Emedia

പ്രധാനമന്ത്രിയുടെ 'ഐക്യദീപം' വരുത്തിവച്ച പ്രതിസന്ധിയെന്തായിരുന്നു? കെഎസ്ഇബി കണ്‍ട്രോള്‍ ആന്റ് പ്രൊട്ടക്ഷന്‍ എഞ്ചിനീയറുടെ കുറിപ്പ്

പെട്ടെന്ന് വൈദ്യുതിയുടെ ഉപഭോഗത്തിലുണ്ടാവുന്ന കുറവും വര്‍ധനവും വൈദ്യുതവിതരണത്തില്‍ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും

പ്രധാനമന്ത്രിയുടെ ഐക്യദീപം വരുത്തിവച്ച  പ്രതിസന്ധിയെന്തായിരുന്നു? കെഎസ്ഇബി കണ്‍ട്രോള്‍ ആന്റ് പ്രൊട്ടക്ഷന്‍ എഞ്ചിനീയറുടെ കുറിപ്പ്
X

തിരുവനന്തപുരം: കൊറോണ കാലത്ത് ജനങ്ങളുടെ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനു വേണ്ടി പ്രധാനമന്ത്രി നിര്‍ദേശിച്ച ഞായറാഴ്ചയിലെ വൈദ്യുതിവിളക്കുകളണച്ചുള്ള ദീപം കത്തിക്കല്‍ പരിപാടി ഇന്ത്യയിലെ വൈദ്യുതശ്യംഖലയെ കനത്ത പ്രതിസന്ധിയിലാണ് എത്തിച്ചത്. പെട്ടെന്ന് വൈദ്യുതിയുടെ ഉപഭോഗത്തിലുണ്ടാവുന്ന കുറവും അതുപോലെത്തന്നെ വര്‍ധനവും വൈദ്യുതവിതരണത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. പ്രാഥമിക വിലയിരുത്തലില്‍ 9 മണിയിലെ ലൈറ്റ് ഓഫാക്കലില്‍ മാത്രം ഇന്ത്യയില്‍ 25000 മെഗാവാട്ടിന്റെ കുറവ് വന്നു. കേരളത്തില്‍ 600-700 മെഗാവാട്ട്. എല്ലാ ജനറേറ്റിങ്ങ്, ലോഡ് ഡെസ്പാച്ച് സ്‌റ്റേഷനുകളിലും ഓപ്പറേറ്റര്‍മാര്‍, കണ്‍ട്രോള്‍ ആന്റ് പ്രൊട്ടക്ഷന്‍ എഞ്ചിനീയര്‍മാര്‍ ഒക്കെ ഇടപെട്ടുകൊണ്ട് ഫ്രീക്വന്‍സിയും വോള്‍ട്ടേജുമൊക്കെ നിയന്ത്രണ വിധേയമാക്കിയതുകൊണ്ടാണ് പൊടുന്നനെയുള്ള ഈ കുറവ് നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്. ഇതിനു വേണ്ട ആട്ടോമാറ്റിക് സംവിധാനങ്ങളില്‍ വേണ്ട മാറ്റം വരുത്തുകയും ചെയ്തു. എന്തായാലും അത് വിജയിച്ചു. പരാജയപ്പെട്ടിരുന്നെങ്കില്‍ കൊറോണ കാലത്ത് മറ്റൊരു ദുരന്തം കൂടി നാം കാണേണ്ടിവരുമായിരുന്നുവെന്നാണ് കെഎസ്ഇബിയിലെ കണ്‍ട്രോള്‍ ആന്റ് പ്രൊട്ടക്ഷന്‍ എഞ്ചിനീയറായ സി എന്‍ ജയരാജന്‍ പറയുന്നത്.

അദ്ദേഹം ഇതേ കുറിച്ച് എഴുതിയ ഒരു കുറിപ്പാണ് താഴെ'

ഇപ്പോഴാണ് ശ്വാസം നേരേ വീണത്....

രാത്രി 9 മണി മുതല്‍ 9 മിനിട്ട് നേരം എല്ലാ വൈദ്യുതി ദീപങ്ങളും അണയ്ക്കാനുള്ള പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം പുറത്തുവന്ന നിമിഷം മുതല്‍ ഇന്ത്യയില്‍ ഞാനടക്കമുള്ള എഞ്ചിനീയര്‍മാര്‍ തയ്യാറെടുപ്പുകളുടെ തിരക്കിലായിരുന്നു ...

ഇതുകൊണ്ടു തന്നെ ഫേസ്ബുക്കില്‍ എന്തെങ്കിലും എഴുതാനുള്ള മാനസികാവസ്ഥയും ഉണ്ടായിരുന്നില്ല ...

