിയമങ്ങള്‍ നിലവിലുള്ള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിപണികളില്‍ നിന്നും വിപണി വിലകളില്‍ നിന്നും കര്‍ഷകരെ മോചിപ്പിക്കുമെന്നും അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യമായ വിലകിട്ടുമെന്നുമാണ് സര്‍ക്കാര്‍ വാദിക്കുന്നത്. കര്‍ഷകര്‍ക്ക് സ്വകാര്യ കക്ഷികളുമായി കരാറുകളില്‍ ഏര്‍പ്പെടാമെന്നും സര്‍ക്കാര്‍ പറയുന്നു. കര്‍ഷകര്‍ക്ക് പക്ഷേ, സര്‍ക്കാര്‍ വാദങ്ങളില്‍ വിശ്വാസമില്ല. ബില്ല് അവരുടെ അവസ്ഥ കൂടുതല്‍ പരിതാപകരമാക്കുമെന്നാണ് കര്‍ഷകര്‍ വാദിക്കുന്നത്.



ഫാര്‍മേഴ്‌സ് ട്രേഡ് ആന്റ് കോമേഴ്‌സ്(പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍) ബില്ല്, 2020

കാര്‍ഷിക ഉല്പന്ന വിപണന കമ്മിറ്റികള്‍ (അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി-എപിഎംസി) നിയന്ത്രിക്കുന്ന നോട്ടിഫൈ ചെയ്യപ്പെട്ട വിപണിക്ക് പുറത്ത് തങ്ങളുടെ ഉല്പന്നങ്ങള്‍ വില്‍ക്കാന്‍ ഈ നിയമം കര്‍ഷകരെ അനുവദിക്കുന്നു. കാര്‍ഷിക ഉല്പന്ന വിപണന കമ്മിറ്റികള്‍ക്കു പുറത്തുള്ള വിപണികളില്‍ നിന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മാര്‍ക്കറ്റ് ഫീസ്, സെസ് അല്ലെങ്കില്‍ ലെവി പിരിക്കാനാവില്ല. അന്തര്‍ സംസ്ഥാന വ്യാപാര തടസ്സങ്ങള്‍ നീക്കി കാര്‍ഷിക ഉല്‍പന്നങ്ങള്‍ ഇലക്ടോണിക് മാധ്യമങ്ങള്‍ വഴി വിറ്റഴിക്കാന്‍ ബില്ല് അനുമതി നല്‍കുന്നു. അത്തരം കച്ചവടത്തിന് ഒരു മാര്‍ഗനിര്‍ദേശം നല്‍കാനും വ്യവസ്ഥയുണ്ട്. കാര്‍ഷികോത്പന്നങ്ങള്‍ ഫാമുകളില്‍ നിന്ന് വാങ്ങുന്നതിന് ഇനി മുതല്‍ പ്രത്യേക ലൈസന്‍സ് ആവശ്യമില്ല, പാന്‍ കാര്‍ഡുള്ള ആര്‍ക്കും കര്‍ഷകരില്‍ നിന്ന് നേരിട്ട് ഉല്പന്നങ്ങള്‍ വാങ്ങാനാവും.

നോട്ടിഫൈഡ് ഏരിയക്ക് പുറത്ത് എന്നാല്‍ എന്താണ് അര്‍ത്ഥമെന്നാണ് ബില്ലിനെതിരേയുള്ള കര്‍ഷകരുടെ ആദ്യ ചോദ്യം. കാര്‍ഷിക മേഖലയില്‍ ഇപ്പോള്‍ നിലവിലുള്ള കമ്മീഷന്‍ ഏജന്റ് സംവിധാനം നിലനിര്‍ത്തണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. പഴയ സംവിധാനത്തില്‍ കമ്മീഷന്‍ ഏജന്റുമാരുടെ സാമ്പത്തികാവസ്ഥ അവര്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ തന്നെ ഉറപ്പുവരുത്തുന്നതുകൊണ്ട് ആ വ്യവസ്ഥ നല്ലതാണെന്നാണ് കര്‍ഷകരുടെ അഭിപ്രായം. തങ്ങള്‍ക്ക് കാര്‍ഷിക വിപണികളില്‍ നിന്ന് ലഭിക്കേണ്ട സെസ്സും വിവിധ നികുതികളും ഇല്ലാതാവുന്നതോടെ സംസ്ഥാനത്തിന്റെ നല്ലൊരു വരുമാന സ്രോതസ്സ് ഇല്ലാതാവുമെന്നാണ് സംസ്ഥാന സര്‍ക്കാരുകളുടെ പരാതി.

