Latest News

വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടില്ല; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടില്ല; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
X

തിരുവനന്തപുരം: വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടത് റദ്ദാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ നിയമസഭ പാസാക്കിയ ബില്‍ റദ്ദാക്കുന്നതിനുള്ള കരട് ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഏറെ വിവാദത്തിനും സമരത്തിനുമൊടുവില്‍ കൊണ്ടുവന്ന വിവാദ ബില്‍ റദ്ദാക്കിക്കൊണ്ടുള്ള റിപ്പീലിങ് ബില്‍ വ്യാഴാഴ്ച സഭയില്‍ അവതരിപ്പിച്ച് പാസാക്കും. റദ്ദാക്കല്‍ ബില്ലായതിനാല്‍ ബില്ലിന്‍മേലുള്ള പതിവ് നടപടിക്രമങ്ങള്‍ ആവശ്യമില്ല. പ്രതിപക്ഷത്തിന്റെയും ആവശ്യമായതിനാല്‍ ഇതില്‍ ചര്‍ച്ചയ്ക്ക് സാധ്യതയില്ല. സഭാസമ്മേളനത്തിനായി തയ്യാറാക്കിയ കാര്യവിവരപ്പട്ടികയില്‍ ബില്‍ ഉള്‍പ്പെട്ടിട്ടില്ല. ഔട്ട് ഓഫ് അജന്‍ഡയായാണ് ബില്‍ കൊണ്ടുവരിക.

വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട തീരുമാനത്തിനെതിരേര മുസ്‌ലിം സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ബില്‍ പാസാക്കി നിയമമായെങ്കിലും മുസ്‌ലിം സംഘടനകള്‍ എതിര്‍പ്പുയര്‍ത്തിയതിനാല്‍ ഇതുവരെ അതനുസരിച്ചുള്ള തുടര്‍നടപടികള്‍ മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയായിരുന്നു. ബോര്‍ഡിലേക്കുള്ള നിയമനത്തിന് പുതിയ സംവിധാനം കണ്ടെത്തും. അപേക്ഷ പരിശോധിക്കാന്‍ ഓരോ വര്‍ഷവും ഇന്റര്‍വ്യൂ ബോര്‍ഡ് സ്ഥാപിക്കുന്നതും പരിഗണനയിലുണ്ട്. വ്യാഴാഴ്ച നിയമസഭയില്‍ കക്ഷി നേതാക്കളുടെ യോഗം ചേര്‍ന്ന് ബില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കും.

വഖ്ഫ് നിയമനനിയമം മാറ്റാന്‍ ഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചിരുന്നു. മുസ്‌ലിം സമുദായ നേതാക്കളുടെ യോഗത്തില്‍ നല്‍കിയ ഉറപ്പ് പാലിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു. വഖ്ഫ് നിയമനം പിഎസ്‌സിക്ക് വിട്ടത് രഹസ്യതീരുമാനമല്ല. അന്ന് ലീഗിന്റെ ഭാഗത്തു നിന്നും ഉയര്‍ന്ന ഏകപ്രശ്‌നം നിലവിലെ ജീവനക്കാര്‍ക്ക് ജോലി പോവുമെന്നായിരുന്നു. എന്നാല്‍, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്ന് പറഞ്ഞു. അങ്ങനെയാണ് പ്രമേയം സഭ പാസാക്കിയതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

2016 ജൂലൈ 19നാണ് വഖ്ഫ് ബോര്‍ഡിന്റെ യോഗം ഒഴിവുവരുന്ന തസ്തികകളിലേക്ക് പിഎസ്‌സി മുഖേനെ നിയമനം നടത്തുന്നതിന് തത്വത്തില്‍ തീരുമാനമെടുക്കുന്നത്. ഇതുസംബന്ധിച്ച പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ നിയമസഭ പാസാക്കി. ബില്‍ വിശദപരിശോധനക്കായി സബ്ജക്ട് കമ്മിറ്റിക്ക് വിട്ടിരുന്ന ഘട്ടത്തിലോ നിയമസഭയിലെ ചര്‍ച്ചകളിലോ വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടരുതെന്ന ആവശ്യം ആരും ഉന്നയിച്ചിരുന്നില്ല എന്നുള്ളതാണ് വസ്തുത. നിയമനിര്‍മാണത്തെ തുടര്‍ന്ന് മുസ്‌ലിം സാമുദായിക സംഘടനകള്‍ ചില ആശങ്കകള്‍ പ്രകടിപ്പിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി സഭയില്‍ വിശദീകരിച്ചിരുന്നു.

Next Story

RELATED STORIES

Share it