പിന്നെ എന്തുകൊണ്ട് ഇപ്പോള്‍ എഴുതുന്നു എന്നതിന് 'പ്രത്യേകം കാരണമുണ്ട്'' എന്നത് തന്നെയാണ് ഉത്തരം പറയാനുള്ളത്...

വിശദമായ കണക്കുകള്‍ വരാനിരിക്കുന്നുവെങ്കിലും പ്രാഥമിക വിലയിരുത്തലുകളില്‍ പോലും ഇന്ത്യയില്‍ 25000 മെഗാവാട്ടിന് മുകളില്‍ ഒറ്റയടിക്ക് 9 മണിക്ക് കുറവു വന്നു... (കൃത്യം കണക്കല്ല) കേരളത്തില്‍ എതാണ്ട് 6oo-7oo മെഗാവാട്ട് കുറവു വന്നു...

ഈ സമയത്ത് എല്ലാ ജനറേറ്റിങ്ങ്, ലോഡ് ഡിസ്പാച്ച് സ്‌റ്റേഷനുകളിലും ഓപ്പറേറ്റര്‍മാര്‍, എന്നെപ്പോലെയുള്ള കണ്‍ട്രോള്‍ ആന്റ് പ്രൊട്ടക്ഷന്‍ എഞ്ചിനീയര്‍മാര്‍ ഒക്കെ ഇടപെട്ടുകൊണ്ട് ഫ്രീക്വന്‍സിയും വോള്‍ട്ടേജുമൊക്കെ നിയന്ത്രണ വിധേയമാക്കി... ഇതിന് വേണ്ട ആട്ടോമാറ്റിക് സംവിധാനങ്ങളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയതിന് ശേഷമായിരുന്നു ഈ ഇടപെടലുകള്‍.

9 മണി 9 മിനിട്ടായപ്പോള്‍ ഇതിന് വിപരീതമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായി...

ഈ വീര ചരിത്രം അല്ല ഇവിടെ വിഷയം. കാരണം അതു ഞങ്ങളുടെ ജോലിയാണ്. അതു ചെയ്യാന്‍ ബാദ്ധ്യസ്ഥരാണ്.

എന്നാല്‍ ഇത്തരം ഒരു സംഭവം മുന്‍പുണ്ടായിട്ടില്ല. അതിനാല്‍ എല്ലാം കൈവിട്ടു പോകാവുന്ന സാദ്ധ്യതകളും മുന്നിലുണ്ടായിരുന്നു ... അതിനാലാണ് ഇത്രത്തോളം അച്ചടക്കത്തോടെ പ്രവര്‍ത്തിച്ച് ഈ സമയത്ത് പ്രശ്‌നങ്ങളൊന്നും ഉണ്ടാവാതെ ഭംഗിയായി കലാശിച്ചത്..

വായനക്കാരില്‍ പലര്‍ക്കും അറിവില്ലാത്ത, അനുഭവമില്ലാത്ത രണ്ടു സംഭവങ്ങള്‍ 2012 ജൂലൈ 30 , 31 തീയതികളില്‍ വടക്കേ ഇന്ത്യയിലെ വൈദ്യുതി ശൃംഖലയില്‍ സംഭവിച്ചിരുന്നു..

വൈദ്യുതി ശൃംഖല പരിപാലിക്കുന്നതില്‍ വന്ന ശ്രദ്ധയുടെയും എകോപനത്തിന്റെയും കുറവ് കൊണ്ടു മാത്രം ഈ ദിവസങ്ങളില്‍ വടക്കേ ഇന്ത്യയിലെ വൈദ്യുതി സമ്പൂര്‍ണ്ണമായി നഷ്ടപ്പെട്ടു... പടിഞ്ഞാറും കിഴക്കും കാര്യമായ തോതില്‍ തകരാറ് ബാധിച്ചു ...

അന്ന് 22 സംസ്ഥാനങ്ങള്‍ ഇരുട്ടിലായി ... 60 കോടി ജനങ്ങള്‍ക്ക് ആഗസ്റ്റ് ഒന്നു വരെ ദീപം കത്തിച്ച് വെളിച്ചം കാണേണ്ടി വന്നു... ഓടിക്കൊണ്ടിരുന്ന വൈദ്യുതി ട്രെയിനുകള്‍ നിശ്ചലമായി... വ്യവസായങ്ങള്‍ അടക്കം സകലതും നിര്‍ജീവമായി ..

ഇത് എന്തേ നമ്മളറിഞ്ഞില്ല എന്നതിന് കാരണമുണ്ട്. ദക്ഷിണേന്ത്യന്‍ വൈദ്യുതി ഗ്രിഡ് അത്രയ്ക്ക് അച്ചടക്കമുള്ളതാണ് ... അതിനാല്‍ വടക്കേ ഇന്ത്യയിലെ തകര്‍ച്ച പടിഞ്ഞാറും കിഴക്കും ബാധിച്ചപ്പോഴും തെക്കോട്ട് ബാധിച്ചില്ല.