ഫാര്‍മേഴ്‌സ് (എന്‍പവര്‍മെന്റ് ആന്റ് പ്രൊട്ടക്ഷന്‍) അഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്റ് ഫാം സര്‍വീസ് ബില്ല്, 2020

കരാര്‍ കൃഷിയുമായി ബന്ധപ്പെട്ട നിയമങ്ങളും സംസ്ഥാനങ്ങളിലെ കാര്‍ഷിക ഉല്പന്ന വിപണന കമ്മിറ്റികളുമായി ബന്ധപ്പെട്ട നിയമങ്ങളും ഏകീകരിക്കാന്‍ ബില്ല് വ്യവസ്ഥ ചെയ്യുന്നു. കാര്‍ഷിക ഉല്പന്നങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനുമുള്ള വ്യാപാര കരാറുകളുടെ ഒരു ചട്ടക്കൂട് ഇത് വ്യവസ്ഥ ചെയ്യുന്നുണ്ട്. പുതിയ നിയമമനുസരിച്ച് കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്പന്നങ്ങള്‍ക്ക് മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച വിലയില്‍ കോര്‍പറേറ്റുകളുമായി ഒരു കരാറില്‍ ഏര്‍പ്പെടാനാവും.

വില നിര്‍ണയിക്കാനുള്ള നിര്‍ദ്ദിഷ്ട സംവിധാനം ഈ ബില്ല് വ്യവസ്ഥ ചെയ്യുന്നില്ലെന്നാണ് ഇതിനെതിരേയുള്ള കര്‍ഷകരുടെ ആക്ഷേപം. ശക്തമായ കോര്‍പറേറ്റുകള്‍ക്ക് കര്‍ഷകര്‍ക്കു മുകളില്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ നടപ്പാക്കാനും മേല്‍ക്കൈ നേടാനും ഇതു വഴിയൊരുക്കുമെന്ന് അവര്‍ കരുതുന്നു.

അവശ്യസാധന വില നിയന്ത്രണ ഭേദഗതി നിയമം, 2020

പഴയ അവശ്യ സാധന വില നിയന്ത്രണ ഭേദഗതി നിയമത്തെ അടിമുടി മാറ്റുന്ന വ്യവസ്ഥകളാണ് ഈ ഭേദഗതിയില്ലുളളത്. മാത്രമല്ല, ഇക്കാലമത്രയും അവശ്യവസ്തുക്കളായി കരുതിയിരുന്ന ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍, ഭക്ഷ്യ എണ്ണകള്‍, സവാള, ഉരുളക്കിഴങ്ങ് എന്നിവ അവശ്യവസ്തുക്കളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുകയാണ് ബില്ലിന്റെ ലക്ഷ്യം. ഭക്ഷ്യവസ്തുക്കളുടെ ഉല്‍പാദനം, സംഭരണം, വിതരണം തുടങ്ങിയവയില്‍ നിലനിന്നിരുന്ന എല്ലാ നിയന്ത്രണങ്ങളും പുതിയ നിയമം പൊളിച്ചെഴുതുന്നു. രാജ്യത്തെ ഭക്ഷ്യസുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന ഈ നിയമം ദരിദ്രജനതയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.