പക്ഷേ പിന്നീട് കേന്ദ്ര വൈദ്യുതി മന്ത്രാലയം കാര്യങ്ങള്‍ കര്‍ശനമാക്കി ... ഇതിന്റെ ഫലമായി മൂന്നു മാസത്തിലൊരിക്കല്‍ ബാംഗ്ലൂരിലെ കേന്ദ്രത്തില്‍ ഇത്തരം തകരാറുകള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം മാസം തോറും ചര്‍ച്ച ചെയ്യുന്ന രീതി വന്നു... (ഈയുള്ളവന്‍ കെഎസ്ഇബിയെ പ്രതിനിധീകരിച്ച് വര്‍ഷങ്ങളായി ഈ മീറ്റിങ്ങുകളില്‍ മാസം തോറും പങ്കെടുക്കുന്നുണ്ട്..)

പറഞ്ഞു വന്നത് , ഇത്തരം വിളക്കു കെടുത്തലുകള്‍ക്ക് പിന്നില്‍ ഒരു അപകട സാദ്ധ്യത കൂടി ഉണ്ടായിരുന്നു എന്നതാണ്... ആ സമയത്ത് വലിയ ലോഡുകള്‍ വഹിക്കുന്ന ലൈനുകളോ ജനറേറ്ററുകളോ ഏതെങ്കിലും തകരാറായാല്‍ (ഈ ദീപം കെടുത്തുമ്പോഴുള്ള വ്യതിയാനങ്ങളുടെ ഫലമായി സംഭവിക്കാനുള്ള സാദ്ധ്യതകള്‍ അപ്പാടെ തള്ളിക്കളയാന്‍ പറ്റില്ല ) പിന്നീടുണ്ടാകുന്ന പുതിയ സാഹചര്യങ്ങള്‍ നമുക്ക് കൃത്യമായി പറയാന്‍ നമ്മള്‍ അത്തരം അനുഭവങ്ങളുടെ അഭാവത്തില്‍ സാദ്ധ്യമല്ലാത്തതിനാല്‍ (നമ്മള്‍ അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ വൈദ്യുതി ശൃഖലയില്‍ ബോധപൂര്‍വ്വം കുഴപ്പങ്ങള്‍ വരുത്തി ാീരസറൃശഹഹ െനടത്താറുണ്ട്. അത്തരം ഒരനുഭവം ഇവിടെയില്ല) ഒരു വൈദ്യുതിത്തകര്‍ച്ച തള്ളിക്കളയാന്‍ കഴിയില്ല ...

അപ്പോള്‍ പ്രധാനമന്ത്രി ഇത്തരമൊരു നിര്‍ദ്ദേശം പറയുമ്പോള്‍ ഇക്കാര്യം അറിയാവുന്ന സി ഇ എ അടക്കമുള്ള സ്ഥാപനങ്ങളിലെ ഉന്നതര്‍ അദ്ദേഹത്തെ ഈ ഗൗരവകരമായ കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തേണ്ടതായിരുന്നില്ലേ?

മറ്റേതെങ്കിലും സമയത്തായിരുന്നുവെങ്കില്‍ നമുക്ക് ഇതൊരു സാങ്കേതിക വെല്ലുവിളിയായി എടുത്ത് എല്ലാ തയ്യാറെടുപ്പുകളോടെ ഇതിനെ അഭിമുഖീകരിക്കാമായിരുന്നു ...

എന്നാല്‍ രാജ്യം ലോകത്തോടൊപ്പം അതിഭീകരമായ ഒരു പകര്‍ച്ച വ്യാധിയെ അഭിമുഖീകരിക്കും വേളയില്‍, നിരവധി രോഗികള്‍ അടിയന്തിര ചികിത്സ തേടി ആശുപത്രികളില്‍ കഴിയുമ്പോള്‍ , രോഗത്തിന്റെ വ്യാപനം ദിനം പ്രതി കൂടുമ്പോള്‍ അന്നത്തെപ്പോലെ വൈദ്യുതി ഗ്രിഡ് തകര്‍ന്നിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി?

കൂടുതല്‍ വിശദീകരിക്കുന്നില്ല ..

ജനങ്ങളുടെ ജാഗ്രതയാണ് , ഇടപെടലുകളാണ് ഭരണാധികാരികളെ തെറ്റുകളില്‍ നിന്ന് വഴിമാറ്റേണ്ടത് ...

Next Story

RELATED STORIES

Share it