സംസ്ഥാനങ്ങള്‍ രൂപം കൊടുത്ത കാര്‍ഷിക ഉല്പന്ന വിപണ കമ്മിറ്റികള്‍ കര്‍ഷകര്‍ക്ക് മതിയായ വില നല്‍കുന്നില്ലെന്ന ആരോപണമുയര്‍ത്തിയാണ് പുതിയ ബില്ല് കേന്ദ്രം കൊണ്ടുവന്നത്. സ്വകാര്യ വ്യാപാരികള്‍(കോര്‍പറേറ്റുകള്‍) മതിയായ വില നില്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. പക്ഷേ, കഴിഞ്ഞ രണ്ട് ദശകമായി വിവിധ നിയമനിര്‍മാണങ്ങള്‍ വഴി കര്‍ഷകരുടെ കൃഷിയിടങ്ങള്‍ വിത്തും കീടനാശിനിയും വളങ്ങളും ഉപയോഗിച്ച് നിയന്ത്രിക്കുന്ന കോര്‍പറേറ്റുകളെ കര്‍ഷകര്‍ക്ക് വിശ്വാസമില്ല. പല നിലകളിലുള്ള പ്രാദേശിക ഏജന്റുമാര്‍ അടങ്ങുന്ന ഇന്നത്തെ സംവിധാനം നല്‍കുന്ന വിലപേശല്‍ അധികാരം പോലും പുതിയ നിയമം വഴി ലഭിക്കില്ലെന്നാണ് അവര്‍ വിശ്വസിക്കുന്നത്.

മാത്രമല്ല, നിലവിലുളള കാര്‍ഷിക ഉല്‍പ്പന്ന വിപണ കമ്മിറ്റി സംവിധാനത്തില്‍ കര്‍ഷകര്‍ ഞെരിഞ്ഞമരുകയാണെന്ന നിലപാട് മുന്നോട്ട് വയ്ക്കുന്ന ഈ നിയമത്തിന്റെ നിലപാടു തന്നെ വസ്തുതാവിരുദ്ധമാണ്. കൂടുതല്‍ വില ലഭിക്കുകയാണെങ്കില്‍ ഈ സംവിധാനത്തിനു പുറത്ത് ഇപ്പോള്‍ തന്നെ കര്‍ഷകര്‍ സ്വന്തം ഉല്പന്നങ്ങള്‍ വിറ്റഴിക്കാറുണ്ട്. 2012-13 ലെ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വേ റിപോര്‍ട്ട് അത്തരം സൂചനകള്‍ നല്‍കുന്നു. ജൂലൈ 2012, ജൂണ്‍ 2013 കാലത്തെ കണക്കനുസരിച്ച് 31 വിളവുകളില്‍ 29ഉം കൂടുതല്‍ വാങ്ങിയത് സ്വകാര്യ കച്ചവടക്കാരാണ്. രണ്ട് ഉല്പന്നങ്ങളുടെ കാര്യത്തില്‍ മാത്രമാണ് കമ്മിറ്റി മുന്നിലെത്തിയത്.

കാര്‍ഷിക വിപണിയില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ കുറയ്ക്കുകയാണ് ഈ ബില്ലിലൂടെ കേന്ദ്രം ചെയ്യുന്നത്. ആ സ്ഥാനത്ത് കോര്‍പറേറ്റുകളെ കൊണ്ടുവരികയും ചെയ്യുന്നു. എന്നാല്‍ കാര്‍ഷിക വിപണിയില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ കുറയ്ക്കുകയെന്ന നിലപാടിന് എതിരാണ് ഇന്ത്യന്‍ കര്‍ഷകരെന്നതാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല, അതുവഴി സാധ്യമാകുന്ന താങ്ങുവില സമ്പ്രദായത്തെ ഇന്ത്യന്‍ കര്‍ഷകര്‍ ഏറെ വിലമതിക്കുകയും ചെയ്യുന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ ഒരു സര്‍വേയല്‍ 50% ത്തിലധികം കര്‍ഷകരും താങ്ങുവില സമ്പ്രദായം തങ്ങള്‍ക്ക് ഗുണകരമാണെന്ന അഭിപ്രായമുളളവരാണ്.

Next Story

RELATED STORIES

Share it